ന​വ​തി​യു​ടെ നി​റ​വി​ൽ ജോ​ർ​ജ് സാ​ർ ക്ലാ​സി​ലു​ണ്ട്!

04:53 AM Sep 04, 2022 | Deepika.com
തൊ​ണ്ണൂ​റാം വ​യ​സി​ലും ക്ലാ​സ്മു​റി​യി​ൽ പ്ര​ഫ.​ജോ​ർ​ജ് ജോ​സ​ഫ് പ്ര​ഗ​ത്ഭ​നാ​യ അ​ധ്യാ​പ​ക​നാ​ണ്. പ​ഠി​ച്ച​ത് സാ​ന്പ​ത്തി​ക ശാ​സ്ത്ര​മാ​യ​തി​നാ​ൽ ഈ ​വി​ഷ​യ​ത്തി​ലെ നൂ​ത​ന​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും സ്വാ​യ​ത്ത​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ലെ​ത്തു​ന്ന ക​ർ​മ​യോ​ഗി. ജ്ഞാ​ന​ത്തെ സ്മ​രി​ക്കു​ന്ന​ത് തേ​നി​നെ​ക്കാ​ളും അ​വ​ളെ സ്വ​ന്ത​മാ​ക്കു​ന്ന​ത് തേ​ൻ​ക​ട്ട​യെ​ക്കാ​ളും മാ​ധു​ര്യം പ​ക​രു​മെ​ന്ന ബൈ​ബി​ളി​ലെ പ്ര​ഭാ​ഷ​ക വ​ച​ന​മാ​ണ് ജോ​ർ​ജ് സാ​റി​ന്‍റെ ജീ​വി​തദ​ർ​ശ​നം. അ​ധ്യാ​പ​ക​ന് വി​ര​മി​ക്ക​ലും അ​ധ്യാ​പ​ന​ത്തി​ന് വി​ശ്ര​മ​വു​മി​ല്ലെ​ന്നു പ​റ​യു​ന്ന പ്ര​ഫ​സ​റു​ടെ ക്ലാസ് 67 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. പ്രാ​യം തെ​ല്ലും തളർത്താതെ ബിഎ, എംഎ ക്ലാ​സു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ ഇ​ദ്ദേ​ഹം സ​ജീ​വ​മാ​ണ്. മൂവാറ്റുപുഴ നിർമല കോ​ള​ജി​ൽ ല​ക്ച​റ​ർ, പ്ര​ഫ​സ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​ക​ളി​ലും തൊടുപുഴ ന്യൂമാൻ കോളജിൽ ഇക്കണോമിക്സ് വകുപ്പുമേധാവിയായും സേ​വ​ന​മ​നു​ഷ്ഠി​ച്ച​ശേ​ഷ​വും തു​ട​രു​ക​യാ​ണ് ​സ​പ​ര്യ.

അ​ധ്യാ​പ​നം വിദ്യാർഥികളുടെ ഹൃ​ദ​യ​ത്തി​ലേ​ക്കു പ​ക​രു​ന്ന അ​റി​വി​ന്‍റെ തീ​ർ​ത്ഥ​യാ​ത്ര​യാ​ണെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീക്ഷണം. കോളജ് പ​ഠ​ന​കാ​ല​ത്ത് ഐ​എ​എ​എ​സു​കാ​രനാകാൻ മോ​ഹി​ച്ചി​രു​ന്നെ​ങ്കി​ലും നി​യോ​ഗം അ​ധ്യാ​പ​ന​മാ​യി​രു​ന്നു. അറിവിന്‍റെ ലോകത്തുള്ള ഈ സഞ്ചാരം സ​ന്തോ​ഷ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും തു​ട​രാ​കു​ന്ന​തി​ന്‍റെ സം​തൃ​പ്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്. സുദീർഘമായ അധ്യാപനകാലഘട്ടത്തിൽ ഇ​ദ്ദേ​ഹത്തിനു സ്വന്തമായ ശി​ഷ്യ​സ​ന്പ​ത്ത് ഏറെ വലുതാണ്.

