“ഒരു കാര്യം ഉറപ്പായി എനിക്കറിയാം. നാമാരും വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല. അതിന്റെ വേദന അനുഭവിച്ചിട്ടില്ല. പക്ഷേ അതെന്തെന്നു ഞാനൊരു കൊച്ചുകുഞ്ഞിൽ നിന്നും പഠിച്ചു.”
പാവങ്ങളുടെ അമ്മയായ മദർ തെരേസ ഒരിക്കൽ പറയുകയുണ്ടായി. വിശന്നൊട്ടിയ വയറുമായി മല കയറി വന്ന ഒരു യുവാവിനെ ആൾക്കൂട്ട കൊലപാതകത്തിന് വിധേയമാക്കിയത് ഓർമയുണ്ടോ? കള്ളനെന്ന് പിടിച്ചുവെച്ച അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ കൈയിലെ തുണിക്കെട്ടിലുണ്ടായിരുന്നത് കുറച്ച് അരിയും മല്ലിപ്പൊടിയുമായിരുന്നു.
മധു വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. സംവിധായകൻ വിജീഷ് മണി ഒരുക്കുന്ന ആദിവാസി എന്ന ചിത്രത്തിലൂടെയാണ് മധുവിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നത്. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ സംവിധായകനായ ഡോ. സോഹൻ റോയ് നിർമിക്കുന്ന ചിത്രത്തിൽ ശരത് അപ്പാനിയാണ് മധുവിനെ അവതരിപ്പിക്കുന്നത്. മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു. പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം, ശരത്ത് പറയുന്നു. വിശപ്പിന്റെ പേരിൽ സംഭവിച്ച ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രം വിശപ്പ്, വർണ്ണ വിവേചനം, പരിസ്ഥിതി പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവയും ഇതിവൃത്തമാക്കുന്നു.
ഓസ്കാർ ചുരുക്കപ്പട്ടികയിലും പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങൾ നേടിയ മ്മ്മ് (സൗണ്ട് ഓഫ് പെയിൻ) എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ശരത് അപ്പാനിയോടൊപ്പം ഒരുപിടി ആദിവാസി കലാകാന്മാരും അണിനിരക്കുന്നു. അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ് പ്രൊഡക്ഷൻ ഹൗസ്. പി. മുരുഗേശ്വരൻ ഛായാഗ്രഹണവും ബി. ലെനിൻ എഡിറ്റിംഗും നിർവഹിക്കുന്നു. വാർത്ത പ്രചരണം: എ.എസ്. ദിനേശ്.
വയറിന്റെ കത്തലടക്കാൻ കാടു കയറിയ മാനസികാസ്വാ സ്ഥ്യമുള്ള മധുവിനെ ആൾക്കൂട്ടം കൈകൾ കൂട്ടിക്കെട്ടി നിർത്തി സെൽഫി എടുത്തു. കാട് കയറിയത് എരിയുന്ന വയറിനെ ശമിപ്പിക്കാനായിരുന്നെന്ന അവന്റെ വാക്കുകൾ ചുറ്റും നിന്നവർ വിശ്വസിച്ചില്ല. കരുണയോടെയുള്ള ഒരു നോട്ടവും അവനിൽ പതിച്ചില്ല. ദയയൊട്ടുമില്ലാതെ മർദിച്ച് കൊലപ്പെടുത്തി. നാം മധുവിനെ മറന്നു തുടങ്ങിയിരിക്കുന്നു. മധുവിനു നീതി ലഭിച്ചോ എന്നും നമുക്കറിയില്ല. പക്ഷേ, മധു വെള്ളിത്തിരയിൽ ചോദ്യങ്ങൾ ഉയർത്തുന്പോൾ നാം ഉത്തരം പറയേണ്ടതായി വരും. തീർച്ച...
വിശപ്പിന്റെ കഥയുമായ്... ആദിവാസി
05:42 AM Oct 10, 2021 | Deepika.com