മാറുന്ന ജീവിതസാഹചര്യങ്ങളിൽ എച്ച്ഐവി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കൽ എന്നിവയിലൂടെയാണ് പ്രധാനമായും എച്ച്ഐവി പകരുന്നത്.
ഇന്ന് എച്ച്ഐവി/എയ്ഡ്സിന് നൂതന ചികിത്സാരീതികളുണ്ട്. അതിൽ പ്രധാനമാണ് ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ് അഥവാ എആർടി. എച്ച്ഐവി ബാധിതർക്ക് ശരിയായ ജീവിതചര്യയിലൂടെയും ആവശ്യമായ ചികിത്സയിലൂടെയും എയ്ഡ്സ് ബാധിതരാകാതെ ദീർഘകാലം സാധാരണജീവിതം സാധ്യമാണ്.
ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്റർ (ഐസിടിസി) -ജ്യോതിസ്
മെഡിക്കൽകോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തി ക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളിൽ എച്ച്ഐവി പരിശോധന സൗജന്യമായി നൽകുന്നതിനു സംവിധാനമുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായിരിക്കും. കൗൺസലിംഗും ഇവിടെ ലഭിക്കും. എച്ച്ഐവി അണുബാധയുണ്ടെന്നു കണ്ടെത്തിയാൽ അവരെ കൂടുതൽ ചികിത്സയ്ക്കും മറ്റു സേവനങ്ങൾക്കുംവേണ്ടി എആർടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.
ആന്റി റിട്രോവൈറൽ തെറാപ്പി സെന്റർ (എആർടി) - ഉഷസ്
എച്ച്ഐവി അണുബാധിതർക്ക് ആവശ്യമായ ആന്റി റിട്രോവൈറൽ ചികിത്സ ഉഷസ് കേന്ദ്രങ്ങളിലൂടെ സൗജന്യമായി നൽകിവരുന്നു. ആന്റി റിട്രോവൈറൽ ചികിത്സയ്ക്കു മുന്നോടിയായുള്ള കൗൺസലിംഗും എആർടി കേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു.
പുലരി
പുലരി കേന്ദ്രങ്ങളിൽ ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു.
സന്നദ്ധ രക്തദാനം
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രത്യേക പരിഗണന നൽകുന്നു. എച്ച്ഐവി പോലുള്ള അണുബാധകൾ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ സുരക്ഷിത രക്തം ലഭ്യമാക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്.
ജാഗ്രത തുടരണം
പുതിയ എച്ച്ഐവി അണുബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് നമ്മുടെ കൂട്ടായ പ്രവർത്തനഫലമാണ്. എങ്കിലും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരണം. എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള ഗ്രൂപ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതികൾ കേരളത്തിലുണ്ട്. ഒന്നായി. തുല്യരായി നമുക്ക് എയ്ഡ്സിനെ തടുത്തു നിർത്താം.
വിവരങ്ങൾ - ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ് , പന്തക്കൽ, ഫോൺ - 8714373299
എച്ച് ഐവി പ്രതിരോധം നമ്മുടെ കടമ
03:31 PM Dec 01, 2022 | Deepika.com