മാധ്യപ്രവർത്തകനായ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന നിപ്പ 26 ന് തിയറ്ററിലെത്തുകയാണ്. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ചിത്രങ്ങളൊരുക്കുന്ന ഈ സംവിധായകൻ ഏറെ ചർച്ചയാകുന്ന പ്രമേയമാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. നിപ്പയുടെ വിശേഷങ്ങളുമായി ബെന്നി ആശംസ.
നിപ്പ തിയറ്ററിലേക്ക്
പ്രേക്ഷകരിലേക്ക് ചിത്രം വേഗത്തിലെത്തിക്കാൻ കണ്ടെത്തിയ പരസ്യമാർഗമായിരുന്നു നിപ്പ എന്ന പേര്. നിപ്പ വൈറസുമായി ചിത്രത്തിനു ബന്ധമില്ല. നേപ്പാളി എന്ന വാക്കിൽനിന്നാണ് നിപ്പ എന്ന പേര് ചിത്രത്തിനു കണ്ടെത്തിയത്. അവിവാഹിതനായ 40 കാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഇതിവൃത്തം. അതിൽ നമുക്കു പരിചിതമായ പല സംഭവങ്ങളും ഇടംപിടിക്കുന്നുണ്ട്. ഞാനൊരു മാധ്യമപ്രവർത്തകനായതിനാൽ ഇടപെടുന്ന പല വാർത്താ സംഭവങ്ങളും എന്റെ സിനിമാ രൂപീകരണത്തെ സ്വാധീനിക്കും. ചരിത്രമാണെങ്കിലും ആലേഘനം ചെയ്യുന്പോൾ ചായം പുരട്ടുമെന്ന പോലെ ഒരു യഥാർഥ സംഭവത്തിനെ സിനിമാ രൂപത്തിലേക്കു മാറ്റിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്. വിവാദങ്ങൾക്കും വാർത്തകൾക്കുമല്ല, പ്രേക്ഷകരോട് എനിക്കു കൃത്യമായി പറയാനുള്ള വിഷയങ്ങളാണ് സിനിമയാക്കുന്നത്.
സിനിമ തെരഞ്ഞെടുപ്പ്
എന്റെ എല്ലാ സിനിമകളിലൂടെയും പ്രേക്ഷകരിലേക്കു കൃത്യമായി സന്ദേശം പകരാൻ ശ്രമിക്കുന്നുണ്ട്. കോളജ് റാഗിംഗും അതിനെ ചുറ്റിപ്പറ്റിയുണ്ടായ സംഭവങ്ങളുമായിരുന്നു ബ്രഹ്മാസ്ത്രം എന്ന ചിത്രത്തിൽ പറഞ്ഞത്. ഉത്തര ചെമ്മീൻ എന്ന ചിത്രത്തിന് തകഴി ശിവശങ്കരപിള്ളയുടെ ചെമ്മീനിൽനിന്നാണ് ചിന്ത ഉദിച്ചത്. കഥയിൽ കറുത്തമ്മയ്ക്ക് ഒരു പെണ്കുട്ടിയാണുണ്ടായത്. അതേ സമയം ഒരു ആണ്കുട്ടിയാണെങ്കിൽ അവർ അതേ കടപ്പുറത്ത് വളരുന്പോൾ അവന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നതും അവന്റെ മാനസിക സമ്മർദങ്ങളിലൂടെയാണ് കഥ ഒരുക്കിയത്. നടൻ മധുവിന്റെ ജീവിതത്തിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ദേവത്തിന്റെ കയ്യൊപ്പ് എന്ന ചിത്രത്തിലേത്.
സന്പന്നമായ കുടുംബങ്ങളിൽ പലപ്പോഴും മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്ന വിഷയം പറഞ്ഞ ചിത്രമായിരുന്നു ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്.
ഇതുവരെ എന്റെ ചിത്രങ്ങളിലൂടെ കാമറക്കു മുന്നിലും പിന്നിലുമായി നിരവധിപേരെ സിനിമയിലേക്ക് കൈപിടിച്ചു നടത്താൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ചിത്രങ്ങളുടെ രചനയും സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും ഞാനാണ് നിർവഹിക്കുന്നത്.
കരിയർ
മാധ്യമ പ്രവർത്തകനായതിനു ശേഷമാണ് ചലച്ചിത്ര രംഗത്തേക്കു വന്നത്. സിനിമ ഞാൻ കണ്ടു പഠിക്കുകയായിരുന്നു. സ്റ്റിൽ ഫോട്ടോഗ്രഫറായി പ്രവർത്തിച്ച് സിനിമയുടെ വിവിധ വശങ്ങൾ പഠിച്ചു. ആ ആത്മവിശ്വാസമാണ് സംവിധായകനായി എന്നെ മാറ്റിയത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രവും ചെറിയ ബജറ്റിലുള്ള മറ്റൊരു കലാമൂല്യമുള്ള ചിത്രവുമാണ് ഇനി ചെയ്യുന്നത്.
ആശംസകളോടെ ബെന്നി...
08:22 AM Aug 21, 2022 | Deepika.com