ചേരുവകൾ: 1.പാവയ്ക്ക (നുറുക്കിയത്)- എണ്ണൂറ് ഗ്രാം, 2.വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍, 3.വാളൻപുളി- ഒരു ചെറുനാരങ്ങ വലിപ്പം, 4.തേങ്ങാ ചുരണ്ടിയത്- ഒരു കപ്പ്, 5.ചുവന്നുള്ളി- രണ്ടെണ്ണം, കൊത്തമല്ലി- രണ്ടു ചെറിയ സ്പൂണ്‍, ജീരകം- അര ടീസ്പൂണ്‍, 6.കടുക്- അര ചെറിയ സ്പൂണ്‍, വറ്റൽ മുളക്- നാലെണ്ണം, കറിവേപ്പില- കുറച്ച്
തയാറാക്കുന്ന വിധം: ചീനച്ചട്ടിയിൽ ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ/ വെളിച്ചണ്ണ ഒഴിച്ച് ചൂടാകുന്പോൾ നുറുക്കിയ പാവയ്ക്ക ഇട്ട് വറുത്തുകോരുക. അതിനുശേഷം ഒരു പാത്രത്തിൽ വറുത്തെടുത്ത പാവയ്ക്കയിട്ടു വേവിക്കുക. പിന്നീട് നാലാമത്തെയും അഞ്ചാമത്തെയും സാധനങ്ങൾ വെളിച്ചെണ്ണയിൽ വറുത്തെടുത്ത് അരച്ചു കലക്കിയ കറിയിൽ ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കുക. വലിയ ഒരു സ്പൂണ്‍ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും മൂപ്പിച്ച് ചേർത്ത് ഇളക്കി വാങ്ങുക.
പൈനാപ്പിൾ പച്ചടി
ചേരുവകൾ: വിളഞ്ഞു പഴുത്ത പൈനാപ്പിൾ- രണ്ടെണ്ണം (മൂന്ന് കിലോ), ഏത്തപ്പഴം- രണ്ടെണ്ണം, പഞ്ചസാര- അര കപ്പ്, നാളികേരം- ചുരണ്ടിയത് കാൽ കപ്പ്, വലുപ്പം കുറഞ്ഞ പുളിയില്ലാത്ത പഞ്ചമുന്തിരി- അര കപ്പ്, കടുക്- മൂന്ന് സ്പൂണ്‍, വെളിച്ചെണ്ണ- രണ്ടു സ്പൂണ്‍, വറ്റൽ മുളക്- നാലെണ്ണം, കറിവേപ്പില- രണ്ടു തണ്ട്, മുളകുപൊടി- ഒരു സ്പൂണ്‍, മഞ്ഞൾപ്പൊടി- അര സ്പൂണ്‍, ഉപ്പ്- പാകത്തിന്, അണ്ടിപ്പരിപ്പ്- കാൽ കപ്പ്
തയാറാക്കുന്ന വിധം: പൈനാപ്പിൾ തൊണ്ടുചെത്തി നന്നെ ചെറുതായി കൊത്തിയരിയണം. ഏത്തപ്പഴം തൊണ്ടുകളഞ്ഞ് നീളത്തിൽ കീറി കനം കുറച്ചരിയണം. ഒരു സ്പൂണ്‍ കടുക് പൊട്ടിച്ചു വയ്ക്കണം. നാളികേരം മിക്സിയിൽ വെള്ളം ചേർക്കാതെ പൊടിക്കണം. മുന്തിരി അടർത്തിയെടുത്ത് നല്ലവണ്ണം കഴുകി തുടച്ചുവയ്ക്കണം. അടി കട്ടിയുള്ള ഉരുളിയിൽ പൈനാപ്പിളും ഏത്തപ്പഴവും ആവശ്യത്തിന് മാത്രം വെള്ളമൊഴിച്ചു തിളപ്പിച്ചു വേവിക്കണം. അണ്ടിപ്പരിപ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി ഇവ ചേർക്കണം. നല്ലവണ്ണം വെന്ത് വെള്ളം വറ്റി കട്ടിയായി വരുന്പോൾ പഞ്ചസാര ചേർത്ത് വീണ്ടും വഴറ്റണം. ഇളക്കി ചട്ടുകത്തിൽനിന്നും വിട്ടുപോരാത്ത അവസ്ഥയിൽ കട്ടിയാകുന്പോൾ തീ കെടുത്തണം. കടുക് പൊടിച്ചതും നാളികേരവും ചേർത്ത് ഇളക്കി തണുത്ത് നല്ലവണ്ണം കട്ടിയാകുന്പോൾ മുന്തിരി ചേർക്കണം. കടുക് താളിച്ചുചേർത്ത് എല്ലാംകൂടി യോജിപ്പിക്കണം. എരുവും മധുരവും ഇളംപുളിയും ചേർന്ന ഇതിന്റെ സ്വാദ് ഇഷ്ടമാകും.
