വ​രു​ത്തിവ​യ്ക്കു​ന്ന ദു​ർ​വി​ധി

10:51 PM Sep 17, 2022 | Deepika.com
മാ​യം​ചേ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് മാ​ര​ക​രോ​ഗ​ങ്ങ​ൾ വി​ല​യ്ക്കു​വാ​ങ്ങി വലയുന്ന​രു​ടെ എ​ണ്ണം ഏ​റി​വ​രു​ന്ന​താ​യി പ്ര​മു​ഖ അ​ർ​ബു​ദ ചി​കി​ത്സാ​വി​ദ​ഗ്ധ​ൻ ഈ​യി​ടെ പ​റ​ഞ്ഞ​ത് ഏവരുടെയും കണ്ണു​തു​റ​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ.
പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം ഉ​ൾ​പ്പെ​ടെ എ​ല്ലാ​റ്റി​ലും മാ​യം. മാ​യം എ​ന്നു പ​റ​ഞ്ഞാ​ൽ പോ​രാ മാരക വി​ഷം. ക​റി​പ്പൊ​ടി​ക്കൂ​ട്ടു​ക​ളി​ലും എ​ണ്ണ​യി​ലും ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന മാ​യം. ഇ​വ​യൊ​ക്കെ കൊ​ള്ള​വി​ല​യ്ക്കു വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ക​യും അ​കാ​ല​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​വു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ ദു​രി​ത​വേ​ദ​ന​ക​ൾ സമൂഹത്തിനു പാ​ഠ​മാ​യി മാ​റ​ണം.
ഈ ​ദു​ര​വ​സ്ഥ​യ്ക്ക് മാ​റ്റമുണ്ടാക്കാൻ ഇ​ക്കാ​ല​ത്താ​കു​മോ എ​ന്ന ചോദിച്ചേക്കാം. നാ​ടൊ​ന്നാ​കെ ശ്ര​മി​ച്ചാ​ൽ ഇതിനു മാ​റ്റം വ​രു​ത്താ​നാ​കു​മെ​ന്നാ​ണ് കാ​ൻ​സ​ർ വി​ദ​ഗ്ധ​ന്‍റെ മ​റു​പ​ടി. ല​ഭ്യ​മാ​യ ഇടങ്ങളിൽ പ​ച്ച​ക്ക​റി​യും നെ​ല്ലും ക​പ്പ​യും കാ​ച്ചി​ലും ചേ​ന​യും ചേ​ന്പും വാ​ഴ​യു​മൊ​ക്കെ ജൈ​വ​രീ​തി​യി​ൽ കൃ​ഷി​ചെ​യ്ത് വി​ള​വെ​ടു​ത്ത് ഉപയോഗിക്കാനാണ് ഡോ​ക്ട​ർ ഉ​പ​ദേ​ശി​ക്കുന്നത്.
അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ള്‌ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു​മ​യോ​ടെ അ​ധ്വാ​നി​ക്കാ​ൻ ത​യാ​റാ​ക​ണം. ഏ​റെ ആ​രോ​ഗ്യ​പ്ര​ദ​മാ​ണ് മ​ണ്ണി​ലെ കായികാ​ധ്വാ​ന​വു​മെ​ന്ന​ത് ഓരോ വ്യക്തിയും വി​സ്മ​രി​ക്ക​രു​ത്.
എ​ല്ലാ ഭക്ഷണസാധന​ങ്ങ​ൾ​ക്കും പൊതു മാ​ർ​ക്ക​റ്റി​നെ ആ​ശ്ര​യി​ക്കു​ന്ന ന​ഗ​ര​വാ​സി​ക​ളി​ലാണ് മാരക രോഗങ്ങൾ ഏറിവരുന്നതെന്നാണ് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ. അ​ധ്വാ​നി​ക്കാ​ൻ മ​ന​സു​ം സമയവുമുണ്ടെ​ങ്കി​ൽ സ്വ​ന്ത​മാ​യി പ​ഴം, പ​​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ൾ വി​ള​യി​ച്ചെ​ടു​ക്കാ​ൻ വീടിനോടു ചേർന്ന് അൽപം ഇടം മ​തി​യാ​കും. മണ്ണില്ലാത്തവർ‌ക്ക് ടെ​റ​സി​ൽ കൃ​ഷി​യാ​കാം. അ​ത​ല്ലെ​ങ്കി​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ക്കാം.
