മക്കൾ ഏറ്റവുമധികം മാതൃകയാക്കുന്നത് ആരെയാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു; സ്വന്തം മാതാപിതാക്കളെ. ഓരോ പ്രായത്തിലും സാഹചര്യത്തിലും ചില പോപ്പുലർ സ്റ്റാറുകളെ കുട്ടികൾ ഹീറോകളായി ആദരിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി അച്ഛനമ്മമാർതന്നെയാണ് അവർക്കു ഹീറോകൾ.
ജനനം മുതൽ അച്ഛനമ്മമാരെ അനുകരിച്ചും അനുസരിച്ചുമാണ് മക്കൾ വളരുക. ആ ശിക്ഷണമാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. മാതാപിതാക്കളുടെ വ്യക്തി, കുടുംബ ജീവിതപാളിച്ചകൾ മക്കളുടെ വ്യക്തിത്വത്തെ വികലമാക്കുമെന്നത് തീർച്ചയാണ്. അപ്പന്റെ കരുതലും അമ്മയുടെ വാത്സല്യവുമാണ് അവരെ വീഴാതെ സുരക്ഷിതരാക്കുന്നത്.
വ്യക്തിത്വം രൂപംകൊള്ളുന്ന പ്രധാന ഇടമാണ് വീട്. ജനനം മുതൽ സ്വന്തം വീടും കുടുംബവും ചെലുത്തുന്ന സ്വാധീനം ഏതൊരാളിലും പ്രധാനമാണ്. ഇത്തരത്തിൽ വ്യക്തിയുടെ പ്രഥമ പരിശീലന കളരിയാണ് വീട്ടകം. പ്രഥമ ഗുരുക്കൻമാർ മാതാപിതാക്കളും.
വ്യക്തിയെ കുലീനാക്കുന്നത് അവന്റെ വ്യക്തിത്വമാണ്. പെരുമാറ്റം, സംസാരം, സ്വഭാവം, ശരീരഭാഷ, അധ്വാനം, സദ്ഗുണം, ദൈവവിശ്വാസം തുടങ്ങി നൻമയുടെ നിരവധി ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സദ്ഗുണങ്ങങ്ങൾ അങ്കുരിപ്പിക്കുന്ന മാതാപിതാക്കളെ കുട്ടികൾ മാതൃകയാക്കുക മാത്രമല്ല അപ്പാടെ അനുകരിക്കുകയാണ്.
മക്കൾ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അത്തരത്തിൽ മാതാപിതാക്കൾ മാതൃകയായി മാറണം. വാക്കും നോട്ടവും ചെയ്തികളും വരെ അവരെ സ്വാധീനിക്കും. ഭക്ഷണം പോലെ പ്രധാനമാണ് ശിക്ഷണമെന്നത് വിസ്മരിച്ചുകൂടാ. ചിരിക്കാനും കരയാനും തുടങ്ങുന്നതു മുതൽ കുഞ്ഞുമനസിൽ നൻമയുടെയും വിശുദ്ധിയുടെയും ഭാവങ്ങളെ മാതാപിതാക്കളാണ് പകർന്നുകൊടുക്കേണ്ടത്. നല്ല സന്ദേശം അവരിലേക്കു പകരാനായാൽ അ സന്ദേശം മക്കൾ അടുത്ത തലമുറയിലേക്ക് പകരുകയും ചെയ്യും.
കുട്ടികൾക്ക് വഴി തെറ്റുന്നതായി കണ്ടാൽ സ്നേഹപൂർവമായ ശാസനയും തിരുത്തലും ബോധ്യങ്ങളും നൽകണം. അവരുടെ വീഴ്ചകൾക്കു നേരെ കണ്ണടക്കുന്നത് ഗുരുതരമായ തെറ്റാണ്. ചെറിയ തെറ്റുകളിൽപോലും ഇക്കാലത്ത് തിരുത്തൽ നൽകേണ്ടിയിരിക്കുന്നു. ടെലിവിഷനും മൊബൈൽ ഫോണും പോലുള്ള മാധ്യമങ്ങളുടെ ദൂഷിതവലയത്തിലാണ് കുട്ടികൾ.
രക്ഷിതാക്കളുടെ ജീവിതം മാതൃകാപരമെങ്കിൽ കുട്ടികൾ ഒരു ഘട്ടത്തിലും വഴിതെറ്റില്ല. മാതാപിതാക്കൾക്ക് എന്തൊക്കെ വീഴ്ചകളും കുറവുകളുമുണ്ടോ അതൊക്കെ ഏറെ മക്കളിലും പ്രതിഫലിക്കും എന്നത് അനുഭവമാണ്. പിതൃത്വവും മാതൃത്വം എന്നത് ചുമതലയും നിയോഗവും മാത്രമല്ല ദൈവികമായ ഉത്തരവാദിത്വവുമാണ്.
പി.യു. തോമസ്, നവജീവൻ
മാതാപിതാക്കളാവണം മക്കളുടെ ഹീറോ
11:25 PM Oct 08, 2022 | Deepika.com