ഒരൊറ്റ പാട്ടുകൊണ്ട് ലക്ഷങ്ങളെ ആരാധകരാക്കി ഒരു പുതുമുഖ ഗായിക. മങ്കേഷ്കർ സഹോദരിമാർക്ക് ഇതാ ഒരെതിരാളി എന്നുപോലും ആസ്വാദകലോകം വിലയിരുത്തി അന്ന്. വരികളാണോ സംഗീതമാണോ ആലാപനമാണോ മികച്ചതെന്ന് ഉറപ്പിച്ചു പറയാൻ കഴിയാതിരിക്കുന്പോഴാണ് പാട്ട് ഹൃദയങ്ങളിൽ തൊടുക. അന്പതാണ്ടു പിന്നിട്ട് ആ പാട്ട് ഇന്നും പ്രണയപ്പെയ്ത്തു തുടരുന്നു...
പതിമൂന്നാം മുഗൾ ചക്രവർത്തി മിർസാ നാസിറുദ്ദീൻ മുഹമ്മദ് ഷായുടെ കൊട്ടാരം ഗായകനായിരുന്നു സദരംഗ് എന്നറിയപ്പെട്ട നിയാമത് ഖാൻ. പതിനെട്ടാം നൂറ്റാണ്ടിലെ മഹാ സംഗീതകാരന്മാരിൽ മുൻനിരക്കാരൻ.
ഖയാലുകളെ ഇന്നുകേൾക്കുന്ന രീതിയിലേക്കു കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. അതിലൊരു രസകരമായ വസ്തുതയുമുണ്ട്- ശിഷ്യർക്കുവേണ്ടി നിയാമത് ഖാൻ ഒട്ടേറെ ഖയാലുകൾ ഒരുക്കിയെങ്കിലും ഒരിക്കലും അദ്ദേഹം അവ വേദികളിൽ അവതരിപ്പിച്ചില്ല!
അക്കൂട്ടത്തിൽ ഒരു ഖയാലിന്റെ തുടക്കം ഇങ്ങനെയായിരുന്നു- ബോലേ രേ പപീഹരാ... മിയാ മൽഹാർ രാഗത്തിലുള്ള ഇത് കുമാർ ഗന്ധർവയും ഗംഗുബായ് ഹംഗലും അടക്കമുള്ള പ്രമുഖർ പാടിയിട്ടുണ്ട്. ഇതിനെ ലോകമെങ്ങും സ്വീകരിക്കപ്പെട്ട ഒരു സിനിമാപ്പാട്ടാക്കി, വിഖ്യാത സംഗീതസംവിധായകനായ വസന്ത് ദേശായി. ഗായിക വാണി ജയറാമിന്റെ തലവര മാറ്റിവരയ്ക്കുകയും ചെയ്തു 1971ലെ ഗുഡ്ഡി എന്ന ചിത്രത്തിലെ ആ പാട്ട്.
പുതുമുഖം, പുതുശബ്ദം
പുത്തൻ പ്രതിഭകളെ അവതരിപ്പിക്കുന്നതാവണം തന്റെ സിനിമയെന്നായിരുന്നു ഗുഡ്ഡി ഒരുക്കുന്ന വേളയിൽ ഹൃഷികേശ് മുഖർജിയുടെ തീരുമാനം. അഭിനയം പഠിച്ചെത്തിയ പുതുമുഖം ജയഭാദുരിയെ നായികയാക്കി. ഹിന്ദി ചലച്ചിത്രരംഗത്ത് അത്ര പരിചിതനല്ലാത്ത ബംഗാളി നടൻ സുമിത് ഭാഞ്ജയെയും കൊണ്ടുവന്നു.
എന്നിട്ടു സംഗീത സംവിധായകൻ വസന്ത് ദേശായിയോടു പറഞ്ഞു- നോക്കൂ, എനിക്കൊരു പുതിയ ശബ്ദം വേണം. ഈ ചിത്രത്തിന്റെ കഥ അത്തരത്തിലൊന്നാണ്.
ദേശായി ഈ നിർദേശം ഏറ്റെടുത്തു. ആരെക്കൊണ്ടു പാടിക്കും എന്നതിൽ അപ്പോഴും ഒരുറപ്പുമില്ല. അങ്ങനെയിരിക്കെയാണ് പട്യാല ഘരാനയിലെ പ്രശസ്ത ഗായകൻ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാനുമായുള്ള ഒരു കൂടിക്കാഴ്ച ഓർമവന്നത്.
നല്ല ശബ്ദമുള്ള, ബുദ്ധിമതിയായ ഒരു ദക്ഷിണേന്ത്യൻ പെണ്കുട്ടിയെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഭർത്താവിനു ബോംബേയിലേക്കു ജോലിമാറ്റം ലഭിച്ചതിനെത്തുടർന്ന് മദ്രാസിൽനിന്ന് എത്തിയതാണ് കർണാടക സംഗീതം പഠിച്ച വാണി ജയറാം എന്ന ആ പെണ്കുട്ടി. താങ്കൾ വാണിയെ ഒന്നു കേൾക്കണം- ഉസ്താദ് അന്നു പറഞ്ഞു. 1969ലായിരുന്നു അത്.
വാണിയുടെ പാട്ടുകേട്ട അദ്ദേഹം ഉടനെ സ്റ്റുഡിയോയിലേക്കു വരാൻ നിർദേശിക്കുകയും ചെയ്തു. സാക്ഷാൽ കുമാർ ഗന്ധർവയോടൊപ്പം ഒരു മറാത്തി ആൽബം റെക്കോർഡ് ചെയ്യുകയാണ് വസന്ത് ദേശായി അന്ന്.
