മാ​ഞ്ഞുപോ​യ ചു​വ​രു​ക​ളും ച​രി​ത്രക​വാ​ട​ങ്ങ​ളും

01:19 AM Sep 19, 2021 | Deepika.com
ച​രി​ത്ര സ്മൃ​തി​ക​ളി​ലേ​ക്ക് വി​ശാ​ല​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ന്ന ചി​ല ക​വാ​ട​ങ്ങ​ളു​ണ്ട് ഡ​ൽ​ഹി​യി​ൽ. രാ​ജ​ഭ​ര​ണ നി​ർ​മി​തി​ക​ളു​ടെ​യും കോ​ട്ട​ക​ളു​ടെ​യും കെ​ട്ടു​റ​പ്പി​ന്‍റെ​ ക​ഥ​ക​ൾ പ​റ​യു​ന്ന ഈ ​ക​വാ​ട​ങ്ങ​ൾ ച​രി​ത്ര​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ൾകൂ​ടി​യാ​ണ്. മാ​റിമാ​റി വ​ന്ന സു​ൽ​ത്താ​ന്മാ​ർ പൊ​ളി​ച്ചുപ​ണി​ക​ളും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​മാ​യി ഡ​ൽ​ഹി​യു​ടെ മു​ഖ​ച്ഛാ​യത​ന്നെ പ​ല​പ്പോ​ഴാ​യി മാ​റ്റി​യി​രു​ന്നു. അ​തി​ൽത​ന്നെ എ​ടു​ത്തുപ​റ​യേ​ണ്ട​തും ഇ​പ്പോ​ൾ ച​രി​ത്ര​ത്തി​ലേ​ക്കു വി​ര​ൽചൂ​ണ്ടി നി​ൽ​ക്കു​ന്ന​തു​മാ​യ പ​ല നി​ർ​മി​തി​ക​ളും ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി ന​ട​ത്തി​യ​വ​യാ​ണ്. ഷാ​ജ​ഹാ​ൻ നി​ർ​മി​ച്ച 14 ക​വാ​ട​ങ്ങ​ൾ മു​ഗ​ൾ കാ​ല​ത്തെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ സ​മൃ​ദ്ധി​യു​ടെ​യും ജീ​വി​തശൈ​ലി​യുടെയും ചൂ​ണ്ടു​പ​ല​ക​ക​ളാ​ണ്.

അ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന​തി​ൽനി​ന്ന് വേ​റി​ട്ട് ഷാ​ജ​ഹാ​നാ​ബാ​ദ് എ​ന്നൊ​രു ത​ല​സ്ഥാ​നം പ​ടു​ത്തു​യ​ർ​ത്തു​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല ഷാ​ജ​ഹാ​ൻ ചെ​യ്ത​ത്. ഓ​രോ നി​ർ​മി​തി​ക​ളിലേയും ഓ​രോ ക​ല്ലി​ലും ചു​വ​രി​ലും ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ കൈ​യൊ​പ്പു പ​തി​പ്പി​ക്കു​ക കൂ​ടി ചെ​യ്തി​രു​ന്നു. ച​രി​ത്ര​കാ​ര​നാ​യ പ്ര​ഫ. അ​ലീം അ​ഷ്റ​ഫ് ഖാ​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ഡ​ൽ​ഹി​യ്ക്കു ചു​റ്റും ആ​ദ്യം നി​ർ​മി​ച്ച മ​തി​ൽ മ​ണ്ണും ചെ​ളി​യും കൊ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത വ​ർ​ഷം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ അ​ത് ഇ​ടി​ഞ്ഞു കു​ത്തി​യൊ​ലി​ച്ചു പോ​യി.

പി​ന്നാ​ലെ ക​ല്ലും കു​മ്മാ​യ​വും കൊ​ണ്ട് ഒ​രു മ​തി​ൽ പ​ണി​യാ​ൻ ച​ക്ര​വ​ർ​ത്തി ഉ​ത്ത​ര​വി​ട്ടു. 6,664 അ​ടി​യാ​യി​രു​ന്നു ഇ​തി​ന്‍റെ വി​സ്തൃ​തി. നാ​ല് അ​ടി വീ​തി​യും ഒ​ൻ​പ​ത് അ​ടി ഉ​യ​ര​വു​മു​ണ്ടാ​യി​രു​ന്നു പു​തി​യ മ​തി​ലി​ന്. മ​തി​ലി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് അ​ടി ഇ​ട​വി​ട്ട് ചെ​റി​യ കൊ​ത്ത​ള​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ കാ​ല​ത്ത് നാ​ലു ല​ക്ഷം രൂ​പ​യാ​ണ് മ​തി​ലി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​യി ചെ​ല​വാ​യ​ത്. മ​ണ്ണും ചെ​ളി​യും കൊ​ണ്ടു നി​ർ​മി​ച്ച ആ​ദ്യ​ത്തെ മ​തി​ലി​ന് ചെ​ല​വാ​യ​ത് 1.5 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

