കെഎസ്ആർടിസിയിൽ വെള്ളിയാഴ്ച മുതൽ പുതിയ സോഫ്റ്റ്‌വെയർ സംവിധാനം

03:46 PM Jul 01, 2022 | Deepika.com
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ സമ്പൂർണ കംപ്യൂട്ടർവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും കംപ്യൂട്ടർ സംവിധാനം ഏർപ്പെടുത്തി. സി - ഡിറ്റുമായി ചേർന്ന് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്.

പുതിയ സംവിധാനം നടപ്പാക്കിയതിലൂടെ ഓരോ ഷെഡ്യൂളിന്‍റെയും കളക്ഷൻ അവലോകനം നടത്താൻ കഴിയും. ട്രിപ്പ് അടിസ്ഥാനത്തിലുള്ള കളക്ഷൻ വിവരങ്ങൾ രേഖപ്പെടുത്തണം. ഡ്യൂട്ടി കഴിയുമ്പോൾ വേ ബില്ലിൽ ഡീസലിന്‍റെ അളവ് , ഡീസൽ അടിച്ച പമ്പ്, ലൊക്കേഷൻ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.

ഓരോ യൂണിറ്റിലും സർവീസിന് ഉപയോഗിക്കാത്ത ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) ഉപയോഗിക്കാത്ത ബസുകൾ, അതിന്‍റെ കാരണം എന്നിവയും പുതിയ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തണം.

അതാത് ദിവസം ഡ്യൂട്ടിയ്ക്ക് ഹാജരാകാത്ത ജീവനക്കാരുടെ അവധി വിവരങ്ങൾ (ഏത് തരത്തിലുള്ള അവധി ) വ്യക്തമായി സോഫ്റ്റ്‌വെയറിൽ ചേർക്കണമെന്നുമാണ് നിർദേശം.

പ്രദീപ് ചാത്തന്നൂർ