അ​യ​ൽ​ബ​ന്ധം ഉൗ​ഷ്മ​ള​മെ​ങ്കി​ൽ കൃ​ഷി വി​ഭ​വ​ങ്ങ​ൾ പ​ങ്ക​വ​യ്ക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഇ​ക്കാ​ല​ത്ത് ഏ​റ്റ​വും മാ​യ​മു​ള്ള​ത് പ​ച്ച​ക്ക​റി​യി​ലും പാ​ക്ക​റ്റ് പൊ​ടി​ക​ളി​ലും എ​ണ്ണ​യി​ലും മീ​നി​ലു​മാ​ണെന്നത് വിസ്മരിച്ചുകൂടാ.
മായം കലരാത്ത ധാ​ന്യ​ങ്ങ​ൾ പൊ​തു​വാ​യി വാ​ങ്ങി ക​ഴു​കി​യു​ണ​ക്കി പൊ​ടി​ച്ച് അയൽക്കാരും ബന്ധുക്കളും വീ​തം വ​ച്ചാ​ൽ സാ​ന്പ​ത്തി​ക​പ​ര​മാ​യും ആ​രോ​ഗ്യ​പര​മാ​യും നേ​ട്ട​മാ​ണ്. നാളികേരം ഉ​ണ​ക്കി എ​ണ്ണ ആ​ട്ടി​യെ​ടു​ത്താ​ൽ മായം കലർന്നവ വാങ്ങേണ്ടിവരില്ല. രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​നും ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​നും അ​യ​ൽ ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കാ​നും ഇ​ത്ത​രം പ​ങ്കു​വ​യ്ക്ക​ലു​ക​ൾ സ​ഹാ​യ​ക​മാ​കും. ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ലും ഭ​ക്ഷ്യ​ശൈ​ലി​യി​ലും ഒ​ട്ടും വൈ​കാ​തെ നാമൊക്കെ പ​ഴ​മ​യി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​യി​രി​ക്കു​ന്നു.
ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് എ​ന്തു​കൊ​ണ്ട് ഒ​രു സു​ര​ക്ഷി​ത ഭ​ക്ഷ്യ​വി​പ​ണി തു​റ​ന്നു​കൂ​ടാ. മാ​യ​മി​ല്ലാ​ത്ത പൊ​ടി​യി​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​ച്ചാ​റു​ക​ളു​മൊ​ക്കെ ത​യാ​റാ​ക്കി വി​ൽ‌​പ​ന​ ന​ട​ത്തി വീ​ട്ട​മ്മ​മാ​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​കാം. ചെ​റി​യ സാ​ന്പ​ത്തി​ക നേ​ട്ടം ല​ഭി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല വി​ഷ​മി​ല്ലാ​ത്ത​വ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ക​യും ചെ​യ്യും.