വാ​ഴ​ക്കു​ള​ത്തെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യും പ്രമുഖ ക​ർ​ഷ​ക​നു​മാ​യി​രു​ന്ന വേ​ങ്ങ​ച്ചു​വ​ട് ക​ല്ലു​ങ്ക​ൽ ചാ​ക്കോ വ​ർ​ഗീ​സി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് പ്ര​ഫ.​ജോ​ർ​ജ് ജെ​യിം​സ്.​ വേ​ങ്ങ​ച്ചു​വ​ട് സെ​ന്‍റ് തോ​മ​സ്, വാ​ഴ​ക്കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂളുകളിലെ പഠനശേഷം തിരുച്ചിറ​പ്പള്ളി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റും ബി​എ ഇ​ക്ക​ണോ​മി​ക്സി​ൽ ഓ​ണേ​ഴ്സും പാ​സാ​യി.

തു​ട​ർ​ന്നു ഒ​രു​ വ​ർ​ഷം മ​ദ്രാ​സ് ലെ​യോ​ള കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു.1956 ജൂ​ണ്‍ 18നു ​മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ ല​ക്ച​റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1985 ൽ ​ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം ത​ല​വ​നാ​യി. തുടര്‌ന്ന് രണ്ടു വർഷം തൊടുപുഴ ന്യൂമാൻ കോളജിൽ വകുപ്പുമേധാവിയായി. 1987ൽ നിർമല കോളജ് വൈസ് പ്രിൻസിപ്പലായി മടങ്ങിയെത്തി. 1988ൽ ​പ്രി​ൻ​സി​പ്പ​ലു​മാ​യി.​ രണ്ടു കോളജുകളിലായി 37 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന​ത്തി​നു ശേ​ഷം 1993ൽ ​ഔദ്യോഗികമായി വി​ര​മി​ച്ചു.

പിന്നീട് തൊ​ടു​പു​ഴ കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും അധ്യാപകനുമായി മൂന്നു പതിറ്റാണ്ടായി ഇദ്ദേഹം അധ്യാപനം തുടരുകയാണ്.

വാ​യ​ന​യാ​ണ് ജോർജ് സാറിന്‍റെ പ്ര​ധാ​ന ഹോ​ബി. ആം​ഗ​ലേ​യ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ തുൾ​പ്പെ​ടെ വിപുലമായ ഗ്രന്ഥങ്ങൾ ശേ​ഖ​ര​ത്തി​ലു​ണ്ട്. പ്രീഡിഗ്രി, ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സർവകലാശാല ശിപാ​ർ​ശ ചെ​യ്ത പു​സ്ത​ക​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണം ഇ​ദ്ദേ​ഹം എ​ഴു​തി​യ​വ​യാ​ണ്. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ രം​ഗ​പ്ര​വേ​ശ​ത്തോ​ടെ വാ​യ​ന ഇ​ന്ന​ത്തെ ത​ല​മു​റ​യി​ൽ കു​റ​ഞ്ഞു​വ​രു​ന്പോ​ൾ അക്ഷരസപര്യയിലൂടെ വി​ജ്ഞാ​ന​ത്തി​ന്‍റെ മു​ത്തു​ക​ൾ ആ​വോ​ളം സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു ന​ൽ​കാ​നു​ള്ള സ​ന്ദേ​ശം.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ അം​ഗം, സ​ബ്ജ​ക്ട് എ​ക്സ്പേ​ർ​ട്ട്, വാ​ഴ​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. തൊ​ടു​പു​ഴ ഉ​പാ​സ​ന സാം​സ്കാ​രി​കകേ​ന്ദ്രം ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വു​മാ​യി​രു​ന്നു. നി​ല​വി​ൽ വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്. ഭാ​ര്യ സി​സി​ലി. മ​ക്ക​ൾ: ജോ​ജി (അമേരിക്ക), ജോ​സ​ഫ്( ബം​ഗ​ളൂ​രു), ജീ​ന (ഓ​സ്ട്രേ​ലി​യ), ജി​മ്മി (ഓ​സ്ട്രേ​ലി​യ).

ജയിസ് വാട്ടപ്പള്ളി
ഫോ​ട്ടോ: അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