വി​സ്മ​യ​മാ​യി ലോ​ധി ഗാ​ർ​ഡ​ൻ

03:17 AM Dec 12, 2021 | Deepika.com
ഡ​ൽ​ഹി ന​ഗ​ര​ത്തി​ന്‍റെ പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​മാ​ണ് ലോ​ധി ഗാ​ർ​ഡ​ൻ. 90 ഏ​ക്ക​റി​ലാ​യി പ​ര​ന്നു കി​ട​ക്കു​ന്ന മനോഹര ഉ​ദ്യാ​നം. നി​ര​വ​ധി ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ ഇ​വി​ടെയുണ്ട്. സ​യ്യി​ദ് രാ​ജ​വം​ശ​ത്തി​ലെ അ​വ​സാ​ന ഭ​ര​ണാ​ധി​കാ​രി​യാ​യ മു​ഹ​മ്മ​ദ് ഷാ​യു​ടെ സ്മൃ​തികു​ടീ​രം അ​ട​ക്കം ഈ ​ഉ​ദ്യാ​ന​ത്തി​ന് ഉ​ള്ളി​ലാ​ണ്. 1517ൽ ​സി​ക്ക​ന്ദ​ർ ലോ​ധി​യു​ടെ ഓ​ർ​മ​യ്ക്കാ​യി മ​ക​ൻ ഇ​ബ്രാ​ഹിം ലോ​ധി പ​ണി​ക​ഴി​പ്പി​ച്ച സ്മാ​ര​ക​വും ഇ​തി​നു​ള്ളി​ലാ​ണ്.
ന​ഗ​രത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി വി​ശ്ര​മി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കും മ​റ്റു സ​ന്ദ​ർ​ശ​ക​ർ​ക്കും മു​ന്നി​ൽ ശാ​ന്ത​ത​യു​ടെ ഹ​രി​ത കാ​ഴ്ച​ക​ളൊ​രു​ക്കി​യാ​ണ് ലോ​ധി ഗാ​ർ​ഡ​ൻ വ​ര​വേ​ൽ​ക്കു​ന്ന​ത്. എ​ണ്ണ​മ​റ്റ പ​ക്ഷി​ക​ളു​ടെ​യും വി​കൃ​തി​ക​ളാ​യ വാ​ന​ര​ൻ​മാ​രു​ടെ​യും ആ​വാ​സകേ​ന്ദ്രം കൂ​ടി​യാ​ണി​ത്. ഉ​ദ്യാ​ന​ത്തി​നു ന​ടു​വി​ലൂ​ടൊ​ഴു​കു​ന്ന അ​രു​വി​യി​ൽ അ​ര​യ​ന്ന​ങ്ങ​ൾ നീ​ന്തി​ത്തു​ടി​ക്കു​ന്നു.
വി​വി​ധ ത​രം സ​സ്യ​ജാ​ല​ങ്ങ​ളും എ​ണ്ണ​മ​റ്റ വ​ർ​ഗ​ങ്ങ​ളി​ൽപ്പെ​ട്ട മ​ര​ങ്ങ​ളു​മാ​ണ് ഇ​വി​ടു​ത്തെ മ​റ്റൊ​രു വി​സ്മ​യം. മി​ക്ക​വാ​റും എ​ല്ലാ മ​ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ ശാ​സ്ത്രീ​യ നാ​മം ഉ​ൾ​പ്പെടെ​യു​ള്ള​വ അ​റി​യു​ന്ന​തി​നാ​യി ക്യൂ​ആ​ർ കോ​ഡ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ആ ​മ​ര​ത്തി​ന്‍റെ പ്രാ​യം, ആയുസ്, സസ്യശാസ്ത്ര നാ​മം, സാ​ധാ​ര​ണ പേ​ര്, പു​ഷ്പി​ക്കു​ക​യോ കാ​യ്ക്കു​ക​യോ ചെ​യ്യു​ന്ന കാ​ലം എ​ന്നി​വ അ​റി​യാ​ൻ ക​ഴി​യും. 35.5 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ബു​ദ്ധ കോ​ക്ക​ന​ട്ട് എ​ന്ന മ​ര​മാ​ണ് ലോ​ധി ഗാ​ർ​ഡ​ന്‍റെ ഉ​ള്ളി​ലെ മ​റ്റൊ​രു വി​ശേ​ഷം. മു​ഹ​മ്മ​ദ് ഷാ​യു​ടെ കു​ടീ​ര​ത്തി​ന് മു​ന്നി​ലാ​ണ് ഈ ​ഉ​യ​ര​ക്കാ​ര​ൻ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന​ത്.
