സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുകയാണ് മായ ശിവ. രചനയും ഗാനങ്ങളും നിർവഹിച്ചിരിക്കുന്നതും സംഗീതം ഒരുക്കിയിരിക്കുന്നതും മായയാണ്. തിരുവനന്തപുരം ലൊക്കേഷനാകുന്ന മെയ്ഡ് ഇൻ ട്രിവാൻഡ്രം എന്ന സിനിമയുടെ തിരക്കിൽ വിശേഷങ്ങളുമായി മായ...
സന്ദേശം പറയുന്ന കഥ
ആരെയും വശീകരിക്കുന്ന ഒരു കലാരൂപമാണ് സിനിമ. മറ്റേതു കലാരൂപം എന്നതിനേക്കാൾ പണവും പ്രശസ്തിയും ലഭിക്കുന്നു. വളരെ എളുപ്പത്തിൽ ഈ മായാലോകത്തിലേക്ക് പലരും കടന്നു വരും. കൂടുതലായി യുവ തലമുറ. സിനിമയുടെ മോഹവലയത്തിൽ ചതിക്കുഴിയിലകപ്പെട്ടുപോയ ഒരു യുവാവിന്റെ കഥയാണ് മെയ്ഡ് ഇൻ ട്രിവാൻഡ്രം പറയുന്നത്. അതിനൊപ്പം ശക്തമായ സന്ദേശങ്ങളും നൽകാൻ ശ്രമിക്കുന്നു. കൊമേഴ്സ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും കോർത്തിണക്കിയുള്ള അവതരണമാണ്. കുറഞ്ഞ ചെലവിൽ സദുദ്ദേശപരമായ ചിത്രമൊരുക്കുകയാണ് ലക്ഷ്യം.
താരവിശേഷം
മലയാളത്തിൽ മുൻപ് തിളങ്ങി നിന്ന നടി ചാർമിള ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായക കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ് ചാർമിള എത്തുന്നത്. പുതുമുഖങ്ങളായ ആദിത്യ ദേവും ഉമാലഷ്മിയുമാണ് പ്രധാന കേന്ദ്രകഥാപാത്രൾ. എഡിറ്റിംഗും നിർവഹിക്കുന്നത് ആദിത്യ ദേവാണ്. നർത്തകിയാണ് ഉമാലഷ്മി. നിരവധി പുതുമുഖങ്ങളും അയ്യപ്പ ബൈജുവും ശിവയും വേഷമണിയുന്നു. ആദിത്യ ദേവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് ലാൽ ബാബു ഛായാഗ്രഹണം ഒരുക്കുന്നു.
ഇത് രണ്ടാം സിനിമ
പഠിനകാലത്ത് ചെറുകഥകൾ എഴുതിയിരുന്നു. തിരുവനന്തപുരം ബാർ അസോസിയേഷന്റെ കലാ സാഹിത്യ മത്സരത്തിൽ ഉപന്യാസ രചനയിൽ സമ്മാനാർഹയായിട്ടുണ്ട്. 2017 ലാണ് ആദ്യമായി സിനിമ ചെയ്തത്. ആദിവാസി കുടുംബങ്ങളെക്കുറിച്ചു പറയുന്ന ശഥൻ എന്ന തിരക്കഥയെഴുതി സംവിധാനം ചെയ്തു. ആദിവാസി ജനതയുടെ ജീവിതവും അവർ ചൂഷണത്തിനു വിധേയമാകുന്നതും പ്രമേയമാക്കുന്ന ചിത്രം ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിനും കലാസംവിധാനത്തിനുമുള്ള പുരസ്കാരം ലഭിച്ചു. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രത്യേക പരാമർശങ്ങളും നേടിയിരുന്നു.
വാഴൂർ ജോസ്
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
12:31 AM May 01, 2022 | Deepika.com