ലഹരിക്കേസ് പ്രതികളുടെ ലക്ഷങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

03:50 PM Apr 23, 2022 | Deepika.com
അങ്കമാലി: കരയാംപറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നു കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ ആറു പ്രതികളുടെ സ്വത്ത് വകകൾ എറണാകുളം റൂറൽ പോലീസ് കണ്ടുകെട്ടി. മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്തു വകകളാണ് കണ്ടുകെട്ടിയത്.

എഴാം പ്രതി അഭീഷിന്‍റെ 29 ലക്ഷം രൂപ വിലവരുന്ന അഞ്ചര സെന്‍റ് ഭൂമിയും വീടും കാറും, അക്കൗണ്ടിലുണ്ടായിരുന്ന 50,000ഓളം രൂപയും, മൂന്നാം പ്രതി അബ്ദുൾ ജബ്ബാറിന്‍റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും സ്കൂട്ടറും ഭാര്യയുടെ പേരിലുള്ള കാറും കണ്ടുകെട്ടി.

ഒന്നാം പ്രതി മുഹമ്മദ് സഹീറിന്‍റെ 65,000 രൂപയും രണ്ട് കാറും ഒരു ബൈക്കും നാലാം പ്രതി കാസിമിന്‍റെ 63,000 രൂപയും എട്ടാം പ്രതി അനീഷിന്‍റെ ബൈക്കും 31,000 രൂപയും പത്താം പ്രതി സീമയുടെ 35,000 രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

വിവിധ ബാങ്കുകളിൽ പ്രതികളുടെ 12 അക്കൗണ്ടുകൾ കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളാണ് കണ്ടുകെട്ടിയിട്ടുള്ളത്. കല്ലൂർക്കാട് കഞ്ചാവ് കേസിലെ ഒരു പ്രതിയുടെ അഞ്ച് സെന്‍റ് സ്ഥലവും മറ്റൊരു പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും നേരത്തെ കണ്ടുകെട്ടിയിരുന്നു.

ഒന്നര വർഷത്തിനുള്ളിൽ റൂറൽ ജില്ലയിൽനിന്ന് 800 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. എഴുപതോളം പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഡിവൈഎസ്പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ ഉൾപ്പെടുന്ന ടീമാണ് അന്വേഷിച്ചു നടപടി സ്വീകരിച്ചത്.