കർത്താവേ രക്ഷിക്കേണമേ... എന്ന നിലവിളി എല്ലാക്കാലത്തുമുള്ള മനുഷ്യരുടെ രോദനമായിരുന്നു. ക്രൂശാരോഹണത്തിനു ദിവസങ്ങൾക്കു മുന്പ് യേശു വിശുദ്ധ നഗരമായ ജറൂസലെമിലേക്കു ജൈത്രപ്രവേശനം ചെയ്യുന്പോൾ ജനങ്ങൾ ’ഇപ്പോൾ രക്ഷിക്കേണമേ’ എന്നു വിളിച്ചുകൊണ്ടിരുന്നു. ’ഇപ്പോൾ രക്ഷിച്ചാലും’ എന്നാണ് ഹോശാന എന്ന വാക്കിന്റെ അർത്ഥം. അവർ തങ്ങളുടെ വസ്ത്രങ്ങളും വൃക്ഷച്ചില്ലകളും വഴിയിൽ വിരിച്ചു. യേശുവിനെ മശിഹയെന്നും രാജാവെന്നും പ്രഘോഷിക്കുകയായിരുന്നു. ’ഹോശാന’ എന്നതിന് എബ്രായഭാഷയിൽ ’ഹോഷീ ആഹ്നാ’ എന്ന ദീർഘവിധായകരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഹോശാനയെക്കുറിച്ചുള്ള സുവിശേഷങ്ങളെല്ലാം വിശ്വാസത്തിന്റെ അതിരുകൾക്കപ്പുറം ജീവിതത്തിന്റെ അനുഭവങ്ങളായി മാറുകയായിരുന്നു. കലകളിലും സാഹിത്യങ്ങളിലും അത് ഇടം നേടി. മലയാള സിനിമ മേഖലയിലും ഇടം പിടിച്ചു. മലയാളത്തിൽ ഒരുപിടി ഗാനങ്ങളും ഹോശാന പശ്ചാത്തലമായി ഒരുക്കിയിട്ടുണ്ട്. അതെല്ലാം അതാതു കാലങ്ങളിൽ പ്രചുരപ്രചാരവും നേടിയിട്ടുണ്ട്. ക്രൈസ്തവ ദർശനം ചലച്ചിത്രങ്ങളിലെ ഹോശാനപ്പാട്ടുകളിൽ അലയടിച്ചിരുന്നു.
ബൈബിളിനെ അടിസ്ഥാനപ്പെടുത്തി മലയാളത്തിലുണ്ടായ ആദ്യ സിനിമ സ്നാപക യോഹന്നാനിൽ ഹോശാന ഗാനം ഇടിപിടിച്ചു. ഓശാനാ... ദാവീദിൻ സുതന് ഓശാന... ഓശാന... ഓശാന... എന്ന ഗാനം പാടിയത് ചലച്ചിത്ര നടൻ ജോസ് പ്രകാശും കമുകറ പുരുഷോത്തമനും എ.പി. കോമളയും സി.എസ്. രാധാദേവിയും ചേർന്നായിരുന്നു. ഓശാന ശുശ്രൂഷകളിൽ ഉപയോഗിച്ചിരുന്ന ഈണം തന്നെയാണ് ചലച്ചിത്ര ഗാനത്തിനും തെരഞ്ഞെടുത്തത്. 1963 മാർച്ച് 31 ന് ഈസ്റ്ററിനോടനുബന്ധിച്ചാണ് സ്നാപക യോഹന്നാൻ റിലീസായത്.
ഹോശാനാ... ഹോശാനാ... കർത്താവിന്നോശാനാ... എന്ന ഹിറ്റ് ഗാനം 1973 ഡിസംബർ 22 ൽ റിലീസായ ജീസസ് എന്ന ചിത്രത്തിലേതാണ്. അഗസ്റ്റിൻ വഞ്ചിമല രചിച്ചു ആലപ്പി രംഗനാഥ് സംഗീതം പകർന്ന ഗാനം കെ.പി. ബ്രഹ്മാനന്ദൻ, പി. ജയചന്ദ്രൻ, പി. ലീല എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.