എരിശേരി
ചേരുവകൾ: 1. ചേന കഷണങ്ങളാക്കിയത്- നാലു കപ്പ്, 2. മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍, ജീരകം- അൽപം, മഞ്ഞൾ പൊടി- ഒരു ചെറിയ സ്പൂണ്‍, 3. തേങ്ങാ ചുരണ്ടിയത്- ഒരു കപ്പ്, 4. വെളിച്ചെണ്ണ- നാല് വലിയ സ്പൂണ്‍, 5. കടുക്- രണ്ടു വലിയ സ്പൂണ്‍, 6. വറ്റൽ മുളക്- രണ്ടെണ്ണം, 7. തേങ്ങാ ചുരണ്ടിയത്- നാലു വലിയ സ്പൂണ്‍, 8. കറിവേപ്പില- ആവശ്യത്തിന്
തയാറാക്കുന്ന വിധം: ചേനക്കഷണങ്ങൾ പാകത്തിനു വെള്ളവും ചേർത്ത് പാത്രത്തിന്റെ അടിയിൽ പിടിക്കാതെ നന്നായി വേവിച്ചുടയ്ക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും സാധനങ്ങൾ അരകല്ലിൽവച്ച് നന്നായി അരച്ചെടുത്ത് പാകത്തിന് ഉപ്പുനീരു ചേർത്ത് ഇളക്കി വാങ്ങുക. വെളിച്ചെണ്ണ ചൂടാകുന്പോൾ ഏഴാമതു പറഞ്ഞിരിക്കുന്ന തേങ്ങാ ചിരണ്ടിയതും കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നവയും ക്രമത്തിലിട്ട് മൂപ്പിച്ച് അരപ്പുചേർത്ത് തിളപ്പിച്ചുവച്ചിരിക്കുന്ന ചേനക്കറിയിൽ കുടഞ്ഞിട്ട് യോജിപ്പിച്ച് ഇളക്കി വാങ്ങുക.
പച്ചടി
ചേരുവകൾ: അധികം പുളിയില്ലാത്തതും പുതിയതുമായ കട്ടത്തൈര് (ഉടച്ച് എടുത്തത്)- ഒരു കപ്പ്, സവാള വട്ടത്തിൽ അരിഞ്ഞത് അല്പം ഉപ്പു തളിച്ച് തിരുമ്മിയത്- കാൽ കപ്പ്, പച്ചമുളക് അരിഞ്ഞത്- അര ചെറിയ സ്പൂണ്‍
തയാറാക്കുന്ന വിധം: മേൽപറഞ്ഞ ചേരുവകൾ എല്ലാംകൂടി ഒരു പാത്രത്തിലാക്കി യോജിപ്പിച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
അവിയൽ
ചേരുവകൾ: 1. കഷണങ്ങൾ: ഏത്തയ്ക്ക, വെള്ളരിക്ക, വഴുതനങ്ങ, കോവയ്ക്ക, ചേന, ഉരുളക്കിഴങ്ങ്, മുരിങ്ങക്ക (ഇവയെല്ലാം കനംകുറച്ച് കഷണിച്ചത്.)- ഒരു കിലോ, 2. മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍, മഞ്ഞൾ പൊടി- ഒരു ചെറിയ സ്പൂണ്‍, 3. പച്ചമുളക് (കീറിയത്)- 16 എണ്ണം, 4. മാങ്ങാ (കഷണങ്ങളാക്കിയത്)- അര കപ്പ് (പുളിക്കു മാത്രം), 5. തേങ്ങാ ചുരണ്ടിയത്- രണ്ടു കപ്പ്, 6. വെളിച്ചെണ്ണ- അര കപ്പ്, 7. കറിവേപ്പില- ആവശ്യത്തിന്.
തയാറാക്കുന്ന വിധം: ഒരു പാത്രത്തിൽ കഷണങ്ങൾ ഇട്ട് ആവശ്യത്തിന് വെള്ളവും ഉപ്പുനീരും പച്ചമുളക് കീറിയതും ചേർത്ത് വേവിക്കുക. രണ്ടും അഞ്ചും സാധനങ്ങൾ മയത്തിൽ കല്ലിൽ വച്ച് അരച്ച് ആ അരപ്പുചേർത്ത് ഇളക്കുക. മാങ്ങാ കഷണങ്ങൾകൂടി ചേർത്ത് ഒന്നുകൂടി വേവിക്കുക. വെന്തു കഴിഞ്ഞാൽ വാങ്ങിവെച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് യോജിപ്പിച്ച് വാങ്ങുക.
കൂട്ടുകറി
വടക്കന്‍ കേരളത്തില്‍ പ്രചാരമുള്ള കൂട്ടുകറിയില്‍ ചേനയും ഏത്തയ്ക്കയും കടലയുമാണ് ഉപയോഗിക്കുന്നത്.
