കോന്നി: കാനനപാതയില്‍ വികസനം പാടില്ലെന്ന നയം വരുന്നതോടെ വനം ഇക്കോ ടൂറിസം പദ്ധതികള്‍ക്കും വെല്ലുവിളി. ജില്ലയിലെ വനമേഖലകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള അച്ചന്‍കോവില്‍, ഗവി ടൂറിസം പദ്ധതികള്‍ക്കാണ് പുതിയ നയം കടയ്ക്കല്‍ കത്തി വീണിരിക്കുന്നത്.
അച്ചന്‍കോവില്‍ നിന്നാരംഭിക്കുന്ന കാനനപാത കോന്നി, ചിറ്റാര്‍, ആങ്ങമൂഴി, ഗവി വഴി വണ്ടിപ്പെരിയാറിലെത്തി കൊടൈക്കനാല്‍ വരെ നീളുന്ന ടൂറിസം പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മലയോര ഹൈവേ എന്ന പേരില്‍ അച്ചന്‍കോവില്‍ - പ്ലാപ്പള്ളി പാതയ്ക്ക് നിര്‍ദേശമുണ്ടായി. ഇതിന് അനുബന്ധമായാണ് അന്തര്‍സംസ്ഥാന പാതയ്ക്കുള്ള നിര്‍ദേശം വന്നത്. പാതയുടെ നല്ലൊരു പങ്കും വനമേഖലയിലൂടെയായതിനാലാണ് അനുമതി പ്രതിസന്ധിയിലാകുന്നത്.
ഗവി റൂട്ടില്‍ നിലവില്‍ സഞ്ചാരികളുടെ നല്ല തിരക്കുണ്ട്. ഇതു നിയന്ത്രിക്കണമെന്ന ആവശ്യം വനംവകുപ്പ് പലതവണ മുന്നോട്ടുവച്ചിരുന്നു. വനംവകുപ്പിനാണ് നിയന്ത്രണമെന്നതിനാല്‍ പ്രതിദിനം കടത്തിവിടുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകളാണ് ഗവി റൂട്ടിലൂടെയുള്ളത്.
കൂടുതല്‍ സര്‍വീസുകള്‍ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ പാക്കേജ് ടൂറിസം പദ്ധതിക്കു പോലും വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ല. അച്ചന്‍കോവില്‍ കാനനപാതയിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിനെ ആദ്യംമുതല്ക്കേ വനംവകുപ്പിന് എതിര്‍പ്പുണ്ട്. കാട്ടാനകളുടെ വിഹാരകേന്ദ്രമായ പാതയിലെ യാത്ര അപകട സാധ്യതയുള്ളതാണെന്നാണ് വകുപ്പിന്റെ നിലപാട്.
ശബരിമല തീര്‍ഥാടകരുടെ പാത
തമിഴ്നാട്ടിലെ ചെങ്കോട്ട വഴി എത്തുന്നവര്‍ക്ക് സംസ്ഥാനപാതയിലെ തിരക്ക് ഒഴിവാക്കി അച്ചന്‍കോവില്‍, കല്ലേലി, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, പ്ലാപ്പള്ളി വഴി പമ്പയിലേക്കു പോകാന്‍ എളുപ്പമാര്‍ഗമായിരുന്നു നിര്‍ദിഷ്ട പാത. അച്ചന്‍കോവില്‍ ക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ ഇപ്പോള്‍തന്നെ കല്ലേലി വഴിയുള്ള കാനനപാത ഉപയോഗിക്കാറുണ്ട്. തീര്‍ഥാടനകാലത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇതുവഴി പരിഗണിച്ചിരുന്നെങ്കിലും വനംവകുപ്പ് അനുമതി നല്‍കിയില്ല.
ആങ്ങമൂഴി - ഗവി - വണ്ടിപ്പെരിയാര്‍ പാത വികസിപ്പിച്ചാലും തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടും. എന്നാല്‍ കാനനമധ്യത്തിലൂടെയുള്ള പാതയിലൂടെ യാത്ര നിയന്ത്രിക്കണമെന്നു തന്നെയാണ് വനംവകുപ്പിന്റെ അഭിപ്രായം.
തെങ്കാശി - കൊടൈക്കനാല്‍ പാത
യുഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത തെങ്കാശി - കൊടൈക്കനാല്‍ പാത യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ തന്നെ മാറ്റമുണ്ടാകുമെന്ന അഭിപ്രായമുണ്ട്.
ചെങ്കോട്ട,- പുനലൂര്‍ - കോന്നി ഹൈവേയ്ക്കു സമാന്തരമായി കാനനപാത യാഥ്യാര്ഥ്യമായാല് വനാന്തര ഗ്രാമങ്ങളുടെ വികസനത്തിനും ഗുണകരമാകും.
