മലയാള സിനിമ വീണ്ടും താരപ്രഭയിൽ സന്പന്നമാവുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ തിയറ്ററുകളെ ഉണർത്തി സിനിമാമേഖല സജീവമായി. ദുൽഖർ സൽമാന്റെ കുറുപ്പ് തിയറ്ററുകളെ വീണ്ടും പ്രതാപകാലത്തേക്കാണു കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്. തിയറ്ററുകളിൽ ആൾക്കൂട്ടവും ആവേശവും കുറുപ്പ് നേടിയെടുത്തു. സിനിമാ മേഖലയെ സംബന്ധിച്ച് ഇടവേളയ്ക്കു ശേഷം വലിയൊരു തിരിച്ചുവരവാണ് നടത്തിയത്. കുറുപ്പ് 100 കോടി ക്ലബിലേക്ക് ഇടം പിടിക്കാനൊരുങ്ങുകയാണ്. ഇതിനു പിന്നാലെ ആൾക്കൂട്ടത്തിന്റെ ആഘോഷം നിറച്ച് നിരവധി സൂപ്പർസ്റ്റാർ ചിത്രങ്ങളാണ് തിയറ്ററിലെത്തുന്നത്.
സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് കാവലിലൂടെ നടത്തിയിരിക്കുന്നത്. സൂപ്പർതാര പരിവേഷത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്ന കഥാപാത്രമായി തിരിച്ചുവരവ് നടത്താൻ സുരേഷ് ഗോപിക്കു സാധിച്ചു. ഇന്നും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത തനിക്കുണ്ടെന്നു സുരേഷ് ഗോപി തെളിയിക്കുന്നു. കാവലിനു പിന്നാലെ നിരവധി കരുത്തുറ്റ കഥാപാത്രങ്ങളാണ് സുരേഷ് ഗോപിക്കായി അണിയറയിൽ ഒരുങ്ങുന്നത്.
ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമ കുഞ്ഞാലിമരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ഉടൻ തിയറ്ററിലെത്തുകയാണ്. കുറുപ്പിന്റെ മഹാവിജയം തന്നെയാണ് കുഞ്ഞാലിമരയ്ക്കാറേയും ഉടൻ റിലീസാക്കാൻ അണിയറ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നത്. ഇന്ത്യൻ സിനിമയിലെ പ്രഗ്ത്ഭർ ഒന്നിക്കുന്ന ചിത്രം 1000 കോടി ക്ലബ് നേട്ടമാണ് പ്രതീക്ഷിക്കുന്നത്. മലയാള സിനിമയ്ക്കു അഭിമാന നേട്ടമായി മാറുകയാണ് കുഞ്ഞാലി മരയ്ക്കാർ.
മമ്മൂട്ടിയുടെ ഭീഷ്മയും പുഴുവുമാണ് ഇനി തിയറ്ററിലേക്കെത്തുന്നത്. അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഭീഷ്മ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം വലിയ വിജയം നേടുമെന്നുള്ള കാത്തിരിപ്പിലാണ് സിനിമ മേഖല.
തിയറ്ററിലെ വിജയം പോലെ തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിലും മലയാള സിനിമ തരംഗം സൃഷ്ടിക്കുകയാണ്. നിവിൻ പോളിയുടെ കനകം കാമിനി കലഹം ഒടിടിയിൽ വിജയം നേടിയ ചിത്രമാണ്. തിയറ്ററിലും ഒടിടിയിലും മലയാള സിനിമ പുതിയ വിപണികൾ സ്വന്തമാക്കുന്പോൾ മലയാള സിനിമയും വളരുകയാണ്. അത് സൂപ്പർ താരങ്ങളുടെ തോൾപറ്റിയെന്നത് അഭിമാന നേട്ടവും...
താരപ്രഭയിൽ വീണ്ടും മലയാള സിനിമ
05:30 AM Nov 28, 2021 | Deepika.com