ജിജിമോൻ പുതുവീട്ടിൽക്കളം എസ്ജെ
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ കർഷകാനുകൂല നിലപാടിനെ ചുറ്റിപ്പറ്റിയുള്ള അനാവശ്യ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആർച്ച്ബിഷപ്പിന്റെ കർഷകാനുകൂല നിലപാടിനെ വർഗീയനിറം ചാലിച്ച് യഥാർഥ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ വക്താക്കൾ ഒരു വശത്ത്. ഇതിൽ, ആർച്ച്ബിഷപ്പിനെതിരേ ഭരണ കക്ഷി സഖ്യത്തിലുള്ള ഒരു എംഎൽഎയുടെ തീവ്രവാദ സ്വരവുമുണ്ടായി എന്നത് ഭയപ്പെടുത്തുന്നതാണ്. “ബിജെപി നൽകുന്ന റബറിന്റെ വില വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ടു വേണ്ടേ?” എന്നതാണ് അദ്ദേഹത്തിന്റെ ഭീഷണി. എന്തിനും ഏതിനും മെത്രാന്മാരെ പൊതുസമൂഹത്തിൽ അവഹേളിക്കാൻ മാത്രം തൂലിക പടവാളാക്കുന്ന, ശീതീകരണ മുറികളിൽ മാത്രം ഇരുന്ന് സാമൂഹിക പ്രശ്നങ്ങളെയും ലോകത്തെയും മനസിലാക്കുന്ന, ക്രൈസ്തവ നാമധാരികളായ ചില പതിവ് വിമർശകരാണ് മറുവശത്ത്. ആർച്ച്ബിഷപ്പിന് കത്തോലിക്കാ സഭയുടെ സാമൂഹിക അധ്യാപനങ്ങൾ അറിയില്ല, കർഷകരുടെ പ്രശ്നങ്ങളെ അദ്ദേഹം ലളിതവത്കരിച്ചു, ക്രൈസ്തവ സമൂഹത്തെയും ന്യൂനപക്ഷങ്ങളെയും സമഗ്രമായി കാണുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു, അദ്ദേഹത്തിന്റേത് പൗരോഹിത്യ മേധാവിത്വത്തിന്റെ സ്വരമാണ് എന്നൊക്കെയുള്ള ‘താത്വിക അവലോകന’ത്തിന്റെ പദാവലികൾ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കുക എന്നതാണ് ഇക്കൂട്ടരുടെ പതിവ് ശൈലി. കാര്യങ്ങളെ ശരിക്കും മനസിലാക്കാൻ ശ്രമിക്കാത്ത ഇവരുടെ ലക്ഷ്യം വെറും ബുദ്ധിജീവിചമയലും ക്രൈസ്തവവിരുദ്ധരുടെ പ്രശംസ പിടിച്ചുപറ്റലുമാണ് എന്നത് കാമ്പോ കഴമ്പോ ഇല്ലാത്ത അവരുടെ വാദമുഖങ്ങളുടെ ശുഷ്കതയിൽനിന്നും നിഷ്പ്രയാസം മനസിലാക്കാം. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ആർച്ച്ബിഷപ് മാർ പാംപ്ലാനിയുടെ നാവടപ്പിക്കുക, അങ്ങനെ കർഷകരുടെ ദയനീയസ്ഥിതിയെ തമസ്കരിക്കുക എന്നതാണ് മേൽപ്പറഞ്ഞ രണ്ടു കൂട്ടരുടെയും ലക്ഷ്യം എന്നത് പകൽപോലെ വ്യക്തമാണ്. എന്നാൽ മാർ പാംപ്ലാനിയുടേത് ക്രൈസ്തവികത കലർന്ന ധീരവും ഉറച്ചതുമായ രാഷ്ട്രീയ നിലപാടാണ്.
റബർ കർഷകരുടെ ദയനീയാവസ്ഥ
സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താൻ സഹായിച്ചിരുന്ന പ്രധാനപ്പെട്ട ഒരു നാണ്യവിളയായിരുന്നു റബർ. റബർ കൃഷിയുടെ ഈ സങ്കീർണത പരിഗണിച്ചുകൊണ്ടാണ് 1963ലെ ഇ.എം.എസ് നമ്പൂതിരിപ്പാട് സർക്കാരിന്റെ കേരളം ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായ കൃഷിഭൂമിയുടെ കൈവശ നിയമങ്ങളുടെ പതിനഞ്ച് ഏക്കർ പരിധിയിൽനിന്നു റബർ കൃഷിയെ സ്വതന്ത്രമാക്കിയത്.
