ജ്വല്ലറി ഭിത്തി തുരന്നു കള്ളന്മാർ കയറി, ലോക്കറിനു മുന്നിൽ പണിപാളി

03:07 PM Nov 09, 2021 | Deepika.com
കായംകുളം: കായംകുളം മുനിസിപ്പൽ ഓഫീസിനു സമീപമുള്ള ജ്വല്ലറിയിൽ ഭിത്തിതുരന്നു കയറി കൊള്ളയടി. സാധുപുരം ജ്വല്ലറിയിലാണ് ഭിത്തി തുരന്നു മോഷണം നടത്തിയത്. അതേസമയം, ലോക്കർ തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു.

ജ്വലറിയോടു ചേർന്നുള്ള കോട്ടക്കൽ വൈദ്യശാലയുടെ ഭിത്തി തുരന്ന് അകത്തു കടന്ന മോഷ്ടാക്കൾ തുടർന്നു ജ്വല്ലറിയുടെ ഭിത്തി തുരക്കുകയായിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ചു ലോക്കർ തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.

പണിയാനായി കൊണ്ടു വന്ന സ്വർണം ചെറിയ അളവിൽ നഷ്ടമായിട്ടുണ്ട്. കടയിലെ സിസിടിവി കാമറകൾ മറച്ചനിലയിലാണ്. രാവിലെ വൈദ്യശാല തുറക്കാനെത്തിയ ജീവനക്കാരാണ് സംഭവം പോലീസിൽ അറിയിച്ചത്. അസിസ്റ്റന്‍റ് എസ്പി.എ നസിം, കായംകുളം ഡിവൈഎസ്പി അലക്സ്‌ ബേബി, സിഐ മുഹമ്മദ്‌ ഷാഫി എന്നുവരുടെ നേതൃത്വത്തിൽ അന്വഷണം ആരംഭിച്ചു.

കായംകുളത്തു വ്യാപാരസ്ഥാപനങ്ങളിൽ അടിക്കടിയുണ്ടാകുന്ന മോഷണശ്രമം വ്യാപാരികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സാധുപുരം ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമം പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നും ഓൾ കേരള ഗോൾഡ് & സിൽവർ മ‌ർച്ചന്‍റ്സ് അസോസിയേഷൻ കായംകുളം യൂണിറ്റ് ആവശ്യപ്പെട്ടു.

രാത്രികാലങ്ങളിൽ സ്വർണഭരണ വ്യാപാര ശാലകളിൽ സുരക്ഷ ഉറപ്പാക്കണമെന്നും യൂണിറ്റ് ഭാരവാഹികളായ എ.എച്ച്.എം. ഹുസൈൻ, എസ്. സക്കീർ ഹുസൈൻ കോയിക്കൽ, മിഥുൻ ശ്രീധർ, അബു ജനതാ, ഷഫീക് അറേബ്യൻ, ഷാനവാസ് മംഗല്യ, ഷൗക്കത്ത് സ്വർണമഹാൾ, എലിയാമ്മ ഡാനിയേൽ, ചിലങ്ക കുഞ്ഞുമോൻ, സിദ്ദിഖ് ജെവൽഗേറ്റ്, അജിത് ജിഡിഎം, നിസാം അറഫ, കേരള കുഞ്ഞുമോൻ, ഇർഷാദ് റോജ, ബി.കെ. ഷാജി, ലീല ലക്ഷ്മി എന്നിവർ ആവശ്യപ്പെട്ടു.