കൈക്കൂലി വിഹിതത്തെ ചൊല്ലി പോലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടി

04:48 PM Jun 07, 2022 | Deepika.com
തലശേരി: മാഹി മേഖലയിൽ നിന്നുള്ള പെട്രോളിയം,ഡീസൽ ഉത്പന്നങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട കൈക്കൂലി തർക്കത്തിൽ പോലീസ് ഓഫീസർമാർ തമ്മിൽ ഏറ്റുമുട്ടി.

ഉന്നത ഉദ്യോഗസ്ഥന്‍റെ മുന്നിൽ നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ച് പോണ്ടിച്ചേരി ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.

എന്നാൽ, പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സമയ ബന്ധിതമായി ജോലി തീർക്കുന്നത് സംബന്ധിച്ച ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും ഉച്ചത്തിലുള്ള സംസാരം ആരെങ്കിലും തെറ്റിദ്ധരിച്ചതാകാമെന്നും ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടിയെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മാഹി എസ്പി രാജശങ്കർ വെള്ളാട്ട് ദീപികയോട് പറഞ്ഞു.

തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്നാണ് റിപ്പോർട്ട്. മാഹി മേഖലയിൽ പെട്ട നാല് പോലീസ് സ്റ്റേഷൻ പരിധികളിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകളിൽ നിന്നും ദിവസവും ലക്ഷക്കണക്കിന് രൂപയുടെ പെട്രോളും ഡീസലുമാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പെട്രോൾ മാഫിയ കടത്തുന്നത്.

കളളക്കടത്തിന് ഒത്താശ ചെയ്തു കൊണ്ട് ദിവസവും അയ്യായിരം മുതൽ പതിനായിരം രൂപവരെയാണ് ചില ഉദ്യോഗസ്ഥർ പെട്രോൾ പമ്പുകളിൽ നിന്നും കൈപ്പറ്റുന്നതെന്നാണ് ആരോപണം. ഒരു സ്റ്റേഷൻ പരിധിയിലുള്ള പമ്പിൽ നിന്നും മറ്റൊരു ഉദ്യോഗസ്ഥൻ പണം കൈപ്പറ്റിയതാണ് പുതിയ വിവാദത്തിലേക്ക് നയിച്ചിട്ടുളളത്.

പെട്രോൾക്കടത്ത് ശക്തമായതോടെ വാഹനങ്ങളിൽ പെട്രോൾ നിറക്കാൻ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന നിലപാടുമായി ചില പോലീസ് ഉദ്യോഗസ്ഥർ രംഗത്തു വരികയും പെട്രോൾ കടത്ത് മണിക്കുറുകൾക്കുള്ളിൽ തന്നെ തടയുന്ന സ്ഥിതിയും ഉണ്ടായി.

തുടർന്നാണ് കളളക്കടത്തായി പോകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ തോതനുതരിച്ച് അതീവ രഹസ്യമായി കൈക്കൂലി നിശ്ചയിച്ചതെന്നാണ് റിപ്പോർട്ട് . ഈ കൈക്കൂലിയുടെ വിഹിതം സംബന്ധിച്ച അവകാശ തർക്കമാണത്രേ പുതിയ സംഭവ വികാസത്തിന് കാരണമെന്ന് പറയപ്പെടുന്നു.

ടാങ്കറുകളിലും വലിയ കാനുകളിലുമാണ് പെട്രോളും ഡീസലും കടത്തുന്നത്. രാത്രി കാലങ്ങളിൽ പെട്രോൾ പമ്പുകളിൽ ലൈറ്റ് ഓഫ് ചെയ്ത ശേഷം മോട്ടോർ ഉപയോഗിച്ചാണ് ടാങ്കറുകളിലേക്ക് പെട്രോളും ഡീസലും നിറക്കുന്നത്.