താര നിര്‍ണയവും പ്രീ പ്രൊഡക്ഷന്‍ ജോലികളും തീര്‍ത്ത് ഷൂട്ടിംഗ് തുടങ്ങുന്ന സമയത്താണ് 2018ല്‍ പ്രളയം കേരളത്തെ പിടിച്ചു കുലുക്കുന്നത്. പിന്നീട് 2019-ലാണ് ഷൂട്ടിഗ് നടത്തുന്നത്. 2020 മേയ് മാസത്തില്‍ റിലീസ് എന്ന പ്ലാനില്‍ പോസ്റ്റ്പ്രൊഡക്ഷനിലായിരിക്കുമ്പോഴാണ് കോവിഡ് എത്തുന്നതും ലോക്ഡൗണ്‍ സംഭവിക്കുന്നതും
‘ഏറെ നാളായി വളരെ ഗൗരവമേറിയ പ്രമേയങ്ങളും പശ്ചാത്തലവുമാണ് മലയാള സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിരിക്കാനും രസിക്കാനുമുള്ള സിനിമകള്‍ ഒടിടി റിലീസിലും പ്രേക്ഷകരിലേക്കെത്തുന്നില്ല. അതൊരു വലിയ വിടവാണ്. പിടികിട്ടാപ്പുള്ളി എന്ന സിനിമ ആ വിടവ് നികത്തുമെന്നു വിശ്വസിക്കുന്നു. ത്രില്ലര്‍ കോമഡി ട്രാക്കില്‍ ആസ്വാദകര്‍ക്ക് പൂര്‍ണമായും വിനോദം പകരാനാണ് എന്റെ ശ്രമം. പിടികിട്ടാപ്പുള്ളി പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ട്’.
ജിയോ സിനിമാസ് ഒടിടി പ്ലാറ്റ്ഫോമില്‍ പ്രേക്ഷകരിലേക്കെത്തുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിന്റെ സംവിധായകന് ജിഷ്ണു ശ്രീകണ്ഠന്റെ വാക്കുകളിങ്ങനെയാണ്. സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രത്തില്‍ അഹാന കൃഷ്ണ, മെറീന മൈക്കിള്‍, ലാലു അലക്സ്, സൈജു കുറുപ്പ് തുടങ്ങിയ താരനിരയും എത്തുന്നു. ജിഷ്ണു ശ്രീകണ്ഠന്റെ ആദ്യ സിനിമയാണ് പിടികിട്ടാപ്പുള്ളി. മലയാളത്തിലെ വമ്പന്‍ സിനിമകളുടെ തോഴര്‍ ശ്രീ ഗോകുലം പിക്ചേഴ്സ് നിര്‍മിക്കുന്നതുകൊണ്ടുതന്നെ പിടികിട്ടാപ്പുള്ളിക്കായി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
കരിയറിന്റെ തുടക്കം
എന്‍ജിനിയറിംഗ് പഠനമൊക്കെ കഴിഞ്ഞ് ഷോര്‍ട് ഫിലിം ചെയ്തു സിനിമയിലെത്തിയ ആളാണ് ഞാന്‍. തിരുവനന്തപുരമാണ് സ്വദേശം. പപ്പായ്ക്കു ഒരു കാസറ്റ് കടയുണ്ടായിരുന്നു. ചെറുപ്പം മുതല്‍ ധാരാളം സിനിമ കാണാനുള്ള അവസരമുണ്ടായി. സിനിമ ഒരു സ്വപ്നമായി എന്നുമുണ്ടായിരുന്നു. സിനിമാറ്റോഗ്രഫി പഠനം കഴിഞ്ഞ് സിനിമയില്‍ സഹസംവിധായകനായാണ് തുടക്കം കുറിക്കുന്നത്.
സ്വന്തമായി ചെയ്യണമെന്നുള്ള ആഗ്രഹത്താലാണ് 2016-ല്‍ ധര്ബേ ഗുജേ എന്ന ഷോര്‍ട് ഫിലിം ചെയ്യുന്നത്. ക്രൈം കോമഡിയും ഗ്രാഫിക് കോമിക് കഥാപാത്രങ്ങളും എനിക്കു വളരെ ഇഷ്ടപ്പെട്ട ജോണറുകളാണ്. അത്തരത്തിലുള്ള ഒരു പശ്ചാത്തലത്തിലാണ് ഷോര്‍ട് ഫിലം ചെയ്തത്. അതിന്റെ സംവിധാനവും കാമറയും എഡിറ്റിംഗും വിഷ്വല്‍ എഫക്ട്സുമെല്ലാം ഞാന്‍തന്നെയാണ് ഒരുക്കിയത്.
ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ സ്പെഷ്യല്‍ ജൂറി മെന്‍ഷന്‍ ചിത്രം നേടിയിരുന്നു. അതിനു ശേഷമാണ് സുഹൃത്ത് സുമേഷ് വി റോബിന് പിടികിട്ടാപ്പുള്ളിയുടെ കഥ പറയുന്നിടത്തുനിന്നുമാണ് ആദ്യ സിനിമയിലേക്ക് എത്തുന്നത്.
സണ്ണി വെയ്ന്‍ നായകന്
ചിത്രത്തിന്റെ കഥ രൂപപ്പെട്ട് തിരക്കഥ എഴുതുന്ന സമയത്താണ് സണ്ണി വെയ്നോട് കഥ പറയുന്നത്. പ്രമേയത്തില്‍ താല്പര്യമായെങ്കിലും സിനിമാ പശ്ചാത്തലമില്ലാത്ത നവാഗത സംവിധായകന് എന്ന നിലയില്‍ സണ്ണിക്കു ചില സംശയങ്ങളൊക്കെയുണ്ടായിരുന്നു. ഞാന്‍ എന്റെ ഷോര്‍ട് ഫിലിം കാണിച്ചു കൊടുത്തു.
