മലയാളത്തിന്റെ മുൻനിര നായികമാർക്കിടയിലെ ശ്രദ്ധേയ മുഖമാണ് ശാന്തി ബാലചന്ദ്രൻ. ടോവിനോയുടെ നായികയായി തരംഗത്തിലൂടെ തുടക്കം കുറിച്ച ശാന്തി പിന്നീട് ജല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തി. സിനിമകളുടെ എണ്ണത്തെക്കാൾ കഥാപാത്രത്തിന്റെ പ്രത്യേകത തന്റെ മേൽവിലാസമായി മാറണമെന്നാണ് ഈ നായികയുടെ ഭാഷ്യം.
വടംവലി മത്സരത്തിന്റെ വീറും വാശിയും വെള്ളിത്തിരയിൽ ആവേശം സൃഷ്ടിക്കാനെത്തുന്ന ആഹാ എന്ന ചിത്രത്തിലെ നാടൻ കഥാപാത്രവുമായാണ് ഇനി ശാന്തിയെത്തുന്നത്. നാടകത്തിലൂടെ സിനിമയിലെത്തിയ ഈ യുവ കലാകാരി ഇപ്പോൾ എഴുത്തിന്റെ ഇടങ്ങളിലേക്കും കടന്നിരിക്കുന്നു. അഭിനയം, എഴുത്ത് എന്നിങ്ങനെ തന്റെ ഇഷ്ടങ്ങളുടെ പിന്നാലെ സഞ്ചരിച്ച് ശാന്തി പുതിയ തീരങ്ങൾ തേടുകയാണ്...
പ്രിയങ്കരമാകുന്ന ആഹാ
മലയാളത്തിൽ കുറച്ചു ചിത്രങ്ങൾ മാത്രമാണ് സ്പോർട്സ് പശ്ചാത്തലമാക്കി വന്നിട്ടുള്ളത്. അതിൽതന്നെ വടംവലി മത്സരത്തിന്റെ സിനിമകൾ തീരെ കുറവാണ്. അത്തരത്തിൽ വടംവലി മത്സരം പശ്ചാത്തലമാക്കി കുറച്ചു ജീവിതങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ആഹാ. നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകനായി എത്തുന്നത്. ഗ്രാമാന്തരീഷത്തിൽ തികച്ചും രസാവഹമായി ഒരുക്കുന്ന ചിത്രം എനിക്കും പുതിയൊരു അനുഭവമായിരുന്നു.
മനോജ് കെ. ജയൻ, അമിത് ചക്കാലയ്ക്കൽ, അശ്വിൻ കുമാർ തുടങ്ങിയവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. വടംവലി മത്സരത്തെപ്പറ്റി അറിയുമെങ്കിലും അതിന്റെ ആവേശവും പോരാട്ടവുമൊക്കെ അടുത്തറിഞ്ഞത് ഈ ചിത്രത്തിലൂടെയാണ്. തനി നാടൻ കഥാപാത്രമായി മാറിയെന്നതും ആഹാ പ്രിയങ്കരമാക്കുന്നു.
സിദ്ധാർഥ് ഭരതന്റെ ചതുരം
ആഹാ പോലെ ലോക്ക്ഡൗണിനു മുന്പ് പൂർത്തിയാക്കിയ ചിത്രമാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ജിന്ന്. വളരെ ആസ്വദിച്ചു ചെയ്ത ചിത്രമായിരുന്നു അത്. സൗബിൻ ഷാഹിറായിരുന്നു ജിന്നിലെ കേന്ദ്രകഥാപാത്രം. വീണ്ടും സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാവുകയാണ് ഇപ്പോൾ. ചതുരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യുവാണ് നായകനാകുന്നത്.
മുന്പ് റോഷനൊപ്പം നാടകത്തിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയിൽ ഒന്നിച്ചു കാമറയ്ക്കു മുന്നിലെത്തുന്നത് ആദ്യമായാണ്. റോഷൻ എന്റെ നാടകം കാണാൻ വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് റോഷൻ സംവിധാനം ചെയ്ത എ വെരി നോർമൽ ഫാമിലി എന്ന നാടകത്തിൽ ഞാൻ അഭിനയിച്ചിരുന്നു.