1975 ൽ പുറത്തിറങ്ങിയ സോഫിയ എന്ന ചിത്രത്തിലെ ഓശാന ഓശാന... ദാവീദിൻ പുത്രന്നോശാന... എന്ന ഗാനത്തിനു പിന്നിൽ വയലാർ - ദേവരാജൻ ടീമായിരുന്നു. എൻ. ശ്രീകാന്തും പി.കെ. മനോഹരനും സംഘവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓശാന ഗാനത്തിന് ദേവരാജൻ മാസ്റ്റർ ക്വയർ സംഗീതമാണ് ഒരുക്കിയത്. 1976 ൽ കരുണാമൂർത്തി എന്ന തമിഴ് ചിത്രത്തിന്റെ മൊഴിമാറ്റമായി പുറത്തിറങ്ങിയ മിശിഹാചരിത്രം എന്ന ചിത്രത്തിലൂടെയാണ് മറ്റൊരു ഓശാന ഗാനം എത്തുന്നത്. ശ്രീകുമാരൻ തന്പി രചിച്ച ഗാനങ്ങൾക്കു സംഗീതം പകർന്നത് ജോസഫ് കൃഷ്ണയും ബി. ഗോപാലും ചേർന്നു. ജോളി ഏബ്രഹാം, ഷെറിൻ പീറ്റേഴ്സ് സംഘവുമാണ് ഗാനം പാടിയത്. ഓശാന ഓശാന ഓശാന... ദാവീദിൻ താനയന്നൊശാന... എന്നായിരുന്നു ഗാനം തുടങ്ങുന്നത്.
1986 ൽ ചിത്രീകരണം പൂർത്തിയാക്കാതെ പോയ ദേവൻ യേശുദേവൻ എന്ന സിനിമയ്ക്കുവേണ്ടി പൂവച്ചൽ ഖാദർ എഴുതിയ ഓശാന ഗാനം പുറത്തിറങ്ങിയിരുന്നു. കിന്നരമിതാ പൊൻകുഴലിതാ... ഓശാന പാടുക പ്രിയരേ... എന്ന ഗാനം മദ്രാസ് ക്രിസ്ത്യൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിലെ കർണാടക സംഗീത വിദഗ്ധൻ ഹെൻറിച്ചും പാശ്ചാത്യ സംഗീത വിദഗ്ധൻ പാട്രിക്കും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. എൻ.വി. ഹരിദാസാണ് പാടിയത്. ഇതിനൊപ്പം വയലാർ രചിച്ച ഒലിവീന്തൽ തലകലെടുത്തു എന്ന ഗാനവും അക്കാലത്ത് ഏറെ ജനപ്രീതി നേടിയതാണ്.
ക്രൈസ്തവ ജീവിതവും സാംസ്കാരിക ഇടപെടലുകളും ക്രിസ്മസും ഓശാനയും ഈസ്റ്ററും നോന്പുമെല്ലാം സിനിമാ കഥാനുഭവങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രൈസ്തവ ദർശനം പകരുന്ന നിരവധി ഗാനങ്ങളും വെള്ളിത്തിരയിൽ നിറഞ്ഞു. വീണ്ടും ഒരു ഓശാനയിൽ എത്തി നിൽക്കുന്പോൾ നമുക്ക് സെല്ലുലോയിഡ് പകർന്ന ഹോശാന ഗാനങ്ങൾക്കായി കാതോർക്കാം... യൂട്യൂബും ഗൂഗിളുമെല്ലാം അതിനിടമായി മാറുന്പോൾ എപ്പോൾ വേണമെങ്കിലും പാട്ടുകൾ കേൾക്കാം എന്ന സൗകര്യം ഒരുക്കുന്നു...
സെല്ലുലോയിഡിലെ ഹോശാന ഗാനങ്ങൾ
02:11 AM Apr 10, 2022 | Deepika.com