ഗായികമാർക്കൊപ്പം പാടാൻ അക്കാലത്ത് കുമാർ ഗന്ധർവ വലിയ വൈമുഖ്യം കാട്ടിയിരുന്നു. എന്നാൽ വാണിയുടെ പാട്ടുകേട്ട കുമാർ ഗന്ധർവ വസന്ത് ദേശായിയോട് ഇങ്ങനെ ചോദിച്ചത്രേ: കൊള്ളാം., ദാദാ റെക്കോർഡിംഗ് എപ്പോഴാണ്? അങ്ങനെ ഇരുവരും ഒരുമിച്ചുപാടി, മറാത്തിയിലുള്ള സുന്ദര ഗാനങ്ങൾ.
രണ്ടുവർഷംകൂടി കഴിഞ്ഞാണ് ഹൃഷികേശ് മുഖർജി ഗുഡ്ഡിയിലേക്ക് പുതുശബ്ദം ആവശ്യപ്പെടുന്നത്. പഴയ കൂടിക്കാഴ്ച ഓർത്ത ദേശായി വാണിയെ വീണ്ടും വിളിച്ചു.
പിന്നീടു നടന്നതിനെക്കുറിച്ച് വാണി ജയറാംതന്നെ ഓർമിച്ചതിങ്ങനെ: ശിവാജി പാർക്കിൽ വസന്ത് ദേശായിജിയുടെ വീട്ടിലായിരുന്നു ഓഡിഷൻ. ഹൃഷിദായും ഗാനരചയിതാവ് ഗുൽസാർ സാഹബും അവിടെയുണ്ടായിരുന്നു. ഗുഡ്ഡിയിലെ മൂന്നു പാട്ടുകളും വാണി പാടും- മൂന്നുപേരും ഒരുമിച്ചെടുത്ത തീരുമാനം അതായിരുന്നു!
അങ്ങനെ ഹിന്ദി പിന്നണിഗാനലോകത്തേക്ക് ഒരു പുതുശബ്ദം കടന്നുവന്നു. (ലതാ മങ്കേഷ്കർക്ക് ഇതാ ഒരു എതിരാളി വന്നിരിക്കുന്നു എന്നുപോലും പ്രചാരമുണ്ടായി അന്ന്. ലതയ്ക്ക് ഈ പാട്ട് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുവെന്നും വാണിയെ രംഗത്തുനിന്ന് പുറത്താക്കാൻ ചരടുവലിച്ചെന്നും വിശ്വസിക്കുന്നവരുമുണ്ട്).
വരികളിലുമുണ്ടായിരുന്നു ആ പുതുമ. വസന്ത് ദാദാ എനിക്ക് ഒരീണവും കഥാസന്ദർഭവും തന്നു. ഞാൻ എഴുതിത്തുടങ്ങി- ഗുൽസാർ ഓർമിക്കുന്നു. ഒരു മഴക്കാലത്തെ പ്രണയപ്പക്ഷിയുടെ പാട്ട് ഹൃദയങ്ങളിൽ പെയ്തുതുടങ്ങി. ഇന്നും നിലച്ചിട്ടില്ല ആ പെയ്ത്ത്.
ക്ലാസും മാസും!
ശാസ്ത്രീയ സംഗീതം അറിയുന്നവരും അറിയാത്തവരും ഒരുപോലെ ആസ്വദിച്ച, അഭിനന്ദിച്ച ചലച്ചിത്രഗാനമായി ബോലേ രേ പപീഹരയെ വിശേഷിപ്പിക്കുന്നവരുണ്ട്. ഒരുകാലത്ത് രാജ്യമെങ്ങുമുള്ള സാംസ്കാരിക പരിപാടികളിൽ ഈ പാട്ട് ആലപിക്കപ്പെട്ടിരുന്നു. റിയാലിറ്റി ഷോകളിൽ ഇപ്പോഴുമിത് പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്.
യുട്യൂബിൽ പല ചാനലുകളിലായി ഇന്നും ലക്ഷക്കണക്കിനുപേർ ഈ പാട്ടുകേൾക്കുന്നു. ആസ്വാദകർ എഴുതുന്ന കമന്റുകൾപോലും ഹൃദ്യം. എനിക്കിനിയും ആയിരംവട്ടം ഈ പാട്ടു കേൾക്കാം. ഓരോ തവണ കേൾക്കുന്പോളും എന്തെങ്കിലും പുതിയൊരു അനുഭവം, പാഠം ലഭിക്കുമെന്നുറപ്പാണ്- ഒരാൾ എഴുതുന്നു.
പാട്ട് അന്നും ഇന്നും പരക്കേ ഇഷ്ടം ഏറ്റുവാങ്ങുന്പോഴും കുമാർ ഗന്ധർവ വാണി ജയറാമിനോട് ഒരല്പം അനിഷ്ടം പ്രകടിപ്പിച്ചത്രേ. ഇതു വെറും സിനിമാപ്പാട്ടല്ല. മിയാ മൽഹാർ ഇങ്ങനെയല്ല പാടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുമാർ ഗാന്ധർവ പാടിയ ശുദ്ധമായ രാഗത്തിലുള്ള ബോലേ രേ പപീഹരയ്ക്കും കേൾവിക്കാർ നിരവധി!
ഹരിപ്രസാദ്
ബോലേ രേ പപീഹരാ...
11:41 PM Nov 12, 2022 | Deepika.com