റബർ കർഷകർ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വിദേശ രാജ്യങ്ങളിൽനിന്നുമുള്ള സിന്തറ്റിക് റബറിന്റെ ഇറക്കുമതിയാണ്. സിന്തറ്റിക് റബർ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സ്റ്റൈറീൻ, ബ്യൂട്ടാഡീൻ എന്നിവ അപകടകരമായ രാസവസ്തുക്കളാണ്. ഈ രാസവസ്തുക്കൾ നാഡീസംബന്ധമായ പല രോഗങ്ങൾക്കും കാരണമാകുന്നു എന്നതാണ് വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തൽ. സിന്തറ്റിക് റബറിന്റെ വൻപിച്ച ഇറക്കുമതിയോടികൂടി പ്രകൃതിദത്ത റബറിന്റെ ആവശ്യകതയും തന്മൂലം വിലയും കുറഞ്ഞു.
ഒരു കിലോ പ്രകൃതിദത്ത റബർ ഉത്പാദിപ്പിക്കുന്നതിന് ഏകദേശം 250 രൂപയോളം ചെലവുണ്ടെങ്കിൽ, ഒരു സാധാരണ കർഷകന് ലഭിക്കുന്നത് 135 മുതൽ 160 രൂപാ മാത്രമാണ്. ഇത്തരത്തിൽ കേരളത്തിലെ പതിനഞ്ചു ലക്ഷത്തോളം കുടുംബങ്ങൾ വരുന്ന റബർ കർഷകരിലെ ഒരു വലിയ ശതമാനം കടക്കെണികളിൽപ്പെട്ട് ജപ്തി വ്യവഹാരങ്ങൾ നേരിടുന്നവരാണ്. ദയനീയമെന്നു പറയട്ടെ, ഈ കർഷകരിൽ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലുമാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ
ഇറക്കുമതി കുറച്ചുകൊണ്ട് പ്രകൃതിദത്ത റബറിന്റെ മൊത്തവില കൂട്ടാൻ ആവശ്യമായ കച്ചവടനയങ്ങൾ രൂപീകരിക്കേണ്ടത്തിന്റെറെ പ്രഥമ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന്റേതാണ്. എന്നാൽ റബർ കർഷകർക്ക് ജീവിക്കാൻ ആവശ്യമായ റബറിന്റെ വില ഉയർത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്കും കാര്യമായ നയങ്ങൾ രൂപീകരിക്കാനാകും. 2014ലെ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്നതും ഇപ്പോഴും തുടരുന്നതുമായ റബർ വിലസ്ഥിരതാ ഫണ്ട് അത്തരത്തിലുള്ളതാണ്. ഇതൊഴിച്ചാൽ, ഈ കാര്യത്തിൽ പരസ്പരം പഴിചാരി റബർ കർഷകരുടെ ശോചനീയാവസ്ഥയെ തമസ്കരിക്കാനാണ് മാറിമാറി വന്ന ഇടത്-വലത് സർക്കാരുകൾ ശ്രമിച്ചത്. ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ പുറത്തിറക്കിയ പ്രകടനപത്രികയിൽ റബറിന് 250 രൂപ ഉറപ്പാക്കും എന്നു പ്രഖ്യാപിച്ചെങ്കിലും അത് വെറും മോഹനവാഗ്ദാനം മാത്രമായി അവശേഷിക്കുന്നു.
