സിനിമയിലെ കഥാപാത്രത്തെ പോലെ ഞാനും ആദ്യമായാണ് ശബരിമലയിൽ പോയത്. നട തുറന്നിരുന്ന സമയമായതിനാൽ അയ്യപ്പനു മുന്നിൽ നന്നായി തൊഴുതു പ്രാർത്ഥിക്കാൻ കഴിഞ്ഞു.
ഉണ്ണി മുകുന്ദനൊപ്പം മാളികപ്പുറം സിനിമയിൽ മാളികപ്പുറമായി അഭിനയിച്ച ബാലതാരം ദേവനന്ദ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു. മോഡലായിരിക്കെ ദേവനന്ദ നാലര വയസുള്ളപ്പോഴാണ് തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ 2019ൽ അരങ്ങിലെത്തിയത്.
മൈ സാന്റാ, മിന്നൽ മുരളി തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ സിനിമകൾ. മുൻ ഡിജിപി ഡോ. അലക്സാണ്ടർ പി. ജേക്കബ്, രജനികാന്തിന്റെ മകൾ സൗന്ദര്യ, മമ്മൂട്ടി ഉൾപ്പെടെ പ്രമുഖർ ദേവാനന്ദയെ അഭിനന്ദിച്ചു. കളമശേരി രാജഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ദേവനന്ദയുടെ വിശേഷങ്ങൾ.
തൊട്ടപ്പൻ ആദ്യ സിനിമ
ഫേസ്ബുക്കിൽ എന്റെ ഫോട്ടോകൾ കണ്ട ക്യാമറമാൻ ശരണ്‍ വേലായുധനാണ് തൊട്ടപ്പൻ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. മൈ സാന്റാ, മിന്നൽ മുരളി, സൈമണ്‍ ഡാനിയൽ, ഹെവൻ, ടീച്ചർ തുടങ്ങിയ ചിത്രങ്ങളിലും ഇതോടകം അഭിനയിക്കാനായി. ഒരു മുഴുനീള വേഷം ചെയ്യാനായത് മാളികപ്പുറത്തിലാണ്.
സംവിധായകൻ വിഷ്ണുവും തിരക്കഥാകൃത്ത് അഭിലാഷുമാണ് എന്നെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത്.
ഷൂട്ടിംഗ് കാലം
ഉൾക്കാട്ടിലായിരുന്നു കുറച്ചു നാൾ സിനിമയുടെ ഷൂട്ടിംഗ്. 75 ദിവസം തുടരെ ഷൂട്ടിംഗ് ആയപ്പോൾ സെറ്റിൽ എല്ലാവരും ഒരു കുടുംബം പോലെയായി. കൂടെ അഭിനയിക്കാൻ കുറച്ച് കുട്ടികളും എത്തിയപ്പോൾ ഏറെ രസമായി.
എനിക്ക് അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഉണ്ണി മുകുന്ദനാണ് പറഞ്ഞു തരിക. മാതാപിതാക്കളായി അഭിനയിച്ച സൈജു, അൽഫി തുടങ്ങി എല്ലാവർക്കും വലിയ സ്നേഹമായിരുന്നു.
ഈ സിനിമയ്ക്കുവേണ്ടി ആദ്യമായാണ് ഞാൻ ശബരിമലയിൽ പോയത്. മാളികപ്പുറത്തിലെ കല്ലുമോളെപ്പോലെ എനിക്കും ആദ്യമായി ശബരിമലയിൽ പോയി അയ്യപ്പനെ കാണാൻ കഴിഞ്ഞതു ഭാഗ്യമായി. സിനിമയുടെ ഷൂട്ടിംഗ് ശബരിമല നട തുറന്നിരുന്ന സമയത്തായിരുന്നതിനാൽ അയ്യപ്പനു മുന്നിൽ പോയി പലപ്പോഴും തൊഴാനായി. 75 ദിവസത്തെ വ്രതവും എടുത്തിരുന്നു.
കുടുംബം
ജിബിൻ, പ്രീത എന്നിവരാണ് എന്റെ അച്ഛനമ്മമാർ. ഫാഷൻ ഡിസൈനറായ അച്ഛന് ആലുവയിൽ ബിസിനസുണ്ട്. അമ്മ സർക്കാർ സർവീസിലാണ്. രാജഗിരി പബ്ലിക് സ്കൂളിലെ അധ്യാപകരും കൂട്ടുകാരും എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കും.
സ്കൂളിൽ പോകാനാവാത്ത ദിവസങ്ങളിലെ നോട്ടുകൾ വാട്സ് ആപ്പിൽ ശേഖരിച്ചാണ് പഠിക്കുന്നത്. നെയ്മർ, സോമന്റെ കൃതാവ്, ജൂഡ് ആന്റണി അങ്കിളിന്റെ 2018 എന്നീ പുതിയ സിനിമകളിലും എനിക്കു വേഷമുണ്ട്.
ബോബൻ ബി. കിഴക്കേത്തറ
ദേവനന്ദയാണ് ഇപ്പോൾ താരം
05:44 AM Feb 12, 2023 | Deepika.com