പരന്പരാഗത നാ​ട​ൻ പ​ച്ച​ക്ക​റി​ ഇനങ്ങളെ​ല്ലാം ഈ തലമുറയ്ക്കു കൈ​മോ​ശം വ​ന്നി​രി​ക്കു​ന്നു. പ​യ​റും പാ​വ​ലും കോ​വ​ലും അ​മ​ര​യും ചീ​ര​യും താ​ളും മു​രി​ങ്ങ​യും മ​ത്ത​നും കു​ന്പ​ള​വു​മൊ​ക്കെ​യാ​യി കൈ​മോ​ശം സം​ഭ​വി​ച്ചുപോയ രു​ചി​വൈ​വി​ധ്യങ്ങൾ ഈ തലമുറ വീ​ണ്ടെ​ടു​ക്ക​ണം. മ​ണ്‍​ക​ല​വും മ​ണ്‍​ച​ട്ട​യും മ​ര​ത്ത​വി​യു​മൊ​ക്കെ അ​ടു​ക്ക​ള​യി​ലേ​ക്ക് തി​രി​കെ വ​ര​ണം. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യ​തും വി​ധേ​യ​പ്പെ​ട്ട​തു​മാ​യ പ​ഴ​യ​ ജീ​വി​തസം​സ്കാ​ര​വും ഭ​ക്ഷ​ണ​ക്ര​മ​വു​മാ​യി​രു​ന്നു പൂ​ർ​വി​ക​രു​ടെ ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ആ​യു​സി​ന്‍റെ​യും അ​ടി​സ്ഥാ​നം. ഇ​ക്കാലത്തെ ഫാ​സ്റ്റ് ഫു​ഡ്ഡു​ക​ൾ നാവിൽ കൃ​ത്രി​മരു​ചി പ​ക​രു​ന്നു​ണ്ടാ​വാം, പ​ക്ഷെ ആ​രോ​ഗ്യ​വും ആ​യു​സും ത​രു​ന്നി​ല്ല.
നാ​യും ന​രി​യും എ​ലി​യും പാ​ർ​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ ഷെ​ഡ്ഡു​ക​ളി​ൽ ത​യാ​റാ​ക്കി വ​ിൽ​ക്കു​ന്ന വ​ഴി​യോ​ര വി​ഭ​വ​ങ്ങ​ളു​ടെ മോ​ശ​മാ​യ നി​ല​വാ​രം ആ​രും​ത​ന്നെ നോ​ക്കാ​റി​ല്ല. ഓ​ർ​മി​ക്കു​ക, ഇ​ക്കാ​ല​ത്ത് മാ​ര​ക രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ൽ‌ പ്ര​ധാ​ന ഘ​ട​കം വി​ഷ​ലി​പ്ത​മാ​യ ഭ​ക്ഷ​ണ​മാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ക​രും ആ​രോ​ഗ്യ​വ​കു​പ്പും പു​ല​ർ​ത്തു​ന്ന ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ ഈ ​രം​ഗ​ത്തു കൊ​ടി​കു​ത്തി​വാ​ഴു​കയാണ്. ഈ ​വ​കു​പ്പുകളിലെ പെ​രു​കു​ന്ന കൈ​ക്കൂ​ലി​യും അ​ഴി​മ​തി​യു​മൊ​ക്കെ എ​ത്ര​യോ മ​നു​ഷ്യ​രെ​യാ​ണ് രോ​ഗി​ക​ളാ​ക്കി മാ​റ്റാ​ൻ കാ​ര​ണ​മാ​കു​ന്ന​ത് . വി​ഷ​ല്പ​മാ​യ​വ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക വ​ഴി ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളെ രോ​ഗ​ക്കി​ട​ക്ക​യി​ലേ​ക്ക് ഒ​റ്റു​കൊ​ടു​ക്കു​ക​യാ​ണെ​ന്നേ പ​റ​യാ​നാ​കൂ.
നാം ​പ​ഴ​യ കാ​ർ​ഷി​ക അ​ധ്വാ​ന​ത്തി​ലേ​ക്കും സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്കും മടങ്ങിവരേണ്ട കാലം വൈ​കിയിരിക്കുന്നു. അ​ധ്വാ​നി​ച്ചും പ​ര​സ്പ​രം പ​ങ്കു​വ​ച്ചും പ​ഴ​​മ​യു​ടെ ഭ​ക്ഷ്യ കാ​ർ​ഷി​ക സം​സ്കാ​രം വീ​ണ്ടെ​ടു​ക്കാ​ൻ ഏവർക്കും കൈ​കോ​ർ​ക്കാം.

പി.യു. തോമസ്