സഭയുടെ പഠനങ്ങളും രാഷ്ട്രീയ നിലപാടുകളും
ക്രൈസ്തവ ധാർമിക സാമൂഹിക പഠനങ്ങളുടെ അടിത്തറ മനുഷ്യന്റെ ജീവനും അതിന്റെ അന്തസും മഹത്വവുമാണ്. ഈ അന്തസും മഹത്വവും എല്ലാ മനുഷ്യർക്കും ലഭിച്ചെങ്കിൽ മാത്രമേ പൊതുനന്മയും സാമൂഹികനീതിയും ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ മനുഷ്യന്റെ അന്തസും മഹത്വവും ഉയർത്തിപ്പിടിക്കാനായിരിക്കണം ഒരു ക്രൈസ്തവൻ തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കേണ്ടത്. അതിനായി ഓരോ ക്രൈസ്തവനെയും ഒരുക്കേണ്ടത് മെത്രാൻ എന്ന നിലയിൽ ഒരു ക്രൈസ്തവ ഇടയെന്റെ പരമപ്രധാനമായ ധർമമാണ്. സർക്കാരുകൾ മറന്ന കർഷകർക്കായി സംസാരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുമില്ലാത്ത സാഹചര്യത്തിലാണ് കർഷക കുടുംബത്തിലെ അംഗമെന്ന നിലയിലും രാഷ്ട്രീയ പ്രബുദ്ധതയുള്ള ക്രൈസ്തവൻ എന്ന നിലയിലും ആർച്ച്ബിഷപ് മാർ പാംപ്ലാനി സധൈര്യം മുന്നോട്ടുവന്നത്.
സാധാരണ ക്രൈസ്തവ വിശ്വാസി എന്നതിനെക്കാൾ മാർ പാംപ്ലാനി ഒരു ഇടയനുംകൂടിയാണ്. കത്തോലിക്കാ ഇടയനെ സംബന്ധിച്ചിടത്തോളം ജാതി-മത-വിശ്വാസ വ്യത്യാസങ്ങൾക്കപ്പുറത്ത് എല്ലാ മനുഷ്യരും അവന്റെ സ്വന്തം ആടുകളാണ്. കേരളത്തിലെ റബർ കർഷകരിൽ ക്രിസ്ത്യാനികൾ മാത്രമല്ല, വ്യത്യസ്ത മതങ്ങളിൽ പെടുന്നവരും മതവിശ്വാസം ഇല്ലാത്തവരുമുണ്ട്. അവരുടെ എല്ലാവരുടെയും ജീവിത അന്തസിനും നിലനില്പിനും വേണ്ടിയാണ് മാർ പാംപ്ലാനി തന്റെ നിലപാട് വ്യക്തമാക്കിയത്. വോട്ടവകാശ സമ്മതിദാനം ഉപയോഗിച്ചാണ് ഏതൊരു ഇന്ത്യൻ പൗരനും സാമൂഹിക പ്രശ്നങ്ങളോടു പ്രതികരിക്കുന്നതും രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നതും സാമൂഹിക നിർമിതിയിൽ പങ്കാളിയാകുന്നതും. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധികാരികളോട് വോട്ടവകാശ സമ്മതിദാനത്തിന്റെ വില വ്യക്തമാക്കി മാർ പാംപ്ലാനി സംസാരിച്ചത് മനസിലാക്കണമെങ്കിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങളെപ്പറ്റിയും നല്ല ധാരണ ഉണ്ടായിരിക്കണം.
ക്രൈസ്തവ പീഡനങ്ങൾ
കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിക്ക് പിന്തുണ കൊടുക്കുന്ന ചില തീവ്ര ഹിന്ദുത്വ മത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചില സംസ്ഥാനങ്ങളിൽ ക്രൈസ്തവ പീഡനങ്ങൾ നടത്തുകയും അവരുടെ സ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന യാഥാർഥ്യം മറച്ചുവയ്ക്കുന്നില്ല.
ആദിവാസികളുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി പ്രയത്നിച്ച സ്റ്റാൻ സ്വാമി എന്ന ഈശോസഭാ വൈദികൻ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എൻഐഎ എന്ന ഏജൻസിയുടെ ക്രൂരപീഡനങ്ങൾക്ക് ഇരയായി എന്നതും വസ്തുതയാണ്. കേന്ദ്രസർക്കാരിന് നേതൃത്വം കൊടുക്കുന്ന ബിജെപിയുടെ അത്തരത്തിലുള്ള എല്ലാ ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങളും നിശിതമായി വിമർശിക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. സഭ അതു ചെയ്തിട്ടുമുണ്ട്.
