തൊടുപുഴ: എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് ഓടിയയാൾ കുളമാവ് ഡാമിൽ വീണു മരിച്ച സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി നാട്ടുകാർ. കുളമാവ് മുത്തിയുരുണ്ടയാറിൽ കോഴിക്കട നടത്തുന്ന മലയിൽ ബെന്നി (47) ആണ് ഇന്നലെ വൈകുന്നേരം ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവിൽ മുങ്ങി മരിച്ചത്.
എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് ബെന്നി ഡാമിൽ വീണത്. എന്നാൽ, ഇയാൾ ഡാമിൽ വീണിട്ടും അടുത്തുണ്ടായിരുന്ന നാട്ടുകാരെ വിവരം അറിയിക്കാതെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയാണ് എക്സൈസുകാർ ചെയ്തതെന്നു പ്രദേശവാസികൾ പറഞ്ഞു.
കൈയിൽ പിടിച്ച്
പോലീസിനൊപ്പം നാട്ടുകാർ എത്തുന്പോൾ ബെന്നി മരിച്ച നിലയിലായിരുന്നു. വെള്ളത്തിൽ കിടക്കുന്ന ബെന്നിയുടെ കൈയിൽ എക്സൈസുകാർ പിടിച്ചിരിക്കുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ മുത്തിയുരുണ്ടയാറിനു സമീപമാണ് സംഭവം. വ്യാജമദ്യം കണ്ടെത്തുന്നതിനാണ് എക്സൈസ് സംഘം ബെന്നിയുടെ കടയിലെത്തിയത്. മഫ്തിയിൽ ഓട്ടോയിലെത്തി ഇവിടെ നിന്നു മദ്യം വാങ്ങിയതിനു പിന്നാലെയാണ് കൂടുതൽ എക്സൈസ് സംഘം വാഹനത്തിലെത്തിയത്.
ഇവരെ കണ്ടതോടെ ബെന്നി കാട്ടിലേക്ക് ഓടുകയായിരുന്നു. എക്സൈസ് പിന്തുടരുന്നതിനിടെ ജലാശയത്തിന്റെ തിട്ടയിടിഞ്ഞ് അബദ്ധത്തിൽ ഡാമിൽ വീഴുകയായിരുന്നു.
പിന്നീട് പോലീസും നാട്ടുകാരും സ്ഥലത്തെത്തിയപ്പോഴാണ് എക്സൈസ് സംഘം കൈ പിടിച്ച നിലയിൽ വെള്ളത്തിൽ കിടക്കുന്ന ബെന്നിയെ കണ്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തി കരയ്ക്കു കയറ്റിയപ്പോൾ മരിച്ചിരുന്നു.
എന്നാൽ, ഡാമിൽ വീണയാളെ രക്ഷപ്പെടുത്തി പരിചയമുള്ള പ്രദേശവാസികൾ സ്ഥലത്തുണ്ട്. എന്നാൽ ഇവരെ അറിയിക്കാതെ ഇക്കാര്യത്തിൽ എക്സൈസ് നിരുത്തരവാദ പരമായാണ് പെരുമാറിയതെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.
രക്ഷിക്കാൻ ശ്രമിച്ചു
എന്നാൽ, ഡാമിൽ ചാടിയ ബെന്നിയെ രക്ഷപ്പെടുത്താനാണ് എക്സൈസ് സംഘം ശ്രമിച്ചതെന്നു ഡപ്യൂട്ടി കമ്മീഷണർ വി.എ.സലിം പറഞ്ഞു. എക്സൈസ് പിന്തുടർന്നെത്തിയപ്പോൾ ഇയാൾ ഡാമിൽ മുങ്ങിയ നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ ഇയാളെ വെള്ളത്തിനു മുകളിലെത്തിച്ചത്. തുടർന്നാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡപ്യൂട്ടി കമ്മീഷണർ ഇന്നലെ രാത്രി സ്ഥലം സന്ദർശിച്ചിരുന്നു. ഭാര്യയുമായി ബന്ധം വേർപെടുത്തിയ ബെന്നി തനിച്ചു താമസിച്ചു വരികയായിരുന്നു. മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. അസ്വഭാവിക മരണത്തിനു കുളമാവ് പോലീസ് കേസെടുത്തു.
യുവാവ് മുങ്ങി മരിച്ച സംഭവം; എക്സൈസുകാരെ കണ്ടത് കൈയിൽ പിടിച്ച നിലയിലെന്ന് നാട്ടുകാർ
05:30 AM Jan 01, 1970 | Deepika.com