ആളില്ലാതെ ഫീ​ഡ​ര്‍ ബ​സു​ക​ള്‍; നിറം കുഴപ്പമായെന്നു കെഎസ്ആർടിസിക്കു സംശയം

04:08 PM Apr 19, 2022 | Deepika.com
കൊച്ചി: സര്‍വീസ് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും യാത്രക്കാരില്ലാതെ കെഎസ്ആര്‍ടിസി ബൈപ്പാസ് ഫീഡര്‍ ബസുകള്‍. ഓറഞ്ചും വെള്ളയും ചേര്‍ന്ന വരകളാണ് ഫീഡര്‍ ബസുകളുടേത്. ഇത് യാത്രക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാവാം ആളുകള്‍ കയറാത്തതിനു കാരണമെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിലയിരുത്തൽ.

പ്രത്യേക നിറം കണ്ട് അധിക ചാര്‍ജായിരിക്കും ഈടാക്കുകയെന്നു കരുതിയാണ് പലരും ബസില്‍ കയറാത്തതെന്ന് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. യാത്രക്കാര്‍ കയറാത്തതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ബസിനു മുന്നില്‍ ഓര്‍ഡിനറി ചാര്‍ജ് എന്ന ബോര്‍ഡ് വച്ചുവെങ്കിലും പഴയ അവസ്ഥതന്നെയാണ് ഇപ്പോഴും.

പ്രതിദിനം രണ്ടായിരം രൂപയ്ക്ക് താഴെയാണ് ഫീഡര്‍ ബസില്‍നിന്നു ലഭിക്കുന്നത്. ഇന്ധനവില ദിവസേന വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍വീസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. ഫീഡര്‍ ബസുകളുടെ നിറം മാറ്റിയാല്‍ യാത്രക്കാരെ ലഭിക്കുമെന്നു കാണിച്ച് എറണാകുളം കെഎസ്ആര്‍ടിസി അധികൃതര്‍ , മാനേജിംഗ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിട്ടുണ്ട്.

ബൈപ്പാസ് റൈഡര്‍ ബസുകളില്‍ വന്നെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഫീഡര്‍ സര്‍വീസ് തുടങ്ങിയത്. നിലവില്‍ അഞ്ചു ഫീഡര്‍ ബസുകളാണ് വൈറ്റില- വൈറ്റില റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. വൈറ്റിലയില്‍നിന്ന് പള്ളിമുക്ക്, ബോട്ടുജെട്ടി, മേനക, പാലാരിവട്ടം വഴി വൈറ്റിലയിലേക്കാണ് മൂന്ന് ബസുകള്‍ . രണ്ട് ബസുകള്‍ വൈറ്റിലയില്‍നിന്ന് ചക്കരപ്പറമ്പ്, പൈപ്പ്ലൈന്‍, പാലാരിവട്ടം, കലൂര്‍, ഹൈക്കോടതി, മേനക വഴി വൈറ്റിലയിലേക്കും. രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെയാണ് സര്‍വീസ് സമയം.

അതേസമയം, ബൈപ്പാസ് റൈഡര്‍ ബസുകള്‍ ആരംഭിക്കുന്നതോടെ യാത്രക്കാരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍ . ദീര്‍ഘദൂര ബസുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് ഫീഡര്‍ ബസുകളില്‍ യാത്ര സൗജന്യമാണ്. മറ്റുള്ളവര്‍ ടിക്കറ്റ് എടുക്കണം. ബൈപ്പാസ് റൈഡര്‍ ബസുകള്‍ തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലാണ് ആദ്യം സര്‍വീസ് നടത്തുന്നത്. എല്ലാ സര്‍വീസുകളും വൈറ്റില ഹബിലെത്തും.