നിലവില്‍ വനത്തിലൂടെ പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെ അച്ചന്‍കോവില്‍ ക്ഷേത്രവും കോട്ടവാസല്‍ മലനിരകളും കടന്ന കേരള അതിര്‍ത്തി പിന്നിട്ട് തിരുമല കോവിലില്‍ തീര്‍ഥാടനം നടത്തുന്ന മലയാളികളുടെ എണ്ണം ഏറെയുണ്ട്. കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ ഈ പാതയോരത്തു വരും.
പരിസ്ഥിതി സൗഹൃദ യാത്ര
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടു വനംവകുപ്പ് തന്നെ മുന്‍കൈയെടുത്തു നടത്തുന്ന ഇക്കോ ടൂറിസം പദ്ധതിയുടെ കീഴിലുള്ള പ്രദേശങ്ങളാണിവ. കോന്നി ആനത്താവളവും അടവിയിലെ ഇക്കോ ടൂറിസവും ഗവി ടൂറിസവുമെല്ലാം കോര്‍ത്തിണക്കി പദ്ധതി തയാറാക്കിയിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി അച്ചന്‍കോവില്‍ വനയാത്രയും ഉള്‍പ്പെടുന്നതാണ്.
എന്നാല്‍ കാനനപാതയുടെ ശോച്യാവസ്ഥ കാരണം ടൂറിസം പദ്ധതിയുടെ നടത്തിപ്പില്‍ വെല്ലുവിളികളുണ്ട്. നിയന്ത്രണങ്ങളോടെയുള്ള യാത്രയാണ് വനംവകുപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ ക്രമീകരണങ്ങള്‍ വരുന്നതോടെ വികസന പദ്ധതികള്‍ ഒന്നും ഈ മേഖലയില്‍ വേണ്ടെന്ന നിലപാടിലേക്കാണ് വകുപ്പ് നീങ്ങുന്നത്.
കുംഭാവുരുട്ടി അടച്ചു
അച്ചന്‍കോവില്‍ പാതയിലെ കുംഭാവുരുട്ടി ടൂറിസം കേന്ദ്രം അടച്ചിട്ട് മൂന്നുവര്‍ഷമായി. കോവിഡിനു മുമ്പേ ഇത് അടച്ചതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അടച്ചിട്ടിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. വെള്ളച്ചാട്ടത്തില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടതോടെയാണ് അടച്ചത്. എന്നാല്‍ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ കടത്തിവിടാന്‍ വനംവകുപ്പിന് താത്പര്യമില്ല.
നിരവധി സഞ്ചാരികള്‍ വന്നുപൊയ്ക്കൊണ്ടിരുന്ന കുംഭാവുരുട്ടിയിലെ വെള്ളച്ചാട്ടമായിരുന്നു ആകര്‍ഷണീയം. മലമുകളില്‍ നിന്നും പാറക്കെട്ടുകളിലൂടെയുള്ള വെള്ളച്ചാട്ടത്തിന്റെ താഴെ കുളിക്കാനാണ് ആളുകളധികവും എത്തിയിരുന്നത്.
കാനനപാതയിലൂടെയുള്ള യാത്രയും സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു.
ഇക്കോ ടൂറിസം മേഖലയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ് അടച്ചുപൂട്ടിയത്.
വികസനാവശ്യത്തിനു വനഭൂമി ഇല്ല
ആന, കടുവ എന്നിവയുടെ സംരക്ഷണമേഖലയിലാണ് നിര്‍ദിഷ്ട വനപ്രദേശം. കാനനപാതകളുടെ വികസനം അതുകൊണ്ടുതന്നെ അവയുടെ സഞ്ചാരപഥത്തെ ബാധിക്കും.
കാടിനുള്ളില്‍ അനാവശ്യ ഇടപെടലുകളും മനുഷ്യസാന്നിധ്യവും ഉണ്ടാകുന്നതോടെ മൃഗങ്ങള്‍ പുറത്തേക്കു വരും. ഇത് നാട്ടിന് പുറങ്ങളിലെ സ്വൈരജീവിതത്തിനു തടസമാകും. ഇപ്പോള്‍ തന്നെ ഇത്തരം മൃഗങ്ങളുടെ ശല്യം വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കൂടുതലായി അനുഭവപ്പെടുന്നുണ്ട്.
സംരക്ഷിത വനപ്രദേശത്ത് ഒരിഞ്ച് ഭൂമി പോലും വികസന ആവശ്യത്തിനു വിട്ടുനല്‍കണമെങ്കില്‍ കേന്ദ്രാനുമതി വേണം.
വനസംരക്ഷണത്തിനു പ്രാധാന്യം നല്‍കിയുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് കാട്ടിലൂടെയുള്ള ഹൈവേ വികസനം അടഞ്ഞ അധ്യായമെന്നാണ് വനംവകുപ്പ് ഉന്നതര്‍ പറയുന്നത്.
അച്ചന്‍കോവില്‍, ഗവി ടൂറിസം പാക്കേജിനും കടയ്ക്കല്‍ കത്തി
11:02 AM Jul 11, 2022 | Deepika.com