പെസഹാ അപ്പം
അരിപ്പൊടി-ഒരു കിലോ
ഉഴുന്ന്-250 ഗ്രാം
വെളുത്തുള്ളി- വലിയ രണ്ടു കുടം
ജീരകം -ഒരു ടേബിൾ സ്പൂണ്
തേങ്ങ- മൂന്നെണ്ണം (വലുത്)
ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
വറുത്ത അരിപ്പൊടി ചെറു ചൂടുവെള്ളത്തിൽ കുഴയ്ക്കുക. തേങ്ങ ചുരണ്ടിയത് ചെറുതായി ഒതുക്കി അരയ്ക്കുക. ഉഴുന്ന്, വെളുത്തുള്ളി, ജീരകം ഇവ മയത്തിൽ നന്നായി അരച്ച് ഉപ്പും ചേർത്ത് കുഴച്ചു വച്ചിരിക്കുന്ന അരിപ്പൊടിയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. വെയിലത്തു വാട്ടിയ വാഴയിലയിൽ പരത്തുക. ആദ്യമായി ഒരു തൂശനിലയിൽ കുരിശപ്പത്തിനുള്ളത് പരത്തി നടുവിൽ കുരിശ് ആകൃതിയിൽ കുരുത്തോല മുറിച്ചു വച്ചു നാലു വശവും മടക്കി വാഴക്കൈയുടെ നാരുകൊണ്ട് കെട്ടിവയ്ക്കുക. അതിനു ശേഷം ഓരോ ഉരുളയും ഇലയിൽ പരത്തി നാലു വശവും കോണോടു കോണ് മടക്കി വയ്ക്കുക. ഇതിനു ശേഷം ആവിയിൽ പുഴുങ്ങുക.
പെസഹാ പാൽ
തേങ്ങാപ്പാൽ- ഒരു ലിറ്റർ
ശർക്കര- 250 ഗ്രാം
ജീരകം- ഒരു ടേബിൾ സ്പൂണ്
അരിപ്പൊടി-ഒരു ടേബിൾ സ്പൂണ്
തയാറാക്കുന്ന വിധം
പാലു കാച്ചുന്നതു പുതിയ മണ്കലത്തിലും ചിരട്ടത്തവി ഉപയോഗിച്ചുമാണ്. മേൽപറഞ്ഞ ചേരുവകൾക്കൊപ്പം ജീരകം അരച്ചു ചേർത്ത് അടുപ്പിൽ വച്ചു ചെറു തീയിൽ നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കുക. പാൽ തിളച്ചുപോകരുത്. അടുപ്പിൽ നിന്നു വാങ്ങുന്നതിനു മുന്പായി മുറിച്ച കുരുത്തോല കുരിശ് ആകൃതിയിൽ പാലിൽ ഇട്ടു വാങ്ങി വയ്ക്കുക. അരിപ്പൊടി പാലിൽ ചേർക്കുന്പോൾ കട്ടകെട്ടാതെ
അൽപം തേങ്ങാപാലിൽ കലക്കി ഒഴിക്കണം.
തയാറാക്കിയത് :
മേരിയമ്മ ജോസ്, മുത്തനാട്ട്
ഇടക്കുന്നം,
കാഞ്ഞിരപ്പള്ളി
സ്പെഷൽ ഈസ്റ്റർ അപ്പം
ചേരുവകൾ: അരിപ്പൊടി-ഒരുകപ്പ്, റവ-ഒരുകപ്പ്, യീസ്റ്റ്-ഒരു ചെറിയ ടേബിൾ സ്പൂൺ. പഞ്ചസാര-രണ്ടു വലിയ ടേബിൾ സ്പൂൺ, അരക്കപ്പ് വെന്ത ചോറ്, ഉപ്പ്-ഒരുനുള്ള്, തേങ്ങ ചുരണ്ടിയത്-കാൽ കപ്പ്.
