ഈ നല്ല ആശയം ഭംഗിയായി പ്രായോഗികമാക്കുന്നവരാണ് ഓസ്ട്രേലിയക്കാർ. വയോജനങ്ങളുടെ കാര്യത്തിലാണ് ഇത് ഏറ്റവും പ്രകടം. മത, വർഗ, വർണത്തിലോ സാന്പത്തിക നിലവാരത്തിലോ സാമൂഹ്യശ്രേണിയിലോ ഒരു വ്യക്തി എവിടെ നിന്നാലും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ അനുഭവിക്കാൻ അയാൾക്ക് അവകാശമുണ്ട്. ലാഭവും പ്രതിഫലവും പ്രശംസയും പ്രതീക്ഷിക്കാതെ സേവനം നൽകി പൗരന് ആദരവ് നൽകുന്നു സർക്കാർ.
ഞാനും പേര് രജിസ്റ്റർ ചെയ്തു. സർക്കാരിന്റെ വയോജന പരിചരണ വിഭാഗത്തിൽനിന്ന് നിയോഗിക്കപ്പെട്ട ആൾ വീട്ടിൽ വന്നു. സുദീർഘമായ അഭിമുഖം വിശദമായിത്തന്നെ നടത്തി. ഏതു ലെവലിലുള്ള പരിചരണത്തിനാണ് എനിക്ക് അർഹതയുള്ളതെന്നു വിലയിരുത്തി. ആവശ്യമായ റിക്കാർഡുകൾ തന്ന് സമ്മതപത്രത്തിൽ ഒപ്പിടുവിച്ചു. ഇവിടെ ഉദ്യോഗമൊന്നുമില്ലാത്തയാൾ. അതുകൊണ്ടുതന്നെ എല്ലാം സൗജന്യം! സേവനമോ? എല്ലാവർക്കും പരിപൂർണ തുല്യതയിലും. ഞാൻ സ്വതന്ത്ര വ്യക്തിയാണ്. മക്കളുടെ വരുമാനത്തെപ്പറ്റി ചോദ്യമേ ഇല്ല.
എന്റെ ഇനിയുള്ള ജീവിതം സുഗമവും സുഖകരവുമാക്കാൻ ചുമതലപ്പെട്ടവർ - അവർ ശന്പളം പറ്റുന്നവരാണ് -വീട്ടിലെത്തും. ഇരുപതിലേറെ സേവനങ്ങളുടെ ഒരു ലിസ്റ്റ് തരും. നമുക്കു വേണ്ടവയൊക്കെ തെരഞ്ഞെടുക്കാം. സൗകര്യമുള്ള സമയവും ദിവസവും പറഞ്ഞാൽ മതി. എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം .ഫോണിലും ഐപ്പാഡിലും വിരലോടിച്ചു വിവരം ശേഖരിക്കാൻ പ്രാപ്തരല്ല പ്രായമായവരിൽ ഏറിയപങ്കും. ഇത്തരം അറിവില്ലാതെ ജീവിക്കുക ഇക്കാലത്ത് ദുഷ്കരമാണ്. വിലകൂടിയ ഫോണും പിടിച്ച് നിസഹായരായി നടക്കുന്ന മുതിർന്ന പൗരന്മാർക്ക് ടെക്നിക്കൽ കമ്യൂണിക്കേഷൻസ് പഠിപ്പിച്ചു നൽകാൻ ആളു വരും. വിരൽതുന്പിൽ വിരിയുന്ന സുന്ദരലോകം കണ്ട് അദ്ഭുതം കൂറുന്ന വയോധികർ. ഇതുപോലെ താലോലിച്ചു സംരക്ഷിക്കപ്പെടുന്ന മുതിർന്നവർ ഉള്ള സ്ഥലം ദുനിയാവിലെവിടെയുണ്ട്?
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
എല്ലാവരും തുല്യർ
07:06 AM Jan 16, 2022 | Deepika.com