കൊച്ചി: ഹോട്ടല്‍ വ്യവസായിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നടക്കം 20 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തി ശേഷം മുങ്ങിയ മുന്‍ ജീവനക്കാരന് കുടുങ്ങിയതു പുതിയ മൊബൈല്‍ കണക്ഷന് എടുക്കുന്നതിനിടയില്‍.
കോഴിക്കോട് ചേലന്നൂര്‍ സ്വദേശി ശ്രീനേഷ് (40)നെയാണ് പൂനയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ലാവോസയില്നിന്നു തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ ആര്. ഷാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
പുതിയ മൊബൈല്‍ കണക്ഷന് എടുത്തതോടെയാണ് തൃക്കാക്കര പോലീസിന് ഇയാളെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പൂനയില്‍ ഹോട്ടല്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. കാക്കനാട് പടമുകളിലുള്ള ഹോട്ടലില്‍ 2018 മുതല്‍ ജോലി ചെയ്ത ശ്രീനേഷ് ഹോട്ടലിലേക്കു സാധനങ്ങള്‍ വാങ്ങുന്ന വകയിലും അതിഥി തൊഴിലാളികള്‍ക്കുള്ള ശമ്പളം കൊടുക്കാതെയും തിരിമറി നടത്തി.
ഹോട്ടല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാള്‍ പണം പിന്‍വലിച്ചിരുന്നു. തട്ടിപ്പ് പുറത്തറിയുമെന്ന സംശയം ബലപ്പെട്ടതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. 2012ല്‍ ബംഗളൂരുവിലെ കലാശിപ്പാളയത്തുവച്ചു പെണ് സുഹൃത്തിനെ ശല്യപ്പെടുത്തിയ ആളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ കഴിഞ്ഞ ശേഷം കാക്കനാട്ടെ ഹോട്ടലില്‍ ജോലിക്കെത്തുകയായിരുന്നു.
പടമുകളിലെ സ്വകാര്യ ഫ്ളാറ്റിലായിരുന്നു താമസം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
20 ലക്ഷം തട്ടി; പ്രതി കുടുങ്ങിയത് പുതിയ മൊബൈല്‍ കണക്ഷന് എടുക്കുന്നതിനിടയില്‍
03:43 PM Mar 07, 2022 | Deepika.com