എന്റെ സൗഹൃദ കൂട്ടായ്മയുടെ ചിത്രമാണ് ഇസ്തിരി എന്ന ഷോർട്ട് ഫിലിം. കഥയും
സംവിധാനവുമാണ് ഞാൻ നിർവഹിക്കുന്നത്. പത്തു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വസ്ത്രങ്ങൾ ഇസ്തിരിയിട്ടു ജീവിക്കുന്ന മുത്തുമണി എന്ന പെണ്‍കുട്ടിയുടെ കഥയാണ്.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളക്കമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെസ്നി ഖാൻ ഇനി പ്രേക്ഷകരുടെ മുന്നിലെത്തുന്നത് മറ്റൊരു വിലാസത്തിലാണ്. സംവിധായികയായി പുതിയ വേഷപ്പകർച്ചയിലാണ് താരം. സംവിധായകൻ സിദ്ധിഖ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് സംവിധായികയായുള്ള തെസ്നി ഖാന്റെ അരങ്ങേറ്റം പ്രേക്ഷകർ അറിയുന്നത്. ഇപ്പോൾ ചിത്രത്തിന്റെ അവസാനഘട്ട ജോലികളുടെ തിരക്കിൽ പുതിയ കാൽ വയ്പിനെക്കുറിച്ച് തെസ്നി ഖാന്റെ വാക്കുകളിലൂടെ...
സൗഹൃദകൂട്ടായ്മ
എന്റെ സൗഹൃദ ക ൂട്ടായ്മയുടെ ചിത്രമാണ് ഇസ്തിരി എന്ന ഷോർട്ട് ഫിലിം. കഥയും സംവിധാനവുമാണ് ഞാൻ നിർവഹിക്കുന്നത്. പത്തു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വസ്ത്രങ്ങൾ ഇസ്തിരിയിട്ടു ജീവിക്കുന്ന മുത്തുമണി എന്ന പെണ്‍കുട്ടിയുടെ കഥയാണ്. തന്റെ അനുജത്തിക്കും ഇളയ സഹോദരനും വേണ്ടി അധ്വാനിക്കുന്ന പെണ്‍കുട്ടിയുടെ അതിജീവനം ക്ലൈമാക്സിൽ ട്വിസ്റ്റോടെ പറയുന്നു.
ഒരുപിടി സ്ത്രീകൾ ചിത്രത്തിന്റെ പിന്നണിയിലും കാമറക്കു മുന്നിലും അണിനിരക്കുന്നു. ഗാനം സജിത ദേവസ്യയാണ് എഴുതിയത്. മോഡലിംഗ് രംഗത്ത് സജീവമായ സന്ധ്യ അയ്യരാണ് മുത്തുമണിയെ അവതരിപ്പിക്കുന്നത്. കാമറക്കു മുന്നിൽ ആദ്യമായി അഭിനയിക്കുകയാണ് സന്ധ്യ. നടി ബീനാ അന്റണിയുടെ മകൻ ആരോമൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആരോമലും പുതുമുഖം സ്നേഹയുമാണ് സഹോദരങ്ങളായ ശിവമണിയായും സായ്മണിയായും എത്തുന്നത്.
പിന്തുണ വലിയ ആത്മവിശ്വാസം
തിരക്കുകൾ കുറഞ്ഞ സമയത്താണ് സുഹൃത്തുക്കൾ ചേർന്ന് നമുക്കൊരു ഷോർട്ട് ഫിലിം ചെയ്യാമെന്നു ചിന്തിക്കുന്നത്. അങ്ങനെയാണ് കഥ രൂപപ്പെടുത്തുന്നതും എല്ലാവരും ചേർന്ന് കുട്ടിസിനിമയായി രൂപപ്പെടുത്തുന്നതും. സംവിധായകൻ സിദ്ധിഖാണ് ചിത്രത്തിന്റെ പൂജയ്ക്കു വിളക്കു കൊളുത്തിയത്.
തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വലിയ പിന്തുണ ആത്മവിശ്വാസം പകർന്നു. ഇവർക്കൊപ്പം സുഹൃത്തുക്കളുടെയും മറ്റു കലാകാരൻമാരുടെയും പിന്തുണയിൽ എല്ലാവരും കൂടിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡ്രീം ക്രിയേഷൻസ് എന്നാണ് നിർമാണസംരംഭത്തിന്റെ പേര്. പോസ്റ്റ് പ്രൊഡക്ഷൻ അവസാന ഘട്ടത്തിലെത്തിയ ചിത്രം ചലിച്ചിത്രമേഖലയിലും പുറത്തുമുള്ള സുഹൃത്തുക്കൾക്കും പ്രദർശിപ്പിച്ചതിനുശേഷം യുട്യൂബിലൂടെ മുന്നിലെത്തിക്കണമെന്നു പ്രതീക്ഷിക്കുന്നു.
സംവിധാനത്തിലേക്ക്
എന്റെ ജോലി അഭിനയമാണ്. സംവിധാനത്തിലേക്ക് കടക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ടെലിവിഷൻ പരിപാടി സിനിമാലയിൽ ഉള്ളപ്പോൾ അത് സംവിധാനം ചെയ്തത് ഡയാനയാണ്. പത്തു വർഷത്തോളം ഡയാനയ്ക്കൊപ്പം വർക്ക് ചെയ്തപ്പോഴൊക്കെ അവർ സംവിധാനം ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് സിനിമയിലെത്തിയപ്പോൾ അവിടെയും സിനിമയുടെ പിന്നണിയിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകൊടുത്തിരുന്നു. ഇക്കാലമായുള്ള അറിവുകളെ ഒരു ചെറിയ സംരംഭത്തിലൂടെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ചിത്രം. ഇസ്തിരി പ്രേക്ഷകർ സ്വീകരിച്ചാൽ വീണ്ടും ചെറിയ ചിത്രങ്ങൾ സൗഹൃദക്കൂട്ടായ്മയിൽ ഒരുക്കണമെന്നാണ് ആഗ്രഹം.
ഒരു കുട്ടി സിനിമ
ഒരു സിനിമയ്ക്കു വേണ്ട എല്ലാ തയാറെടുപ്പോടും സംവിധാനത്തോടുംകൂടി പരിമിതമായ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. വിനായക് എന്ന കലാകാരൻ അണിയിച്ചൊരുക്കിയ ഒരു ഗാനം ചിത്രത്തിലുണ്ട്. ഛായാഗ്രഹണം പ്രവീണ്‍ രാജും തിരക്കഥയും സംഭാഷണവും ജയരാജ് സെഞ്ച്വറിയും ഷിനോദ് മലയാറ്റൂരും ചേർന്ന് തയാറാക്കുന്നു. വളരെ എക്സിപീരിയൻസുള്ള അസോസിയേറ്റ് ഡയറക്ടർ ജോമോൻ ജോഷിയുടെ പിന്തുണയും നേട്ടമായി.
മേക്കപ്പിട്ടു തയാറായിക്കഴിഞ്ഞാൽ നമ്മുടെ സമയമാകുന്പോൾ അഭിനയിക്കുന്നതാണ് സാധാരണയായുള്ള ജോലി. എന്നാൽ സംവിധാനം വളരെ ടെൻഷനുള്ള ജോലിയാണെന്ന് ഈ ചിത്രത്തിൽ ഇറങ്ങിത്തിരിച്ചപ്പോഴാണ് മനസിലായത്. സിനിമയുടെ ഓരോ ഘട്ടത്തിലും നമ്മൾ ഒപ്പമുണ്ടാകണം. സീനിയേഴ്സായ സംവിധായകരെ പ്രതിഭകൾ എന്നു വിളിക്കുന്നതെന്താണെന്ന് ഇപ്പോൾ എനിക്കു കൃത്യമായി അറിയാം.
കഥ, സംവിധാനം തെസ്നി ഖാൻ
11:11 PM Oct 01, 2022 | Deepika.com