മോഷ്ടാക്കളെത്തിയത് ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന; ആലുവയിൽ നടന്നത് സിനിമ സ്റ്റൈലിനെ വെല്ലുന്ന കവർച്ച

03:07 PM Jun 06, 2022 | Deepika.com
ആലുവ: ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ നാലംഗ സംഘം ഇന്നലെ ആലുവയിൽ നടത്തിയത് സിനിമ സ്റ്റൈലിനെ വെല്ലുന്ന കവർച്ച. നഗരമധ്യത്തിൽ സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ധിയാക്കി സ്വർണവും പണവും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ആലുവ ഈസ്റ്റ് പോലീസ്.

ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന സ‍ഞ്ജയ്യിയുടെ വീട്ടിൽ നിന്നാണ് 37.5 പവൻ സ്വർണവും 1,80,000 രൂപയും ഒന്നര മണിക്കൂറോളം ചെലവിട്ട് സംഘം തട്ടിയെടുത്തത്. കൂടാതെ വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്ക്കടക്കം കൈക്കലാക്കിയാണ് അവർ രക്ഷപ്പെട്ടത്.

ഞായറാഴ്ച ഉച്ചയോടെ ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി നാലംഗ സംഘം വീട്ടിലെത്തുകയായിരുന്നു. സംശയം തോന്നിയ സ‍ഞ്ജയ് ചോദിച്ചപ്പോൾ മൊബൈൽ ഫോണിൽ തിരിച്ചറിയൽ കാ‍ർഡ് കാണിച്ചു കൊടുത്തു. തുടർന്ന് വീട്ടിലുണ്ടായിരുന്നവരുടെ ഫോണെല്ലാം വാങ്ങിവച്ചു. വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം പരിശോധന തുടങ്ങി.

37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാർ, പാൻ കാർഡുകൾ തുടങ്ങിയ രേഖകൾ വീട്ടിൽനിന്ന് കണ്ടെത്തി. തുടർ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി സഞ്ജയ്യെകൊണ്ട് ഒപ്പു വപ്പിക്കുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്.

ഈ സമയം ഇതൊന്നുമറിയാതെ സഞ്ജയ്‌യുടെ വീടിനു തൊട്ടുമുന്നിലുള്ള അന്നപൂർണ ഹോട്ടലിൽ ആലുവ സിഐ എൽ. അനിൽകുമാറും മറ്റു ഉദ്യോഗസ്ഥരും ഉച്ചഭക്ഷണത്തിനായിയെത്തിയിരുന്നു. തട്ടിപ്പു സംഘം നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയാണ് ഫോണെടുത്തത്. ഇതോടെ തട്ടിപ്പ് മനസിലായ സഞ്ജയ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്നവർ മലയാളത്തിലാണ് സംസാരിച്ചത്. അനധികൃത വ്യാപാരം കണ്ടെത്താനുള്ള പരിശോധനയെന്നായിരുന്നു സംഘം വീട്ടുകാരെ വിശസ്വിപ്പിച്ചത്. കേസെടുത്ത ആലുവ ഈസ്റ്റ് പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.