വൃത്തിയില്ല; ചിക്കൻ സെന്‍ററും രണ്ടു ഹോട്ടലുകളും പൂട്ടിച്ചു, പിഴയും താക്കീതും

02:07 PM May 06, 2022 | Deepika.com
കോട്ടയം: ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും പരിശോധന തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും കോട്ടയം മെഡിക്കൽ കോളജ് പരിസരങ്ങളിലും ചങ്ങനാശേരിയിലും പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.

രണ്ട് സ്ക്വാഡുകളായാണ് കോട്ടയം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് പേട്ടക്കവലയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ഷവർമ കടകൾ, ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, കോഴിക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

നിരവധി കടകളിൽ ലൈസൻസും ഹെൽത്ത് കാർഡും പുതുക്കാത്തതായി ശ്രദ്ധയിൽപ്പെട്ടു. ഇവരോടു രേഖകൾ എത്രയും വേഗം പുതുക്കണമെന്നും അല്ലാത്തപക്ഷം കട അടപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചില കടകളിൽ പഴകിയ എണ്ണ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇവർക്കും കർശന താക്കീത് നൽകി.

മലിന ജലം കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ നിലയിൽ പ്രവർത്തിച്ചിരുന്ന പേട്ടക്കവലയിലെ ഗ്രാൻഡ് ഹലാൽ ചിക്കൻ സെന്‍റർ പൂട്ടിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ആർ. രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്്ടർമാരായ അനീഷ് കെ. സമദ്, പി.പി. സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തിയത്.

കോട്ടയം മെഡിക്കൽ കോളജ് പരിസങ്ങളിലെ ഹോട്ടലുകൾ, മറ്റ് ഭക്ഷണശാലകൾ, ശീതളപാനീയ വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണനിലവാര പരിശോധന നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധ ഉച്ചയ്ക്കു ശേഷമാണ് അവസാനിച്ചത്.

അതിരന്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ സൂപ്പർവൈസർ സി.എൻ. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ കുമാരനല്ലൂർ സെക്ഷൻ ഹെൽത്ത് ഇൻസ്പെക്ടർ ബിജു കിഴക്കേടം, ആർപ്പുക്കര പഞ്ചായത്ത് എച്ച്ഐ കെ.സി. അനൂപ് കുമാർ, ജഐൻഎച്ച്ഐ ഗീതാ വിജയപ്പൻ, മെഡിക്കൽ കോളജിലെ ഡോ. റാണി, ഡോ പ്രതിഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പനന്പാലം, കരിപ്പൂത്തട്ട് എന്നീ മേഖലകളിലെ ഭക്ഷണശാലകളിലും പരിശോധന നടത്തിയിരുന്നു. ചങ്ങനാശേരിയിൽ രണ്ട് സ്ഥാപനങ്ങൾ അടപ്പിക്കുകയും ഒന്പത് സ്ഥാപനങ്ങളിൽ പിഴ ഈടാക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് ഹോട്ടലുകളാണ് അടപ്പിച്ചത്.

ഇതിൽ ഒന്നിന് ലൈസൻസ് അപേക്ഷ ലഭിച്ചതിനെത്തുടർന്ന് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. മന്ദിരം കവലയിലെ ചട്ടിയും തവിയും തുരുത്തിയിൽ പ്രവർത്തിക്കുന്ന തുരുത്തി ജംക്ഷൻ എന്നീ റസ്റ്ററന്‍റുകളാണ് അടയ്ക്കാൻ നോട്ടിസ് നൽകിയത്.

ചട്ടിയും തവിയും റസ്റ്ററന്‍റ് ലൈസൻസിന് അപേക്ഷിച്ചതിനെ തുടർന്നു തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആഹാര വസ്തുക്കൾ കൈകാര്യം ചെയ്യുകയും പാചകം ചെയ്യുകയും ചെയ്ത സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്.