തയാറാക്കുന്ന വിധം:
യീസ്റ്റ് അല്പം ചൂടുവെള്ളത്തിൽ ഒരുനുള്ള് പഞ്ചസാരയും ചേർത്ത് പൊങ്ങാൻ വേണ്ടി മാറ്റിവയ്ക്കുക. ബാക്കിയുള്ളതെല്ലാംകൂടി അല്പം വെള്ളം ചേർത്ത് ഇഡ്ലി പരുവത്തിൽ അരച്ചെടുത്ത് തയാറായ യീസ്റ്റ് ചേർത്തിളക്കി ഒരുമണിക്കൂർ നേരത്തേക്ക് പൊങ്ങാൻ വയ്ക്കുക. മാവ് നല്ലതുപോലെ ഇളക്കിയ ശേഷം മയംപുരട്ടിയ ദോശക്കല്ലിൽ ഓരോ തവി വീതം കോരിയൊഴിച്ച് ഇരുവശവും സ്വർണനിറം ആകുംവരെ ചുട്ടെടുക്കുക. ഇത് കറിക്കൊപ്പം കഴിക്കാം.
ചോക്ളേറ്റ് മുട്ടകൾ
ചേരുവകൾ: പൊടിപ്പഞ്ചസാര-അഞ്ചു വലിയ ടേബിൾ സ്പൂൺ, പാൽപ്പൊടി-രണ്ടു വലിയ ടേബിൾ സ്പൂൺ, കൊക്കോ പൊടി-ഒരു വലിയ ടേബിൾ സ്പൂൺ, ചോക്ളേറ്റ് പൊടി-ഒരു വലിയ ടേബിൾ സ്പൂൺ, കണ്ടൻസ്ഡ് മിൽക്ക്-അരക്കപ്പ്.
തയാറാക്കുന്നവിധം:
മുകളിൽ പറഞ്ഞവയെല്ലാംകൂടി കൂട്ടി യോജിപ്പിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക. ഇതിൽനിന്ന് നെല്ലിക്കാ വലിപ്പത്തിൽ കുറേശേയെടുത്ത് കൈവെള്ളയിൽ ഉരുട്ടി മുട്ടയുടെ ആകൃതിയിലാക്കിയെടുത്ത് നല്ലതുപോലെ ഉറയ്ക്കാൻ കുറച്ചുസമയം ഫ്രിഡ്ജിൽ വയ്ക്കുക. പുറത്തെടുത്ത് ഈ ചോക്ളേറ്റ് മുട്ടകൾ ആസ്വദിക്കാം.
പഴവർഗ പുഡിംഗ്
ചേരുവകൾ: ആപ്പിൾ ചെറുതായി അരിഞ്ഞത്-ഒരുകപ്പ്, ഈന്തപ്പഴം കുരു മാറ്റി ചെറുതായി അരിഞ്ഞത്-അരക്കപ്പ്, ഏത്തപ്പഴം ചെറുതായി അരിഞ്ഞത്-ഒരെണ്ണം, ഓറഞ്ച് നീര്-അരക്കപ്പ്, ഓറഞ്ച് എസൻസ്-ഒരു ടീസ്പൂൺ, പൊടിച്ച കശുവണ്ടി-അരക്കപ്പ്.
തയാറാക്കുന്ന വിധം:
180 ഡിഗ്രി ചൂടിൽ ഓവൻ ചൂടാക്കിയിടുക. ഒരു പരന്ന ബേക്കിംഗ് ഡിഷ് എടുത്ത് അല്പം നെയ്യ് പുരട്ടുക. ഇതിൽ ആദ്യം ഏത്തപ്പഴം അരിഞ്ഞത് നിരത്തുക. ഇതിനു മുകളിലായി ഈന്തപ്പഴം നിരത്തുക. അവസാനം ആപ്പിളും നിരത്തിയശേഷം ഏറ്റവും മുകളിലായി ഓറഞ്ച് നീരും എസൻസുംചേർത്ത് ഇതിനു മുകളിൽ ഒഴിക്കുക. ഏറ്റവും അവസാനം കശുവണ്ടി മുകളിൽ സമമായി നിരത്തുക. ഇത് ഓവനിൽ 20 മിനിറ്റ് നേരം വച്ച് ബേക്ക് ചെയ്തെടുക്കുക. ചൂടോടെയോ അല്ലാതെയോ കഴിക്കാം.
തയാറാക്കിയത് :
ഓമന ജേക്കബ്
കാഞ്ഞിരപ്പള്ളിൽ
ചങ്ങനാശേരി
ഈസ്റ്റർ സ്പെഷൽ
12:13 AM Apr 10, 2022 | Deepika.com