ഇന്ത്യയിൽ ഉണ്ടാകുന്ന എല്ലാ ക്രൈസ്തവപീഡനങ്ങളും രാഷ്ട്രീയപ്രേരിതമായി മാത്രം നടക്കുന്നതല്ല എന്ന കാര്യവും മറക്കരുത്. അവയ്ക്ക് പലപ്പോഴും അതാത് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പ്രാദേശിക ഗോത്ര, മത, ജാതീയ, വർഗീയ പ്രശ്നങ്ങളും അടിയൊഴുക്കുകളും കാരണമാകാറുണ്ട്. ബിജെപിക്ക് ക്രൈസ്തവവിരുദ്ധ നിലപാടുകൾ മാത്രമാണുള്ളതെങ്കിൽ ക്രൈസ്തവ ഭൂരിപക്ഷമുള്ള നാഗാലാൻഡ്, മേഘാലയ, മിസോറാം, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ അവർക്ക് സ്വീകാര്യത ലഭിക്കുമായിരുന്നില്ല. ജനസംഖ്യയിൽ മുപ്പത് ശതമാനത്തോളം ക്രൈസ്തവരുള്ള അരുണാചൽ പ്രദേശിലെ സ്ഥിതിയും മറ്റൊന്നല്ല. ബിജെപിക്ക് ഈ സംസ്ഥാനങ്ങളിൽ ലഭിച്ച സ്വീകാര്യതയ്ക്കു കാരണം അവിടെയുള്ള ക്രൈസ്തവ മത മേലധ്യക്ഷന്മാരാണ് എന്ന വാദമുഖവും വസ്തുതാപരമായി തെറ്റാണ്. ഓരോ പ്രദേശങ്ങളിലെയും ആളുകളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കനുസരിച്ചാണ് അവിടെയുള്ള ആളുകൾ രാഷ്ട്രീയപരമായ തീരുമാനങ്ങൾ എടുക്കുന്നത്.
ക്രൈസ്തവർ ഒരു രാഷ്ട്രീയ പാർട്ടികളുടെയും അടിമകളല്ല; അങ്ങനെ ആയിരിക്കുകയുമരുത്. നിലനിൽപ്പിന്റെ കാര്യം ഒഴിച്ചാൽ, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ക്രൈസ്തവരുടെ സാമൂഹിക പശ്ചാത്തലങ്ങളും ആവശ്യങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളും വ്യത്യസ്തങ്ങളാണ്. അതുകൊണ്ടുതന്നെ അവരെ സംബന്ധിക്കുന്ന പൊതുപ്രശ്നങ്ങൾ വരുമ്പോൾ അത് ഏതു സംസ്ഥാനത്താണെങ്കിലും രാജ്യത്താകമാനമുള്ള ക്രൈസ്തവർ അവയ്ക്കെതിരേ ഒരുമിച്ച് പ്രതിരോധം തീർക്കണം. എന്നാൽ പ്രാദേശിക പ്രശ്നങ്ങൾ വരുമ്പോൾ അവ പരിഹരിക്കാനായി അതാത് സ്ഥലങ്ങളിലെ തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിക്കുകയും വേണം. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു എന്ന കാരണംകൊണ്ട്, കേരളത്തിലെ റബർ കർഷകരുടെ ദീനരോദനം കണ്ടില്ല എന്നു നടിക്കണം എന്ന പിടിവാശി ശരിയല്ല.
മണ്ണിന്റെ ഗന്ധമുള്ള, ആടുകളുടെ മണമുള്ള, കർഷകരുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരു ഇടയനു മാത്രമേ മാർ ജോസഫ് പാംപ്ലാനിയുടേതുപോലെ പ്രവാചകധീരതയോടെ ഇത്തരമൊരു രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ. അദ്ദേഹത്തിന്റെ കർഷകാനുകൂല രാഷ്ട്രീയ നിലപാട് കേരളത്തിലെ കർഷകജനത ഒന്നാകെ നെഞ്ചിലേറ്റി എന്നത് വസ്തുതയാണ്. നാളിതുവരെ ഈ വിഷയത്തിൽ ഉറക്കം നടിച്ചിരുന്ന ഇടതുപക്ഷ സർക്കാർ പെട്ടെന്ന് റബറിന് ഉത്പാദക സബ്സിഡി അനുവദിച്ചതിന്റെ കാരണവും മാർ പാംപ്ലാനിയുടെ രാഷ്ട്രീയ നിലപാടിനെ ഭയന്നിട്ടായിരിക്കണം.
(ഓക്സ്ഫഡ് സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ)