സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാടുകളിലെ കപട സദാചാരവാദികളുടെ പൊയ്മുഖങ്ങൾ തുറന്നുകാട്ടുന്ന പെണ്ണിന്റെ കഥ പറയുകയാണ് യുടൂബിൽ റിലീസായ റൂഹാനി എന്ന ഹ്രസ്വ ചിത്രം. സദാചാരബോധം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകുന്പോൾ തനിച്ചായ പെണ്ണിന്റെ പ്രതിരോധത്തിന്റെ കഥയാണിത്.
ലിജിൻ കെ. ഈപ്പൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ചിത്ര ബാബു ഷൈൻ, സാജിദ് റഹ്മാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാട്ടുപെട്ടി മ്യൂസിക്കൽ എന്ന ചാനലിലൂടെ യൂടൂബിൽ റിലീസ് ചെയ്ത റൂഹാനി, പെണ്ണിന്റെ സ്വപ്നങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും അതിരുകൾ സൃഷ്ടിക്കാനുള്ളതല്ല ആണധികാരം എന്ന ശക്തമായ പ്രമേയം മുന്നോട്ടുവയ്ക്കുന്നു. ഒപ്പം സദാചാര പോലീസ് ചമഞ്ഞെത്തുന്നവർക്കുള്ള കൃത്യമായ മറുപടികൂടി ചിത്രം പറയുന്നുണ്ട്.
തനിച്ചാകുന്ന പെണ്ണിനെ സംശയദൃഷ്ടിയോടെ നോക്കുന്ന സമൂഹത്തിനോട് മുഖം തിരിച്ച് തന്റെ സ്വാതന്ത്ര്യങ്ങളെ തിരിച്ചറിയുന്ന സുലു എന്ന വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. അവൾക്ക് ആശ്വാസമായി അയൽക്കാരി തങ്കമണിച്ചേച്ചി എത്തുന്പോൾ ഭീഷണിയുടെ സ്വരമായി രാജൻ പൊതുവാളും സംഘവും എത്തുന്നു. അവളെ പ്രതിക്കൂട്ടിലാക്കി സമൂഹ മധ്യത്തിൽ തേജോവധം ചെയ്യാനുള്ള പുരുഷ സംഘത്തെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ക്ലൈമാക്സിൽ ഒരുക്കിയ ട്വിസ്റ്റോടെയാണ് സുലു മറുപടി പറയുന്നത്. മികച്ച പ്രതികരണം നേടുന്ന റൂഹാനിക്ക് ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ ആശംസകൾ പങ്കുവച്ചിരുന്നു.
അമേച്ചി എന്റർടെയ്ൻമെന്റ്സും ഡ്രീം റീൽസ് പ്രൊഡക്ഷൻസും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും വിനീത് ശോഭനാണ് നിർവഹിച്ചിരിക്കുന്നത്.
സജിത്ത് ശങ്കറാണ് പശ്ചാത്തല സംഗീതം. ആശ രാജ്, പ്രദീപ് ഗോപി, ജെവിൻ കോട്ടൂർ, മനോജ് ഉണ്ണി, ഷിജോ പൊൻകുന്നം, മഹേഷ് പിള്ള, സിജു സി. മാത്യു എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്. സൗണ്ട് റെക്കോർഡിംഗും മിക്സിംഗും ശ്രീജേഷ് ശ്രീധരനും കലാസംവിധാനം സുബേഷ് കളന്പുകാട്ടും നിർവഹിച്ചിരിക്കുന്നു.
റൂഹാനിയുടെ കഹാനി
04:39 AM Jun 12, 2022 | Deepika.com