ചാത്തന്നൂർ: കെഎസ്ആർടിസിയിലെ 34 ജീവനക്കാർക്കു കുറഞ്ഞ ശമ്പള സ്കെയിലിൽ തസ്തിക മാറ്റം അനുവദിച്ചു. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയാണ് പ്യൂൺ, ഗാർഡ്, പമ്പ് ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കു നിയമിച്ചത്.
സ്ഥിരമായശാരീരിക അവശതകൾ ഉണ്ടെന്നും നിലവിലുള്ള തസ്തികയിലെ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്നും തസ്തിക മാറ്റം വഴി ആയാസരഹിത ജോലി നല്കണമെന്നും കാണിച്ച് അപേക്ഷ നല്കിയവർക്കാണ് തസ്തിക മാറ്റം അനുവദിച്ചത്.
നിലവിൽ ഉണ്ടായിരുന്നതിനെക്കാൾ കുറഞ്ഞ ശമ്പള സ്കെയിലിലാണ് നിയമനം. പ്യൂൺ തസ്തികയിലെ ശമ്പള സ്കെയിൽ 8750 - 12310-ഉം ഗാർഡ് തസ്തികയിലും പമ്പ് ഓപ്പറേറ്റർ തസ്തികയിലും 9190-14 210 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. 200 രൂപയുടെ മുദ്രപത്രത്തിൽ കെ എസ് ആർടിസിയുടെ നിബന്ധനകൾ പാലിക്കാമെന്നു കരാർ എഴുതി വാങ്ങിയ ശേഷമേ പുതിയ നിയമനം അനുവദിക്കാവൂ എന്നും യൂണിറ്റ് ഓഫീസർമാർക്കു നിർദേശം നല്കിയിട്ടുണ്ട്.
പ്യൂൺ തസ്തികയിലേക്ക് എട്ട് കണ്ടക്ടർ, അഞ്ച് ഡ്രൈവർ, രണ്ട് മെക്കാനിക് വിഭാഗം ജീവനക്കാർക്കാണ് നിയമനം. ഗാർഡ് തസ്തികയിലക്ക് ഒൻപതു ഡ്രൈവർമാരെയും നാലു കണ്ടക്ടർമാരെയും ഒരു മെക്കാനിക്കിനെയും നിയമിച്ചിട്ടുണ്ട്. മൂന്നു കണ്ടക്ടർമാരെയും രണ്ട് ഡ്രൈവർമാരെയുമാണ് പമ്പ് ഓപ്പറേറ്റർമാരായി നിയമിക്കുന്നത്. ഇവർക്കു പുതിയ തസ്തികയിൽ പ്രൊബേഷൻ കാലവും നിശ്ചയിച്ചിട്ടുണ്ട്.
കെഎസ്ആർടിസി: 34 ജീവനക്കാർക്കു കുറഞ്ഞ ശമ്പള സ്കെയിലിൽ തസ്തിക മാറ്റം
01:41 PM Feb 26, 2022 | Deepika.com