ആരാധകരെ ആവേശം കൊള്ളിച്ച് മോഹൻലാലിന്റെ മൊട്ടയടിച്ച ലുക്ക്. സംവിധാനം ചെയ്ത് നായകവേഷത്തിലെത്തുന്ന ബറോസിനു വേണ്ടിയാണ് മോഹൻലാലിന്റെ പുതിയ വേഷപ്പകർച്ച. തല മുണ്ഠനം ചെയ്ത് നീട്ടിയ വളർത്തിയ താടിയുമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ബറോസിന്റെ ആകർഷ ഘടകം. ഫാന്റസിയെ കൂട്ടുപിടിച്ച് ഒരുക്കുന്ന ചിത്രത്തിൽ ബറോസ് എന്ന ഭൂതത്തിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ മറ്റൊരു ഗെറ്റപ്പിലും താരം എത്തുന്നുണ്ട്.
മലയാളത്തിന്റെ ആദ്യ ത്രീഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് ഒരുക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലമാണ് സിനിമയുടേത്. വാസ്കോ ഡി ഗാമയുടെ നിധിശേഖരത്തിന്റെ കാവൽക്കാരനാണ് ബറോസ്. 400 വർഷത്തിലേറെയായി ഭൂതം അതിന്റെ അവകാശിക്കായി കാത്തിരിക്കുന്നു. നിധിയുടെ അവകാശിയായി ഭൂതത്തിന്റെ മുന്നിൽ ഒരു കുട്ടിയെത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. തികച്ചും ഫാന്റസിയിൽ പുതിയൊരു കാഴ്ചാനുഭവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ബറോസിന്റെ അണിയറ പ്രവർത്തകർ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂർ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനു ഛായാഗ്രഹണം ഒരുക്കുന്നത് സന്തോഷ് ശിവനാണ്. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനറാകുന്നു. മിന്നൽ മുരളിയിലൂടെ ശ്രദ്ധ നേടിയ ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ തുടങ്ങിയവർക്കൊപ്പം ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള വലിയ താരനിരയും ചിത്രത്തിലുണ്ട്.
മോഹൻലാലിന്റെ ഒരുപിടി ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് പ്രേക്ഷക മുന്നിലേക്കെത്തുന്ന ആദ്യചിത്രം. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി എത്തുന്ന ചിത്രം ഫണ്‍ ഫാമിലി എന്റർടെയ്നറാണ്. കല്യാണി പ്രിയദർശനും മീനയുമാണ് നായികമാർ. ചിത്രം ഒടിടി റിലീസായാണ് എത്തുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് റിലീസിനു തയാറെടുക്കുന്നു.
പുലിമുരുകനു ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന മോണ്‍സ്റ്റർ ആണ് മറ്റൊരു ബിഗ് പ്രോജക്ട്. ചിത്രത്തിനും ഉദയകൃഷ്ണയാണ് രചന ഒരുക്കുന്നത്. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്കുശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ട്വൽത്ത് മാനും ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണും ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ്പ്രൊഡക്ഷൻ സ്റ്റേജിലാണ്. ജീത്തു ജോസഫിന്റെ റാം എന്ന ചിത്രവും ഈ വർഷം റിലീസാകും.
മൊട്ടയടിച്ച് മോഹൻലാൽ കിടിലൻ ഗറ്റപ്പ്
07:20 AM Jan 09, 2022 | Deepika.com