ക​ട​ന്നുവ​രാ​ൻ നി​ര​വ​ധി ക​വാ​ട​ങ്ങ​ളു​ണ്ടെ​ങ്കി​ലും തി​രി​കെ മ​ട​ങ്ങാ​ൻ ഒ​ന്നുപോ​ലു​മി​ല്ല എ​ന്നാ​ണു പ​ല ച​രി​ത്ര​കാ​ര​ന്മാ​രും മു​ഗ​ൾ ഭ​ര​ണ​കാ​ല​ത്തെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന ഡ​ൽ​ഹി​യെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. ഷാ​ജ​ഹാ​ൻ നി​ർ​മി​ച്ച മ​തി​ലി​നോ​ടു ചേ​ർ​ന്ന് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു തു​റ​ക്കു​ന്ന പ​തി​നാ​ലു ക​വാ​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ​ൽ​ഹി ദ​ർ​വാ​സ, രാ​ജ്ഘാ​ട്ട് ദ​ർ​വാ​സ, ഖി​സ്രി ദ​ർ​വാ​സ, ക​ൽ​ക്ക​ത്ത ദ​ർ​വാ​സ, നി​ഗം​ബോ​ധ് ഘാ​ട്ട് ദ​ർ​വാ​സ, കേ​ല ഘാ​ട്ട് ദ​ർ​വാ​സ, ലാ​ൽ ദ​ർ​വാ​സ, കാ​ഷ്മീ​രി ദ​ർ​വാ​സ, ബ​ദാ​രൂ ദ​ർ​വാ​സ, കാ​ബൂ​ളി ദ​ർ​വാ​സ, പ​ത്ത​ർ ഘാ​ട്ട് ദ​ർ​വാ​സ, ലാ​ഹോ​റി ദ​ർ​വാ​സ, അ​ജ്മീ​രി ദ​ർ​വാ​സ, തു​ർ​ക്ക്മാ​ൻ ദ​ർ​വാ​സ എ​ന്നി​വ​യാ​ണ​വ.

ഈ ​ക​വാ​ട​ങ്ങ​ളി​ൽ ഒ​ൻ​പ​തെ​ണ്ണ​വും വി​വി​ധ കാ​ല​ങ്ങ​ളി​ൽ ത​ക​ർ​ക്ക​പ്പെ​ടു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഡ​ൽ​ഹി​യു​ടെ ച​രി​ത്രം ചി​ക​ഞ്ഞു ചെ​ല്ലു​ന്ന​വ​ർ​ക്കുമു​ന്നി​ൽ അ​ഞ്ചു ക​വാ​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. കാ​ഷ്മീ​രി ഗേ​റ്റ്, ഡ​ൽ​ഹി ഗേ​റ്റ്, തു​ർ​ക്ക്മാ​ൻ ഗേ​റ്റ്, അ​ജ്മീ​രി ഗേ​റ്റ്, ലാ​ഹോ​റി ഗേ​റ്റ് എ​ന്നി​വ​യു​ടെ ശേ​ഷി​പ്പു​ക​ളോ നി​ലനി​ന്ന​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളോ മാ​ത്ര​മാ​ണ് സ്ഥ​ല​പ്പേ​രു​ക​ളു​ടെ രൂ​പ​ത്തി​ലെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വ​യി​ൽ ചി​ല ക​വാ​ട​ങ്ങ​ളു​ടെ പേ​രു​ക​ൾ​ക്കും പി​ന്നീ​ട് മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ത​ല​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രു​ക​ൾകൊ​ണ്ട് ച​രി​ത്ര​ത്തി​ൽ ഇ​ടംപി​ടി​ക്കാ​തെപോ​യ ക​വാ​ട​ങ്ങ​ളു​മു​ണ്ട്.

മു​ഗ​ൾ കാ​ല​ത്ത് സം​ശ​യം തോ​ന്നു​ന്ന​വ​രെയും കു​റ്റ​വാ​ളി​ക​ളെ​യും ചാ​ര​ന്മാരെ​യും വി​ദേ​ശി​ക​ളെ​യും നി​യ​മ​ത്തി​ന്‍റെ പി​ടി​യി​ൽനി​ന്ന് ഓ​ടി​പ്പോ​യ​വ​രെ​യും ത​ല​സ്ഥാ​ന​ത്തേ​ക്കു ക​ട​ക്കാ​തെ ഈ ​ക​വാ​ട​ങ്ങ​ളി​ൽ കാ​വ​ൽ​ഭ​ട​ന്മാ​ർ ത​ട​ഞ്ഞി​രു​ന്നു. ആ ​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി കാ​വ​ൽ ഭ​ട​ന്മാ​ർ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ഒ​രു സ്തൂ​പം ഇ​പ്പോ​ഴും ഡ​ൽ​ഹി ഗേ​റ്റി​ന​രു​കി​ൽ ഉ​ണ്ട്. ക​വാ​ട​ങ്ങ​ൾ​ക്കു പു​റ​മേ വ​ഴി​പോ​ക്ക​ർ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ട​ന്നുപോ​കാ​നു​ള്ള ചെ​റി​യ ക​വാ​ട​ങ്ങ​ളും ഈ ​കോ​ട്ട​യോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ഇ​തി​ലൊ​രു ചെ​റി​യ ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് മു​ഹ​മ്മ​ദ് ഷാ​യു​ടെ കോ​ട​തി​യി​ലെ വൃ​ദ്ധ​നാ​യ അ​മീ​റി​ന്‍റെ യു​വ​തി​യാ​യ ഭാ​ര്യ​യെ​യുംകൊ​ണ്ട് കൊ​ട്ടാ​ര​ത്തി​ലെ ഒ​രു യു​വക​വി ക​ട​ന്നുക​ള​ഞ്ഞ​ത്.