നാടകത്തിലൂടെ തുടക്കം
അഭിനയത്തോട് ചെറുപ്പം മുതൽ താത്പര്യമുണ്ടെങ്കിലും നാടകത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. കോളജ് പഠനസമയത്താണ് നാടകത്തിൽ അഭിനയിക്കുന്നത്. ലവർ എന്ന നാടകത്തിന്റെ ട്രെയിലർ യൂടൂബിൽ റിലീസ് ചെയ്തിരുന്നു. അതു കണ്ടിട്ടാണ് തരംഗത്തിന്റെയും രണ്ടു പേർ എന്ന ചിത്രത്തിന്റെയും അണിയറ പ്രവർത്തകർ എന്നെ സമീപിക്കുന്നത്. ആദ്യമായി കാമറയ്ക്കു മുന്നിൽ നിൽക്കുന്നത് പ്രേം ശങ്കർ സംവിധാനം ചെയ്ത രണ്ടുപേരിലാണ്. അതേ സമയത്തുതന്നെയാണ് തരംഗവും ചിത്രീകരണം ആരംഭിക്കുന്നത്.
തരംഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷമാണ് രണ്ടുപേർ പൂർത്തിയാക്കിയത്. തരംഗമാണ് ആദ്യം റിലീസായത്. രണ്ടു പേർ ഐഎഫ്എഫ്കെയുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു ശേഷം പിന്നീട് ജല്ലിക്കട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രങ്ങളും ചെയ്തു.
നാഴികക്കല്ലായി ജല്ലിക്കെട്ട്
ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രം എന്നതു തന്നെ ജല്ലിക്കെട്ടിലെത്താൻ പ്രധാന കാരണമായി. സിനിമയിൽ കുറച്ചു സമയമാണ് ഞാൻ സ്ക്രീനിലെത്തുന്നത്. എന്നാൽ ചിത്രത്തിലെ സംഭവങ്ങളും മറ്റു കഥാപാത്രങ്ങളും ഞാൻ അവതരിപ്പിച്ച സോഫി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടുകിടക്കും വിധമാണ് സംവിധായകൻ രൂപകല്പന ചെയ്തിരിക്കുന്നത്. നിരൂപക പ്ര ശംസ നേടിയ ചിത്രം എനിക്കും പ്രേക്ഷകശ്രദ്ധ നേടിത്തന്നു. അതിനുശേഷം ചെയ്ത ചിത്രങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെയുടെ തിരക്കഥയാണ് എന്നെ ആകർഷിച്ചത്. തികഞ്ഞ ആക്ഷേപ ഹാസ്യമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
സിനിമയിലെ തുടക്കം
കോട്ടയമാണ് എന്റെ സ്വദേശമെങ്കിലും ഞാൻ പഠിച്ചതും വളർന്നതും പല സ്ഥലങ്ങളിലായാണ്. ചെന്നൈ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കൊച്ചിയിലെത്തിയപ്പോഴാണ് ആകസ്മികമായി സിനിമയിലെത്തുന്നത്. നാടകത്തിൽ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് കലയിൽ ആത്മ വിശ്വാസം തോന്നുന്നത്. ഇതുവരെ ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി. വെറുതെ ഒരു സിനിമ എന്നതിനപ്പുറം എന്തെങ്കിലും ചെയ്യാനുള്ള കാന്പുളള കഥാപാത്രങ്ങളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. പുതിയ ഓഫറുകൾ എത്തുന്നുണ്ട്. അതിന്റെ ചർച്ച നടക്കുന്നു.
എഴുത്തിനോടും ഏറെ ഇഷ്ടം
എഴുത്ത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ലോക്ക്ഡൗണ് സമയത്ത് ഞാനും ഒരു സുഹൃത്തും ചേർന്ന് ഒരു സിനിമയ്ക്കുള്ള തിരക്കഥ എഴുതിയിരുന്നു. അതിന്റെ ജോലികൾ ആരംഭിച്ചു. ഈ വർഷാവസാനത്തോടെ അതിന്റെ ഷൂട്ടിംഗ് ആരംഭിക്കണമെന്നു ചിന്തിക്കുന്നു.
ഇതിനിടയിൽ ഒരു മ്യൂസിക് വീഡിയോയ്ക്കു വേണ്ടിയും എഴുതി. തരംഗം സംവിധാനം ചെയ്ത ഡൊമിനിക് അരുണ് ആണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത്. അത് ഉടൻ പുറത്തുവരും. എഴുത്തിന്റെ ലോകം ഞാൻ വളരെ ആസ്വദിക്കുന്നതാണ്. ഇനിയും എഴുതാൻ ആഗ്രഹിക്കുന്നു.
ലിജിൻ കെ. ഈപ്പൻ
ആഹാ...ശാന്തി
03:14 AM Mar 14, 2021 | Deepika.com