‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.’
സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന താരം ലെന പുതുവർഷത്തിൽ മികച്ചതും വ്യത്യസ്തവുമായ കഥാപാത്രങ്ങളുമായി കളം നിറയുകയാണ്.
ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത് ലെന പ്രധാന കഥാപാത്രമായി എത്തിയ ‘എന്നാലും ന്റളിയാ’ ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ലെന വീണ്ടും പോലീസ് വേഷത്തിലെത്തുന്ന മറ്റൊരു ചിത്രമായ ‘വനിത’ 20ന് തിയറ്ററുകളിലെത്തും.
ലെന അവതരിപ്പിക്കുന്ന വനിത എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ പേരുതന്നെയാണ് സിനിമയ്ക്കും. സൂപ്പർ താരങ്ങൾക്കു പോലും വല്ലപ്പോഴും വീണുകിട്ടുന്ന ഭാഗ്യമാണ് ലെനയ്ക്ക് ലഭിച്ചിരിക്കുന്നത്. അതിനു പിന്നാലെ ലെന തിരക്കഥയെഴിതിയ ഓളം ഉടൻ പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.
സ്നേഹം എന്ന സിനിമയിൽ സിദ്ദിഖിന്റെ ജോഡിയായി അരങ്ങേറ്റം കുറിച്ച ലെനയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രത്തിലും സിദ്ദിഖ് തന്നെയാണ് ജോഡിയായി എത്തിയിരിക്കുന്നത്. ലെനയുടെ വിശേഷങ്ങളിലേക്ക്...
എന്നാലും ന്റളിയാ
വളരെ നല്ല പ്രതികരണമാണ് എന്നാലും ന്റളിയാ എന്ന സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകരെയും ചിരിപ്പിക്കാൻ പറ്റിയ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ആദ്യമായി ഈ സിനിമയിലൂടെ കോമഡി കൈകാര്യം ചെയ്യാൻ പറ്റിയത് അതിലും വലിയ സന്തോഷം. വളരെ സാധാരണക്കാരിയായ ഒരു അമ്മയുടെ വേഷമാണ് ഈ സിനിമയിലുള്ളത്.
സിദ്ദിഖിനൊപ്പം
സിനിമയിൽ തുടക്കം ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന സിനിമയിലാണ്. ഇപ്പോൾ എന്നാലും എന്റളിയാ എന്ന പുതിയ ചിത്രത്തിലും സിദ്ദിഖിന്റെ ജോഡിയായി അഭിനയിക്കാൻ പറ്റിയത് അവിചാരിതമായി സംഭവിച്ചു പോയതാണ്.
ഞങ്ങളുടെ ഓണ്സ്ക്രീൻ കെമിസ്ട്രി വളരെ ഈസിയാണ്. വലിയ അനുഭവസന്പത്തുള്ള ഒരു നടനൊപ്പം ജോലി ചെയ്യുന്പോൾ അദ്ദേഹത്തിന്റെ വലിയ പിന്തുണ നമുക്കു ലഭിക്കും. പ്രത്യേകിച്ച് എന്നാലും ന്റളിയാ എന്ന സിനിമയിൽ ഞാൻ ആദ്യമായി കോമഡി ചെയ്തപ്പോൾ. ഇത്രയേറെ കോമഡി ചെയ്തു പരിചയമുള്ള ഒരു സീനിയർ നടന്റെ സഹായം വളരെ വലുതായിരുന്നു.
അമ്മവേഷങ്ങൾ
അമ്മവേഷങ്ങൾ ചെയ്യുന്പോൾ തിരക്കഥ നല്ലതാണെങ്കിൽ മാത്രം ചെയ്യുകയാണ് പതിവ്. വിശദമായ തിരക്കഥയുള്ള സിനിമകൾ മാത്രമാണു ചെയ്യുന്നത്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിർദേശങ്ങൾ പാലിക്കുകയെന്നതാണ് ഒരു ഹോംവർക്ക്.
പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അമ്മയായി അഭിനയിച്ചപ്പോൾ വളരെ നല്ല അനുഭവങ്ങളാണുണ്ടായത്. പ്രത്യേകിച്ച് സാങ്കൽപികമായ ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്ന അനുഭവമായിരുന്നു. പരിചയമില്ലാത്ത കാര്യങ്ങൾ ചെയ്യുന്പോൾ വ്യത്യസ്തമായ അനുഭവമാണ് ലഭിക്കുന്നത്.
തിരക്കഥാകൃത്ത്
25 വർഷത്തെ കരിയറിൽ ആദ്യമായി തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഞാൻ അഭിനയിച്ച അനുരാഗം, ആബേൽ, ബാണ്ട്ര, സെയ്താൻ (തെലുങ്ക്) തുടങ്ങിയ ചിത്രങ്ങളും ഉടൻ തിയറ്ററുകളിലെത്തും.
ആദ്യസിനിമ
സ്കൂളിൽ പഠിക്കുന്പോഴാണ് സിനിമയിലേക്കെത്തുന്നത്. തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂളിൽ നിന്നു സ്നേഹത്തിന്റെ ലൊക്കേഷനിലെത്തി അഭിനയജീവിതം ആരംഭിക്കുകയായിരുന്നു.
പതിനൊന്നാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു അത്. പ്രിൻസിപ്പാളുമായുള്ള ബന്ധം വച്ച് ജയരാജും അദ്ദേഹത്തിന്റെ ടീമും സ്കൂളിൽവച്ച് ഓഡിഷൻ നടത്തുകയും അതിലൂടെ ഞാൻ സിനിമയിലേക്ക് എത്തപ്പെടുകയുമായിരുന്നു.
വനിത
വനിത എന്ന സിനിമ വളരെ സ്പെഷലാണ്. വനിതയിൽ വനിത എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പോലീസ് സ്റ്റേഷനുള്ളിൽ മാത്രം നടക്കുന്ന പോലീസുകാരുടെ യഥാർഥ കഥ പറയുന്ന സിനിമയാണിത്. പോലീസുകാരുടെ ഒൗദ്യോഗിക ജീവിതവും വ്യക്തിജീവിതവും പറയുന്ന സിനിമ. ഈ സിനിമയുടെ വലിയ പ്രത്യേകത കാമറ പോലീസ് സ്റ്റേഷനു പുറത്തേക്കു പോയിട്ടില്ലെന്നതാണ്.
പൂർണമായും പോലീസ് സ്റ്റേഷനുള്ളിൽ ചിത്രീകരിച്ച സിനിമ. ഇതിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് റഹിം ഖാദർ എന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അതുകൊണ്ടു തന്നെ ആധികാരികവും റിയലിസ്റ്റിക്കുമായ ഒരു നല്ല സിനിമയാണിത്.
പ്രദീപ് ഗോപി
ലെന എഴുത്തിന്റെ വഴിയെ
12:09 AM Jan 15, 2023 | Deepika.com