മ​ധ്യ​കാ​ല​ഘ​ട്ടം മു​ത​ൽ ത​ന്നെ ഈ ​പ്ര​ദേ​ശം ഒ​രു ഉ​ദ്യാ​നമാ​യി​രു​ന്നു. പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ ബാ​ഗ് ഇ ​ജൂ​ദ് എ​ന്നാ​ണ് ഈ ​പ്ര​ദേ​ശം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ ലോ​ധി രാ​ജ​വം​ശ​ത്തി​ന്‍റെ ക​ബ​റി​ട​മാ​യി​രു​ന്നു ഇ​വി​ടം. 1936ന് ​ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ നി​ല​യി​ലു​ള്ള ഉ​ദ്യാ​ന രൂ​പ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി ആ​യി​രു​ന്ന വി​ല്ലിം​ഗ്ട​ണ്‍ ആ​ണ് ഉ​ദ്യാ​ന​ത്തി​ന്‍റെ ശി​ൽ​പി. ആ​ദ്യ​കാ​ല​ത്ത് ലേ​ഡി വി​ല്ലിം​ഗ്ട​ണ്‍ പാ​ർ​ക്ക് എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പി​ന്നീ​ട് സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം 1968ൽ ​വാ​സ്തു​വി​ദ​ഗ്ധ​നാ​യ ജെ.​എ. സ്റ്റീ​ൻ ആ​ണ് ലോ​ധി ഗാ​ർ​ഡ​ന്‍റെ രൂ​പ​ക​ൽ​പ​ന പ​രി​ഷ്ക​രി​ച്ച​ത്. 110 ത​രം സ​സ്യ, വൃ​ക്ഷ ജാ​ല​ങ്ങ​ളും അന്പതിലേ​റെ ഇ​ന​ത്തി​ൽപ്പെ​ട്ട പ​ക്ഷി​ക​ളും ഈ ​ഉ​ദ്യാ​ന​ത്തി​ലു​ണ്ട്. വി​വി​ധ വ​ർ​ഗ​ത്തി​ലും വ​ർ​ണ​ങ്ങ​ളി​ലു​മു​ള്ള ചി​ത്ര​ശ​ല​ങ്ങ​ളാ​ണ് ലോ​ധി ഉ​ദ്യാ​ന​ത്തി​നു​ള്ളി​ലെ മ​റ്റൊ​രു സു​ന്ദ​ര കാ​ഴ്ച. ലോ​ധി ഗാ​ർ​ഡ​നി​ലെ മ​ര​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ശ​ല​ഭ​ങ്ങ​ളെ​യും കു​റി​ച്ച് ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഒ​രു ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ ബോ​ണ്‍​സാ​യ് പാ​ർ​ക്ക്, ഹെ​ർ​ബ​ൽ ഗാ​ർ​ഡ​ൻ, ബാം​ബൂ ഗാ​ർ​ഡ​ൻ, ബ​ട്ട​ർ​ഫ്ളൈ സോ​ണ്‍, ലോ​ട്ട​സ് പോ​ണ്ട്, ലി​ല്ലി പോ​ണ്ട് എ​ന്നി​വ​യാ​ണ് ലോ​ധി ഗാ​ർ​ഡ​നു​ള്ളി​ലെ സു​ന്ദ​ര കാ​ഴ്ച​ക​ൾ.
ലോ​ധി ഉ​ദ്യാ​ന​ത്തി​ലെ ബ​ഡാ ഗും​ബ​ദ്, ശീ​ഷ് ഗും​ബ​ദ് എ​ന്നി​വ സ​മ​ച​തു​രാ​കൃ​തി​യി​ലു​ള്ള കു​ടീ​ര​ങ്ങ​ളാ​ണെ​ങ്കി​ൽ സി​ക്ക​ന്ദ​ർ ലോ​ധി​യു​ടെയും മു​ഹ​മ്മ​ദ് ഷാ ​സ​യ്ദി​ന്‍റെയും മൃത​കു​ടീ​ര​ങ്ങ​ൾ അ​ഷ്ട​ഭു​ജാ​കൃ​തി​യി​ലു​ള്ള​താ​ണ്. ലോ​ധി ഉ​ദ്യാ​ന​ത്തി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ സ്മൃ​തികു​ടീ​ര​മാ​ണ് മു​ഹ​മ്മ​ദ് ഷാ ​സ​യ്യി​ദി​ന്‍റെ ​കു​ടീ​രം. അ​ഷ്ട​ഭു​ജാ​കൃ​തി​യി​ലു​ള്ള ഈ ​ശ​വ​കു​ടീ​രം 1444-ലാ​ണ് നി​ർ​മിക്ക​പ്പെ​ട്ട​ത്. സ​യ്ദ് രാ​ജ​വം​ശ​ത്തി​ലെ സു​ൽ​ത്താ​നാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഷാ ​സ​യ്യി​ദി​നു വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​ൻ അ​ലാ​വു​ദ്ദീ​ൻ ആ​ലം ഷാ​യാ​ണ് ഈ ​ശ​വ​കു​ടീ​രം തീ​ർ​ത്ത​ത്. നി​ര​വ​ധി ക​ല്ല​റ​ക​ൾ ഈ ​ശ​വ​കു​ടീ​ര​ത്തി​ലു​ണ്ട്.
