പായസങ്ങളിൽ ഒന്നാമനാണ് അടപ്രഥമൻ. അരി അടയാണ് പ്രധാന കൂട്ട്. ഇത് കടകളിൽ വാങ്ങാൻ കിട്ടും. അതല്ലെങ്കിൽ അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച് വായിലയിൽ നന്നായി കനം കുറച്ച് പരത്തി പുഴുങ്ങി തയാറാക്കാം.
ചേരുവകൾ: അട കഷണങ്ങളാക്കിയത്- മുക്കാൽ കപ്പ്, ശർക്കര ഉരുക്കി അരിച്ചത്- മുക്കാൽ കപ്പ്, ഒരു തേങ്ങ ചുരണ്ടിയത്, നെയ്യ് രണ്ടു വലിയ സ്പൂണ്. കശുവണ്ടിയും ഉണക്ക മുന്തിരിയും- അര കപ്പ്, ഏലയ്ക്കാപപൊടി- ഒരു ടീസ്പൂണ്.
തയാറാക്കുന്ന വിധം: അടക്കഷണങ്ങൾ രണ്ടു കപ്പ് പാചകം ചെയ്യുന്ന ഉരുളിയിൽ തിളച്ച വെള്ളത്തിൽ വേവിച്ചെടുക്കുക. ഒട്ടിപ്പിടിക്കാതെ ഇളക്കിക്കൊടുക്കണം. വെന്ത വെള്ളം ഉൗറ്റിക്കളയുക. തേങ്ങ ചുരണ്ടി ഒരു കപ്പ് ഒന്നാംപാലും രണ്ടു കപ്പ് രണ്ടാംപാലും തയാറാക്കി വയ്ക്കുക. നെയ്യ് ചൂടാക്കി കശുവണ്ടിയും മുന്തിരിയും മൂപ്പിച്ചെടുക്കുക. രണ്ടാം പാൽ രണ്ടു കപ്പും ശർക്കരയും ചൂടാക്കി വേവിച്ച അട ചേർത്ത് ഇളക്കി വറ്റാറാകുന്പോൾ ഒന്നാം പാൽ ചേർത്തിളക്കി പായസം പാകമാകാൻ ഇറക്കിവയ്ക്കാം. ഇതിലേക്ക് നെയ്യിൽ മൂപ്പിച്ചതും ഏലയ്ക്കാപ്പൊടിയും യോജിപ്പിച്ച് ചൂടാറുംമുന്പ് വിളന്പാം.
അരി പായസം
ചേരുവകൾ: അര കപ്പ് നല്ലയിനം പച്ചരി, പാൽ ഒരു ലിറ്റർ, ഒന്നേമുക്കാൽ കപ്പ് പഞ്ചസാര, ഒരു ടേബിൾ സ്പൂണ് നെയ്യ്. അര കപ്പ് കശുവണ്ടി, ഏലക്കായ പൊടിച്ചത് ഒരു ടീസ്പൂണ്, ലഭ്യമെങ്കിൽ ഒരു നുള്ള് കുങ്കുമപ്പൂവ്.
തയാറാക്കുന്ന വിധം: അരി കഴുകി കുതിരാൻ വയ്ക്കുക. നെയ്യ് ചൂടാക്കി കശുവണ്ടി വറുത്തെടുക്കുക. അരി പ്രഷർ കുക്കറിൽ ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച്ചെടുക്കുക. കട്ടിയുള്ള ഒരു പാനിൽ പാൽ ചൂടാക്കി ഇതിൽ വേവിച്ച ചോറ് ചേർത്തിളക്കുക.പാൽ വറ്റാൻ തുടങ്ങിയാൽ പഞ്ചസാര ചേർത്ത് ഇളക്കുക. ഇത് അലിഞ്ഞുചേർന്നതിനുശേഷം പാകത്തിന് കുറുകിയാൽ ഇറക്കിവയ്ക്കാം. ഇതിൽ കശുവണ്ടിയും ഏലക്കാപ്പൊടിയും ചേർത്തിളക്കുക. ചൂടാറിയതിനുശേഷം മുകളിൽ കുങ്കുമപ്പൂവ് വിതറി വിളന്പാം.
പാൽപായസം
ആവശ്യമായ ചേരുവകൾ; ഒന്നര ലിറ്റർ പശുവിൻപാൽ, കാൽ കപ്പ് പച്ചരി, ഒരു കപ്പ് പഞ്ചസാര, ബദാമും കശുവണ്ടിയും അര കപ്പ്, അര ടീ സ്പൂണ് റോസ് എസൻസ്, ഒരു ടീസ്പൂണ് ഏലയ്ക്കാപ്പൊടി.
തയാറാക്കുന്ന വിധം: അര ലിറ്റർ പാലും അര ലിറ്റർ വെള്ളവും ചേർത്ത് അരി വേവിക്കുക. കട്ട കെട്ടരുത്. ഇതിലേക്ക് പഞ്ചസാര ചേർത്തിളക്കുക. ഇത് നല്ലതുപോലെ ഉരുകി ചേർന്നാൽ ബാക്കി പാൽ ചേർത്ത് കുറുക്കിയെടുക്കുക. ഇതിലേക്ക് ബദാമും കശുവണ്ടിയും അരിഞ്ഞു ചേർക്കുക. ഇറക്കിവച്ചതിനുശേഷം എസൻസും ഏലക്കാപ്പൊടിയും ചേർത്തിളക്കുക.
ഓമന ജേക്കബ്