വിരല്‍ കുടിച്ച് നടക്കുന്ന കുട്ടിക്കുറുമ്പരെ കുടുംബത്തിനകത്തും അല്ലാതെയും ഒക്കെ നമ്മള് കാണാറുണ്ട്. വലിച്ചു കുടിക്കുക എന്നുള്ളത് കുട്ടികളുടെ സഹജമായ വാസനയാണ്. അവരതില്‍ ആനന്ദവും സുരക്ഷിതത്വവും കണ്ടെത്തും.
മുലപ്പാല്‍ വലിച്ചു കുടിക്കുന്നത് മുഖത്തെ എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചയ്ക്ക് ആവശ്യമാണ്. കുപ്പിപ്പാല് കുടിക്കുന്ന ശീലം മൂന്ന് വയസുവരെ ഒക്കെ തുടരുന്ന കുട്ടികളില്‍ വിരല്‍ കുടിക്കുന്ന ശീലവും നാക്ക് തള്ളല്‍ ശീലവും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
വിരല്‍ കുടിക്കല്‍ തുടര്‍ന്നാൽ
മൂന്ന് വയസുവരെ വിരല്‍ കുടിക്കുന്ന ശീലം സ്വാഭാവികമാണ്. അതിനെ തടയേണ്ട ആവശ്യമില്ല. എന്നാൽ അതിനു ശേഷവും കുട്ടികള്‍ ഈ ശീലങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത് പല്ലിന്റെ ക്രമീകരണത്തെയും മുഖത്തെ എല്ലുകളുയുടെ ശരിയായ വളര്‍ച്ചയെയും മുഖപേശികളുടെ സ്വഭാവികമായ ചലനങ്ങളെയും ബാധിക്കും.
കുട്ടികളുടെ മേല്‍ത്താടിയിലെ മുന്‍വരിപ്പല്ലുകള്‍ മുന്നിലേക്ക് തള്ളൽ, കീഴ്ത്താടിയിലെ മുന്നിരപ്പല്ലുകള് ഉള്ളിലേക്ക് താഴൽ, പല്ലുകള്‍ക്കിടയില്‍ വിടവ്, ഉച്ചാരണ ശുദ്ധിക്കുറവ്, താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകള്‍ കടിച്ചുപിടിക്കുമ്പോള്‍ ഉണ്ടാകുന്ന വിടവ്, പല്ലുകള്‍ നിര തെറ്റുക, ചുണ്ടുകളുടെ വലിപ്പത്തില്‍ വ്യത്യാസം ഉണ്ടാവുക, താടിയെല്ലുകളുടെ വളര്‍ച്ചക്കുറവ് അല്ലെങ്കില്‍ അമിതമായ വളര്‍ച്ച തുടങ്ങി നിരവധി പ്രശ്നങ്ങള്‍ വിരല്‍ കുടിക്കല്‍ ശീലം തുടരുന്നതിനോടാനുബന്ധിച്ച് കണ്ടുവരുന്നു.
അതിനാല്‍ ഈ ശീലം മാറ്റിയെടുത്തില്ലെങ്കില്‍ കുട്ടിയുടെ മുഖത്തിന്റെ ആകൃതിയെയും അവരുടെ സംസാര ശേഷിയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതവരുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തും.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ഈ പ്രശ്നങ്ങളൊക്കെ വഷളാവുന്നതിനു മുമ്പ് തന്നെ ചികിത്സിക്കാന്‍ മാതാപിതാക്കള്‍ കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വഴക്ക് പറഞ്ഞും അടിച്ചും നേരെയാക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. അതിലൂടെ വിപരീതഫലം മാത്രമേ ഉണ്ടാവുകയുള്ളൂ. കാരണം കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും അവരെ ഇത്തരം ശീലങ്ങളിലേക്ക് നയിക്കാറുണ്ട്.
ശാസ്ത്രീയമായും ഫലപ്രദമായും കുട്ടികളിലെ ഇത്തരം ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ തീര്‍ച്ചയായും ഒരു ദന്തരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. മൂന്ന് മുതല്‍ ആറ് വയസ് വരെ കുട്ടി വിരല്‍ കുടിക്കുന്ന ശീലം കാണിക്കുന്നുണ്ടെങ്കില്‍ വീട്ടില്‍നിന്ന് തന്നെ മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ പറ്റുന്ന പരിഹാരമാര്‍ഗങ്ങള്‍ ഡെന്റിസ്റ്റിന് നിര്‍ദേശിക്കാന്‍ കഴിയും.
കുട്ടികള്‍ വിരല്‍ കുടിക്കാന്‍ കാരണം എന്താണെന്ന് കണ്ടെത്തി അത് തടയാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഡെന്റിസ്റ്റിൽ നിന്നും ലഭിക്കും. അരക്ഷിതാവസ്ഥയും വിരസതയും ഒക്കെയാണ് ഈ ശീലത്തിന്റെ അടിസ്ഥാന കാരണമെങ്കില്‍ ദന്തരോഗവിദഗ്ധന്റെ സഹായത്തോടെ മാതാപിതാക്കള്‍ക്ക് അത് മാറ്റിയെടുക്കാന്‍ സാധിക്കും.
ആറ് വയസ് കഴിഞ്ഞും
ആറുവയസിനു മുകളിലും വിരല്‍ കുടിക്കുന്ന ശീലം തുടരുകയാണെങ്കില്‍ ചില പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതി സ്വീകരിക്കേണ്ടി വരും. ടംഗ് ക്രിബ് (Toung Crib) എന്നു പറയുന്ന ഉപകരണം അത്തരത്തിലൊന്നാണ്.
കുട്ടിയുടെ വായയുടെ അളവെടുത്ത് അതിന് യോജിക്കുന്ന രീതിയില്‍ ഈ ഉപകരണം തയാറാക്കി വായ്ക്കുള്ളില്‍ ഘടിപ്പിക്കാവുന്നതാണ്. പ്രത്യേകമായി അളവെടുത്തു തയാറാക്കുന്നതുകൊണ്ട് വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകില്ല.
ഇത് ഘടിപ്പിച്ചു കഴിഞ്ഞാല്‍ വിരല്‍ വായില്‍വയ്ക്കുമ്പോള്‍ അത് അണ്ണാക്കില്‍ തട്ടുന്നത് തടയപ്പെടുകയും വിരല്‍ കുടിക്കുന്നതിലൂടെ കുട്ടിക്ക് ലഭിക്കുന്ന സംതൃപ്തി കിട്ടാതെ വരികയും ചെയ്യുന്നു.
വഷളായിക്കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ വില്ലന്‍ ആകാന്‍ കഴിയുന്നതും എന്നാല്‍ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നല്കിയാല് എളുപ്പം മാറ്റാന്‍ പറ്റുന്നതുമാണ് വിരല്‍ കുടിക്കല്‍ ശീലം.
ഡോ. തീര്‍ഥ ഹേമന്ദ്
(ഏറ്റുമാനൂര്‍ തീര്ഥാസ് ടൂത് അഫയര്‍ ഡെന്റല്‍ ഹോസ്പിറ്റലിലെ ചീഫ് ഡെന്റൽ സര്‍ജനാണ് ലേഖിക)
വിരല്‍ കുടിക്കുന്ന ശീലം കുട്ടികള്‍ക്ക് ഉണ്ടോ...? എങ്കില്‍ സൂക്ഷിക്കണം...
07:24 PM Aug 08, 2022 | Deepika.com