ലോ​ധി ഉ​ദ്യാ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ബ​ഡാ ഗും​ബ​ദ്, ഉ​ദ്യാ​ന​ത്തി​ന്‍റെ ഒ​ന്നാ​മ​ത്തെ വാ​തി​ലി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്പോ​ൾ നേ​രേ ചെ​ന്നെ​ത്തു​ന്ന കെ​ട്ടി​ട​മാ​ണ്. ഒ​രു ശ​വ​കു​ടീ​ര​വും മോസ്കും ചേ​ർ​ന്ന നി​ർ​മി​തി​യാ​ണ് ഇ​തി​ന്‍റേത്. മോസ്കിനു മു​ൻ​പി​ലു​ള്ള മെഹ്‌മാൻ ഖാ​ന (അ​തി​ഥി​മ​ന്ദി​രം) ഏ​റ്റ​വും അ​വ​സാ​ന​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട​തു​മാ​ണ്. ബ​ഡാ ഗും​ബ​ദി​ൽ അ​ട​ക്കം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന വ്യ​ക്തി ആ​രെ​ന്ന​റി​യി​ല്ല എ​ന്നു മാ​ത്ര​മ​ല്ല ഇ​വി​ടെ ക​ല്ല​റ​യും നി​ല​വി​ലി​ല്ല. ലോ​ധി രാ​ജ​വം​ശ​ത്തി​ലെ സി​ക്ക​ന്ദ​ർ ലോ​ധി​യു​ടെ ഭ​ര​ണ​കാ​ല​ത്തു ജീ​വി​ച്ചി​രു​ന്ന ഏ​തോ പ്ര​ധാ​ന​വ്യ​ക്തി​യു​ടേ​താ​ണ് ഈ ​ശ​വ​കു​ടീ​രം എ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ബ​ഡാ ഗും​ബ​ദി​ന് തൊ​ട്ടു വ​ട​ക്കു​വ​ശ​ത്താ​ണ് ശീ​ഷ് ഗും​ബ​ദ് (ക​ണ്ണാ​ടി​മ​കു​ടം) എ​ന്ന ശ​വ​കു​ടീ​രം. സ​മ​ച​തു​രാ​കൃ​തി​യി​ലു​ള്ള ഇ​തി​ന്‍റെ പു​റ​ത്ത് മു​ൻ​പ് തി​ള​ക്ക​മു​ള്ള നീ​ല ഓ​ട് പ​തി​ച്ചി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ശീ​ഷ് ഗും​ബ​ദ് എ​ന്ന പേ​രു​വ​ന്ന​ത്. നീ​ല ഓ​ടി​ന്‍റെ ചി​ല അ​ട​യാ​ള​ങ്ങ​ൾ മാ​ത്ര​മേ ഇ​ന്ന് ഈ ​കെ​ട്ടി​ട​ത്തി​ൽ ശേ​ഷി​ക്കു​ന്നു​ള്ളൂ. ബ​ഡാ ഗും​ബ​ദി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി നി​ര​വ​ധി ക​ല്ല​റ​ക​ൾ ശീ​ഷ് ഗും​ബ​ദി​ലു​ണ്ട്. എ​ങ്കി​ലും ഇ​വ​യി​ൽ അ​ട​ക്കം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​രൊ​ക്കെ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. സി​ക്ക​ന്ദ​ർ ലോ​ധി​യു​ടെ കാ​ല​ത്തു​ത​ന്നെ​യാ​ണ് ഈ ​ശ​വ​കു​ടീ​ര​വും നി​ർ​മി​ക്ക​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്നു. ലോ​ധി ഉ​ദ്യാ​ന​ത്തി​ന്‍റെ വ​ട​ക്കേ അ​റ്റ​ത്താ​ണ് സി​ക്ക​ന്ദ​ർ ലോ​ധി​യു​ടെ ശ​വ​കു​ടീ​രം സ്ഥി​തിചെ​യ്യു​ന്ന​ത്. 1517-ൽ ​അ​വ​സാ​ന ലോ​ധി സു​ൽ​ത്താ​നാ​യി​രു​ന്ന ഇ​ബ്രാ​ഹിം ലോ​ധി​യാ​ണ് ത​ന്‍റെ പി​താ​വി​ന്‍റെ സ്മാ​ര​ക​മാ​യി അ​ഷ്ട​ഭു​ജാ​കൃ​തി​യി​ലു​ള്ള ഈ ​ശ​വ​കു​ടീ​രം പ​ണി​ത​ത്.

സെബി മാത്യു