കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ, ഇരിട്ടി, കാഞ്ഞിരകൊല്ലി തറയിൽ വീട്ടിൽ സങ്കീർത്ത് സുരേഷ് (19) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കരവാരം സ്വദേശിനിയായ വിദ്യാർഥിനിയുമായി ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഡൽഹിയിൽനിന്നു പഴയ വാഹനങ്ങൾ എടുത്തു കേരളത്തിൽ മറിച്ചു വില്പന നടത്തുന്ന ബിസിനസാണ് തനിക്കെന്നാണ് പ്രതി പെൺകുട്ടിയെ ധരിപ്പിച്ചിരുന്നത്.
വാഹനം എടുക്കുന്നതിനായി കൈയിൽ പണം കുറവുണ്ടെന്നും ആത്യാവശ്യമായി കുറച്ചു പണം ആവശ്യമുണ്ടെന്നും അതിനു സഹായിക്കണമെന്നു പറയുകയും ഇതിനായി പെൺകുട്ടിയുടെ പക്കൽനിന്നു സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തു.
ഈ വിവരം പെൺകുട്ടി പിതാവിനെ അറിയിക്കുകയും തുടർന്നു കിളിമാനൂർ പോലീസിൽ പരാ
തി നൽകുകയുമായിരുന്നു. കേസ് എടുത്ത് അന്വേഷണം നടത്തിയ പോലീസ് സ്വർണാഭരണങ്ങൾ പണയം വയ്ക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സൗഹൃദം നടിച്ചു വിദ്യാർഥിനിയുടെ സ്വർണം തട്ടിയെടുത്തത് മോഷണക്കേസിലെ പ്രതി
01:10 PM Apr 08, 2022 | Deepika.com