താരങ്ങൾ സിനിമയിൽ പാടുന്നത് പുതിയ കാര്യമല്ല. മോഹൻലാൽ, ദുൽഖർ സൽമാൻ, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ പതിവായി സിനിമയിൽ പാടാറുള്ളതാണ്. ഒട്ടുമിക്ക താരങ്ങളും ഇതിനോടകം സിനിമയിൽ പാടി അഭിനയിച്ചുകഴിഞ്ഞു. ഇപ്പോൾ സൗബിൻ ഷാഹിറാണ് തന്റെ പുതിയ സിനിമയ്ക്കായി പ്രൊമോ ഗാനം പാടിയിരിക്കുന്നത്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സൗബിന്റെ കഥാപാത്രം പാടി നടക്കുന്ന ജ്യൂസ് ജ്യൂസ് ജ്യൂസ്... കുമ്മട്ടിക്ക ജ്യൂസ്... വലിയ സമൂഹ മാധ്യമങ്ങളിലടക്കം ഹിറ്റായിരുന്നു. ഇപ്പോൾ ഗായകനായും മാറിയാണ് തന്റെ പുതിയ സിനിമയ്ക്കൊപ്പം സൗബിനും ചേരുന്നത്. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന മ്യാവൂ എന്ന ചിത്രത്തിനു വേണ്ടിയാണ് സൗബിൻ ഷാഹിർ പാടിയിരിക്കുന്നത്. ചുണ്ടെലി ചുരുണ്ടെലി... എന്നാരംഭിക്കുന്ന ഗാനം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ജസ്റ്റിൻ വർഗീസിന്റെ സംഗീത സംവിധാനത്തിലാണ് സൗബിൻ പാടിയിരിക്കുന്നത്. സുഹൈൽ കോയയാണ് വരികൾ ഒരുക്കിയത്. ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മ്യാവു. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ കൂടാതെ സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളാണ്.
സൗബിൻ രണ്ടാം തവണയാണ് സിനിമയിൽ പാടുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ട്രാൻസിലാണ് ആദ്യമായി പാടിയത്. ജാക്സൻ വിജയന്റെ സംഗീതത്തിൽ എന്നാലും മത്തായിച്ചാ നിങ്ങക്കീ ഗതി വന്നല്ലോ... എന്നു തുടങ്ങുന്നതായിരുന്നു ആദ്യ ഗാനം.
അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ ശേഷം ലാൽജോസിനു വേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ചിത്രമാണ് മ്യാവൂ.
പൂർണമായും യുഎഇയിൽ ചിത്രീകരിക്കുന്ന ചിത്രം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമിക്കുന്നത്. ഛായാഗ്രഹണം അജ്മൽ സാബു നിർവഹിക്കുന്നു. ചിത്രം 24ന് എൽജെ ഫിലിംസ് തിയറ്ററിലെത്തിക്കും.
പാട്ടുകാരൻ സൗബിൻ
03:30 AM Dec 12, 2021 | Deepika.com