പത്തു മിനിറ്റ് കണ്ടു കഴിഞ്ഞപ്പോള്‍തന്നെ നമുക്ക് എന്നത്തേക്കു ചിത്രം തുടങ്ങാം എന്നാണ് സണ്ണി ചോദിച്ചത്. പിന്നീട് നിര്‍മാതാവിനെ കണ്ടെത്തുക എന്നത് കുറച്ചു സമ്മര്‍ദമായിരുന്നു. എന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഗോകുലം ഗോപാലന് സാറിനെ കാണുന്നതിന് അവസരം ഒരുക്കുന്നത്.
ഗോകുലം പ്രൊഡക്ഷന്‍സ്
ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ലഭിക്കാവുന്ന വലിയൊരു ഭാഗ്യമായിരുന്നു ശ്രീ ഗോകുലം മൂവിസിന്റെ ഭാഗമാവുക എന്നത്. 2017ലാണ് തിരുവനന്തപുരം ശ്രീ ഗോകുലം ഹോസ്പിറ്റല്‍ ഓഫീസിലെത്തി ഗോകുലം ഗോപാലന് സാറിനെ കാണുന്നത്. 20 മിനിറ്റുകൊണ്ട് കഥ ചുരുക്കി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. കമ്മാരസംഭവവും കായംകുളം കൊച്ചുണ്ണിയും ഗോകുലം മൂവീസ് നിര്‍മിക്കുന്ന സമയമാണപ്പോള്‍. ആ പ്രോജക്ടുകള്‍ക്കു ശേഷം നമുക്ക് ചെയ്യാം എന്നദ്ദേഹം പറഞ്ഞു. 2018ല്‍ ചിത്രീകരണം ആരംഭിക്കാം എന്നാണ് തീരുമാനിച്ചിരുന്നത്.
പ്രതിസന്ധികള്‍ വീണ്ടും
താര നിര്‍ണയവും പ്രീ പ്രൊഡക്ഷന്‍ ജോലികളും തീര്‍ത്ത് ഷൂട്ടിംഗ് തുടങ്ങുന്ന സമയത്താണ് 2018ല്‍ പ്രളയം കേരളത്തെ പിടിച്ചു കുലുക്കുന്നത്. പിന്നീട് 2019ലാണ് ഷൂട്ടിഗ് നടത്തുന്നത്. 2020 മേയ് മാസത്തില്‍ റിലീസ് എന്ന പ്ലാനില്‍ പോസ്റ്റ്പ്രൊഡക്ഷനിലായിരിക്കുമ്പോഴാണ് കോവിഡ് എത്തുന്നതും ലോക്ഡൗണ്‍ സംഭവിക്കുന്നതും.
പിന്നീട് സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം വിതരണത്തിനെടുത്ത് 2021 ജൂണില്‍ റിലീസ് തീരുമാനിച്ചിരുന്നപ്പോഴാണ് കോവിഡ് രണ്ടാം തരംഗം ഭീഷണിയായത്. എന്റെ ആദ്യ ചിത്രമാണെങ്കിലും നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം സിനിമ ഹോള്‍ഡ് ചെയ്യുന്നതിനു പരിമിതിയുണ്ട്. ഒപ്പം പ്രേക്ഷകര്‍ക്കു ചിരിക്കാന്‍ വേണ്ടിയുള്ള സിനിമകള്‍ ആവശ്യമുണ്ട് എന്ന തോന്നലുമാണ് ഒടിടിയില്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കാമെന്നു തീരുമാനിക്കുന്നത്. അങ്ങനെയാണ് ജിയോ സിനിമാസിന്റെ മലയാളത്തില്‍ ആദ്യത്തെ പ്രിമിയറായി പിടികിട്ടാപ്പുള്ളി എത്തുന്നത്.
രസിപ്പിക്കുന്ന സിനിമ
സംവിധായകന് പ്രിയദര്‍ശന്റെ കടുത്ത ആരാധനകനാണ് ഞാന്‍. സുമേഷ് കഥ പറയുമ്പോള്‍ പ്രിയദര്ശന് സാറിന്റെ പഴയ ചിത്രങ്ങളുടെ ഒരു ട്രാക്കാണ് മനസിലേക്കു വന്നത്. ലോജിക്കിനപ്പുറം പ്രേക്ഷകരെ രസിപ്പിക്കാം എന്ന വിശ്വാസം പിടികിട്ടാപ്പുള്ളിയുമായി എത്താന്‍ എനിക്കും ധൈര്യം നല്കി. ഇപ്പോള്‍ പുതിയ രണ്ടു മൂന്ന് കഥകളുടെ ചര്‍ച്ച നടക്കുന്നുണ്ട്. കോവിഡ് ഇപ്പോഴും വെല്ലുവിളിയായി നില്ക്കുമ്പോള് ചെറിയ ചുറ്റുപാടില്‍ നിന്നകൊണ്ടുള്ള കഥയായിരിക്കും ഇനി ചെയ്യുന്നത്.
ലിജിൻ കെ. ഈപ്പൻ
ഇനി പിടികിട്ടാപ്പുള്ളി പ്രേക്ഷകരെ രസിപ്പിക്കും
01:43 AM Jul 25, 2021 | Deepika.com