ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണ് ബ്രോ ഡാഡി
മലയാളത്തിന്റെ വലിയ വിജയ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ ഇതുവരെ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ തുടർച്ചയായ എന്പുരാന്റെ ഓരോ വിളംബരത്തിലും പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു. എന്നാൽ കോവിഡിന്റെ ആഗമനത്തോടെ സിനിമാ വ്യവസായം ആകെ അനിശ്ചിതത്വത്തിലേക്കു നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ഒന്നര വർഷമായി കാണുന്നത്.
എന്പുരാൻ, പിന്നെ
വലിയ ബജറ്റിൽ മലയാള സിനിമയിൽ ഇതുവരെ പ്രകടമാകാത്ത കാഴ്ച വിസ്മയം ഒരുക്കാൻ അണിയറയിൽ തയാറെടുത്ത എന്പുരാനും കോവിഡിന്റെ മുന്നിൽ ഒതുങ്ങിനിൽക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ തന്റെ രണ്ടാം സംവിധാന സംരംഭത്തിനായി പൃഥ്വി ഒന്നു മാറി ചിന്തിച്ചിരിക്കുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും പുതിയ ചൂടൻ വാർത്തയും അതു തന്നെ.
ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനാകുന്പോൾ തുല്യ പ്രാധാന്യത്തിൽ പൃഥ്വിരാജും ഒപ്പമെത്തുന്നു. മോഹൻലാൽ ഡാഡിയായും പൃഥ്വി ബ്രോ ആയും വെള്ളിത്തിരയിലെത്തും. സിനിമയെ സംബന്ധിച്ച് എന്നും അപ്ഡേറ്റഡായി നിൽക്കുന്ന പൃഥ്വിരാജ് തന്റെ രണ്ടാം ചിത്രത്തെക്കുറിച്ച് "ബ്രോ ഡാഡി -ഞാൻ സംവിധാനം ചെയ്യുന്ന ഫണ് ഫാമിലി ഫിലിം’ എന്നാണ് പറഞ്ഞത്.
സത്യമായിട്ടും ചെറിയ സിനിമ
സിനിമ സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി സമൂഹ മാധ്യമത്തിൽ ലൈവ് വന്ന പൃഥ്വിയോട് ബ്രോ ഡാഡി ചെറിയ സിനിമയാണെന്ന് വിശ്വസിച്ചു... എന്ന ട്രോൾ നിറഞ്ഞ കമന്റാണ് ഒരു ആരാധകൻ പങ്കുവച്ചത്. മുൻ ചിത്രം ലൂസിഫറും ഒരു ചെറിയ സിനിമയാണെന്ന് അന്നു പൃഥ്വിരാജ് പറഞ്ഞിരുന്നു.
എന്നാൽ മലയാളത്തിൽനിന്നും 200 കോടി ക്ലബിലേക്കാണ് ചിത്രം ഇടം പിടിച്ചത്. അതുകൊണ്ടുതന്നെ പൃഥ്വിരാജിന്റെ ചെറിയ സിനിമ എന്ന വിശേഷണം പ്രേക്ഷകർ വിശ്വസിച്ചിട്ടില്ല. ഇതിനു മറുപടി, "ബ്രോ ഡാഡി സത്യമായിട്ടും ഒരു ചെറിയ സിനിമയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡിന്റെ നിയന്ത്രണങ്ങളോടെ ചെയ്യാനാകുന്ന സിനിമയുമാണ്’ എന്നു വ്യക്തമാക്കിയിരിക്കുകയാണ് താരം.
താരനിര
പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓൾഡ് മങ്ക്സ് ഡിസൈനിലെ എൻ. ശ്രീജിത്ത്, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിനു രചന ഒരുക്കുന്നത്. എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയെ അതേ പേരിൽ തന്നെ ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ബിബിൻ മാളിയേക്കലാണ് ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തിൽ ഒരാൾ.
കോവിഡാണ് പൃഥ്വിരാജ് എന്ന പോലെ ബിബിനെയും ബ്രോ ഡാഡിയെന്ന പ്രോജക്ടിലേക്ക് ഇപ്പോൾ കൊണ്ടെത്തിച്ചത്. ലാൽ- പൃഥ്വി കോന്പോയ്ക്കൊപ്പം വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ പ്രമുഖർ കഥാപാത്രങ്ങളാകുന്നു. ലോക്ഡൗണ് നിയന്ത്രണങ്ങൾക്കു ശേഷം മലയാളത്തിൽ ഉടൻ ആരംഭിക്കുന്ന ചിത്രങ്ങളിലൊന്നായിരിക്കും ബ്രോ ഡാഡി.
ഇതു രസകരമായിരിക്കും
ചിത്രത്തിൽ നായികയായി എത്തുന്ന കല്യാണി പ്രിയദർശന്റെ വാക്കുകളും കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ബ്രോ ഡാഡിയുടെ തിരക്കഥയുടെ ചിത്രം പങ്കുവച്ചുകൊണ്ട് "ഇതു രസകരമായിരിക്കും’ എന്ന വിശേഷണമാണ് കല്യാണി പോസ്റ്റ് ചെയ്തത്. ഇതോടെ പ്രേക്ഷകരുടെ പ്രതീക്ഷ കൂടിയിരിക്കുകയാണ്. വരനെ ആവശ്യമുണ്ട്, കുഞ്ഞാലിമരയ്ക്കാർ എന്നീ ചിത്രങ്ങൾക്കു ശേഷം കല്യാണി വീണ്ടും മലയാളത്തിലേക്കെത്തുകയാണ് ഈ ചിത്രത്തിലൂടെ.
അണിയറയിലും വന്പൻ ടീമാണ് സംഘടിക്കുന്നത്. അഭിനന്ദൻ രാമാനുജം കാമറയും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗോകുൽ ദാസ് കലാസംവിധാനവും അഖിലേഷ് മോഹൻ എഡിറ്റിംഗും ശ്രീജിത് ഗുരുവായൂർ മേക്കപ്പ് വിഭാഗവും കൈകാര്യം ചെയ്യുന്നുണ്ട്. "പൃഥ്വിരാജിനെ നേരിട്ടുകണ്ട് കഥ പറഞ്ഞ സമയം തുടക്കം മുതൽ തീരുംവരെ അദ്ദേഹം ചിരിച്ച് മറിയുകയായിരുന്നു. പൃഥ്വി എക്സൈറ്റഡായി’ വാക്കുകൾ തിരക്കഥാകൃത്തുക്കളുടേതാണ്.
മുൻ ചിത്രത്തിൽ നിന്നും മാറി പൂർണമായും ഒരു കോമഡി ട്രാക്കിൽ കുടുംബ ചിത്രമായിരിക്കും യുവ സൂപ്പർസ്റ്റാർ ഒരുക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. എങ്കിലും സംവിധായകൻ പൃഥ്വിരാജാണ്... വെള്ളിത്തിരയിൽ എന്തു വിസ്മയക്കാഴ്ചകളും പ്രതീക്ഷിക്കാം...
കെ. ഇ. പിഷാരടി
ലാലും പൃഥ്വിയും വീണ്ടും; ബ്രോ ഡാഡി
02:24 AM Jun 27, 2021 | Deepika.com