ചേരുവകൾ: ഒരു സെന്റിമീറ്റര്‍ ചതുരത്തില്‍ നുറുക്കിയ ചേന- നാലു കപ്പ്, തൊലി കളഞ്ഞ് നാലായി കീറി ചെറുതായി നുറുക്കിയ കായ- മൂന്നു കപ്പ്, ചുവന്ന കടല- നൂറ് ഗ്രാം, നാളികേരം ചിരണ്ടിയത്- രണ്ടര കപ്പ്, ഉപ്പ്- പാകത്തിന്, മഞ്ഞൾപ്പൊടി- അര ടീസ്പൂൺ, മുളകുപൊടി- രണ്ട് ടീ സ്പൂൺ, കടുക്- രണ്ട് സ്പൂൺ, ഉലുവ- അര സ്പൂൺ, ജീരകം- അര സ്പൂൺ, കറിവേപ്പില- രണ്ടു തണ്ട്, വെളിച്ചെണ്ണ- 150 മില്ലി, ഉഴുന്നുപരിപ്പ്- രണ്ട് സ്പൂൺ.
തയാറാക്കുന്ന വിധം: കുതിർത്ത കടല വയ്ക്കണം. നാളികേരം ജീരകം ചേർത്ത് അരയ്ക്കണം. ഉരുളിയിൽ നൂറു മില്ലി വെളിച്ചെണ്ണ മൂപ്പിച്ച് കടുക്, ഉലുവ, ഉഴുന്നുപരിപ്പ് എന്നിവയിട്ട് ചെറുതീയിൽ കടുകു പൊട്ടിത്തുടങ്ങുന്പോൾ ചതച്ച ബാക്കിയുള്ള രണ്ടു കപ്പ് നാളികേരവും കറിവേപ്പിലയുംകൂടിയിട്ട് നാളികേരം ചുവക്കുന്നതുവരെ ഇളക്കി വറക്കണം. ഇത് മറ്റൊരു പാത്രത്തിലേക്കു മാറ്റുക. കട്ടിയുള്ള പാത്രത്തിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് കടലയിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ചു വേവിക്കുക. അതിലേക്ക് കഷണങ്ങൾ കഴുകിയിട്ട് കുരുമുളക്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർക്കണം. ഇളംതീയിൽ കഷണങ്ങൾ വേവിച്ചെടുക്കണം. നന്നായി വെന്തുകഴിയുന്പോൾ ഇളക്കി യോജിപ്പിച്ച് വറ്റിച്ചെടുക്കുക. ഇതിലേക്ക് വറുത്ത നാളികേരം നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു കതിര് കറിവേപ്പില മുകളിൽ ഇടുക. ചൂടോടെ ഉപയോഗിക്കണം.
ഇഞ്ചിക്കറി
ചേരുവുകൾ: 1. ഇഞ്ചി (അരിഞ്ഞത്)- അര കപ്പ്, 2. മല്ലി- രണ്ടു വലിയ സ്പൂണ്‍, ഉലുവ- 1/4 ചെറിയ സ്പൂണ്‍, കടുക്- കാൽ ചെറിയ സ്പൂണ്‍, 3. നല്ലെണ്ണ- ഒരു വലിയ സ്പൂണ്‍, 4. വെളിച്ചെണ്ണ- രണ്ടു വലിയ സ്പൂണ്‍, 5. വാളൻപുളി- രണ്ടു ചെറിയ സ്പൂണ്‍, 6. ശർക്കര- പാകത്തിന്, 7. കടുക്- കാൽ ചെറിയ സ്പൂണ്‍, 8. കറിവേപ്പില- ആവശ്യത്തിന്, 9. വറ്റൽ മുളക് (മുറിച്ചത്)- നാല് എണ്ണം
തയാറാക്കുന്ന വിധം: ഇഞ്ചി കൊത്തിയരിഞ്ഞത് ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുന്പോൾ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്തുകോരുക. ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുന്പോൾ രണ്ടാമത്തെ സാധനങ്ങൾ ക്രമത്തിന് ഇട്ടു മൂപ്പിച്ചുവാങ്ങി നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ വറുത്തെടുത്ത ഇഞ്ചിയും ആവശ്യത്തിന് വാളൻപുളി കലക്കിയ വെള്ളവും മേൽപറഞ്ഞ അരച്ചെടുത്ത സാധനങ്ങളും ഉപ്പുനീരും ചേർത്ത് ഇളക്കി തിളപ്പിക്കുക. രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുന്പോൾ കടുക് മൂപ്പിച്ചെടുത്ത് കറിയിൽ ചേർക്കുക. ഇഞ്ചിക്കറി ഒരുവിധം കൊഴുക്കുന്ന സമയം പാകത്തിന് മധുരം ആകത്തക്കവിധം ശർക്കരകൂടി ചീകി ചേർക്കുക. നന്നായി ഇളക്കി തണുത്തശേഷം പാത്രത്തിൽനിന്നു തവികൊണ്ട് കോരി ഭരണിയിൽ ഒഴിച്ചുവച്ച് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുക.
പഴയിടം മോഹനൻ നന്പൂതിരി