ഈ ​ക​വാ​ട​ങ്ങ​ളെ​ല്ലാംത​ന്നെ മു​ഗ​ൾ കാ​ല​ത്ത് നി​ർ​മി​ച്ച​വയ​ല്ല. കാ​ഷ്മീ​രി ഗേ​റ്റ് 1835ൽ ​ബ്രി​ട്ടീ​ഷ് മേ​ജ​റാ​യി​രു​ന്ന റോ​ബ​ർ​ട്ട് സ്മി​ത്ത് നി​ർ​മി​ച്ച​താ​ണെ​ന്നു പ​റ​യുന്നു. അ​ന്ന​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ കാ​ഷ്മീ​ർ ഉ​ൾ​പ്പെടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്ന​ത് ഈ ​ക​വാ​ട​ത്തി​ലൂ​ടെയായി​രു​ന്ന​തുകൊ​ണ്ടാ​ണ് കാ​ഷ്മീ​രി ഗേ​റ്റി​ന് ആ ​പേ​ര് ല​ഭി​ച്ച​ത്.

ഇ​പ്പോ​ൾ ഈ ​ക​വാ​ട​ങ്ങ​ളു​ടെ ശേ​ഷി​പ്പു​ക​ൾ​ക്കി​ട​യി​ൽ ന​ഗ​ര​ത്തി​ലെ റി​ക്ഷാതൊ​ഴി​ലാ​ളി​ക​ളും ഭി​ക്ഷ​ക്കാ​രും അ​ഭ​യാ​ർ​ഥി​ക​ളും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ​വ​രും ഇ​ട​ക​ല​ർ​ന്ന് ക​ഴി​യു​ന്നു. കാ​ഷ്മീ​രി ഗേ​റ്റി​ൽ നി​ന്നാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന​ത്. കാ​ഷ്മീ​രി ഗേ​റ്റി​നും രാ​ജ്ഘാ​ട്ട് ഗേ​റ്റി​നും സ്വാ​തന്ത്ര്യസ​മ​ര​വു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്. രാ​ജ് ഘാ​ട്ട് ഗേ​റ്റി​ലൂ​ടെ​യാ​ണ് മീ​റ​റ്റി​ൽനി​ന്നു​ള്ള ശി​പാ​യി​മാ​ർ വി​പ്ലവ​കാ​രി​ക​ളാ​യി ബ്രിട്ടീഷുകാർക്കെതിരേ ഇ​ര​ന്പിവ​ന്ന​ത്. അ​ഹ​മ്മ​ദ് ഷാ ​അ​ബ്ദാ​ലി​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ കൂ​ട്ട​ക്കൊ​ല​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച​ത് കാ​ഷ്മീരി ഗേ​റ്റ് ആ​യി​രു​ന്നു.

കൽ​ക്ക​ത്ത ഗേ​റ്റ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യ ക​ന്പ​നി​യു​ടെ വ​ര​വി​നെ ഓ​ർ​മി​പ്പി​ക്കു​ന്നു. ബാ​ബ തു​ർ​ക്ക്മാ​ൻ ബ​യാ​ബാ​നി​യു​ടെ താ​വ​ള​മാ​യി​രു​ന്നു തു​ർ​ക്ക്മാ​ൻ ഗേ​റ്റ്. കു​പ്ര​സി​ദ്ധ​നാ​യ ബ്രി​ട്ടീ​ഷ് മേ​ജ​ർ ഹോ​ഡ്സ​ൻ താ​ൻ കൊ​ല​പ്പെ​ടു​ത്തി​യ മു​ഗ​ൾ രാ​ജ​കു​മാ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടുവ​ന്നു കൂ​ട്ടി​യി​ട്ട ദാ​രു​ണ​ കാ​ഴ്ച​യി​ൽ ഡ​ൽ​ഹി ഗേ​റ്റും മ​ര​വി​ച്ചു നി​ന്നി​ട്ടു​ണ്ട്.

സെബി മാത്യു