നഗരത്തിലെ മയക്ക് മരുന്ന് വ്യാപാര സംഘങ്ങളുടെ കണ്ണികൾ തേടിയുള്ള അന്വേഷണത്തിൽ രാജ്യാന്തര ലഹരി മരുന്ന് കടത്ത് ശൃംഖലയിലെ സുപ്രധാന കണ്ണി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായതോടെ ലഹരിക്കടത്തിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
കൂടിയ അളവിൽ മാരക ലഹരി ഉൽപ്പന്നങ്ങൾ വാങ്ങി സംഭരിച്ച് ഇടനിലക്കാർക്ക് വിൽപ്പന നടത്തി വന്ന ഘാന സ്വദേശി ക്രിസ്റ്റ്യൻ ഉഡോ (27)യാണ് ബംഗളൂരുവിൽ നിന്നും കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
കഴിഞ്ഞ മാസം കരുനാഗപ്പള്ളിയിൽ 5.93 ഗ്രാം എം.ഡി.എം.എയുമായി ഗോപു എന്ന യുവാവ് പിടിയിൽ ആയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിൽ ഉയർന്ന അളവിൽ ലഹരി വ്യാപാരം നടത്തി വന്ന അജിത്ത്, റമീസ്, ഫൈസൽ എന്നിവരും പിടിയിൽ ആയിരുന്നു. ഇതോടു കൂടി മയക്ക് മരുന്ന് സംഘങ്ങളുടെ വ്യാപാര ശൃംഖല അന്വേഷിച്ച് ഇറങ്ങിയ കരുനാഗപ്പള്ളി പോലീസ് കണ്ടെ ത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണന്റെ നിർദ്ദേശപ്രകാരം അറസ്റ്റിൽ ആയ പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം ബംഗളൂരുവിൽ എത്തുകയും തുടരന്വേഷണത്തിൽ വലിയതോതിൽ എംഡിഎംഎ വാങ്ങി ശേഖരിച്ച് കേരളത്തിലുള്ള കച്ചവടക്കാർക്ക് വിതരണം ചെയ്യ്തു വന്ന കൊല്ലം സ്വദേശി അൽത്താഫ്, പാലക്കാട് സ്വദേശി അൻവർ എന്നിവർ കൂടി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായിരുന്നു.
വൻതോതിൽ മയക്ക് മരുന്ന് കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും എത്തി ചേരുന്നതിന്റെ ഉറവിടം കണ്ടെ ത്താൻ സിറ്റി പോലീസ് നടത്തിയ അന്വേഷണങ്ങളുടെ ഫലമായി കഴിഞ്ഞ ഒരു മാസത്തിനിടയിൽ 200 ഗ്രാമിൽ കൂടുതൽ എംഡിഎംഎ സിറ്റി പോലീസ് പരിധിയിൽ പിടികൂടാൻ കഴിഞ്ഞു.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പഠിക്കാനായി എത്തുന്ന വിദ്യാർത്ഥികൾ പലരും മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണെന്നും വിദ്യാർത്ഥികളെ ഇടനിലക്കാരാക്കിയാണ് കേരളത്തിൽ മയക്ക് മരുന്ന് എത്തിക്കുന്നത് എന്നുമുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ ആണ് അന്വേഷണ സംഘം കണ്ടെ ത്തിയത്.
ലഹരിവസ്തുക്കളുടെ വിൽപ്പനക്കാരുടെ താവളം കരുനാഗപ്പള്ളിയായായി മാറിയിരിക്കുകയാണ്. താലൂക്കിലെ വിവിധ കോളജുകൾ, സ്കൂളുകൾ എന്നിവയുടെ പരിസരങ്ങങ്ങളിലാണ് സംഘം തന്പടിക്കുന്നത്. കരുനാഗപ്പള്ളിയിൽ കഴിഞ്ഞൊരുമാസത്തിനിടയിൽ നിരവധി പേരാണ് മയക്കുമരുന്നുമായി പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക്; ഇടനിലക്കാരും ഇരകളും വിദ്യാർഥികൾ
04:02 PM Jun 27, 2022 | Deepika.com