കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാണ് പൃഥ്വിരാജ് ജന്മനാടായ തിരുവനന്തപുരത്ത് വീണ്ടുമൊരു ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നത്.
തിയറ്ററുകളെ ഇളക്കി മറിച്ച പാലാക്കാരൻ അച്ചായൻ കഥാപാത്രത്തിന്നു ശേഷം ഇനി കട്ട ലോക്കലിൽ പൃഥ്വിരാജ്. കടുവയ്ക്കുശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രമായ കാപ്പയിലാണ് പൃഥ്വിയുടെ പുതിയ മേക്കോവർ.
രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് കൊട്ടമധു. താടി ട്രിം ചെയ്ത് റ്റൈറ്റ് ഷർട്ടുമായി ബുള്ളറ്റിൽ ഇരിക്കുന്ന കിടിലൻ ലുക്കിൽ മധുസൂദനൻ എന്ന കൊട്ട മധുവായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളക്കുശേഷമാണ് പൃഥ്വിരാജ് ജന്മനാടുകൂടിയായ തിരുവനന്തപുരത്ത് വീണ്ടും ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നത്.
ഇന്ദുഗോപന്റെ തിരക്കഥ
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് കാപ്പയുടെ തിരക്കഥ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവാണ് കൊട്ടമധു. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലരിക്കുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ടമധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ഷാജി കൈലാസും മഞ്ജു വാര്യരും
ആറാം തന്പുരാനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തിൽ മഞ്ജു വാര്യർ പുതിയ കഥാപാത്രവുമായി എത്തുന്നതും കാപ്പയുടെ പ്രത്യേകതയാണ്. 25 വർഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
പെണ്ഗുണ്ടയുടെ കഥാപാത്രം മഞ്ജു വാര്യരുടെ പുതിയ താരപരിവേഷം വെള്ളിത്തിരയിലെത്തിക്കും. തലസ്ഥാന നഗരിയിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ചിത്രത്തിൽ വരുംദിവസങ്ങളിൽ മഞ്ജു വാര്യർ ജോയിൻ ചെയ്യും. പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരെ കൂടാതെ ആസിഫ് അലിയും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും താരനിരയിലുണ്ട്.
അണിയറയിൽ വന്പന്മാർ
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമിക്കുന്ന ചിത്രമെന്നതും കാപ്പയുടെ പ്രത്യേകതയാണ്. കടുവയ്ക്കു തിരക്കഥ ഒരുക്കിയ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ജോമോൻ ടി. ജോണ് ഛായാഗ്രഹണവും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കണ്ട്രോളർ: സഞ്ജു വൈക്കം, പിആർഒ: ശബരി. ചിത്രത്തിന്റെ പൂജ പാളയം വിജെടി ഹാളിൽ നടന്നു.
തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയാണ് സ്വിച്ച് ഓണ് നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവഹിച്ചു. പൃഥ്വിരാജ്, ആസിഫ് അലി, എ.കെ. സാജൻ, ജിനു വി. എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
01:27 AM Jul 24, 2022 | Deepika.com