കൺനിറയെ വിസ്മയമൊരുക്കി കത്തീഡ്രൽ അങ്കണത്തിലെ പൂപ്പന്തൽ. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ അങ്കണത്തിലെ പൂപ്പന്തലാണ് കാഴ്ചക്കാർക്കു
കൗതുകമുണർത്തുന്നത്.
ജേഡ് വെയിൻ എന്ന വിദേശയിനം ചെടിയൊരുക്കിയിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള പൂപ്പന്തലാണ് ജനങ്ങളെ ആകർഷിക്കുന്നത്. രണ്ടാം വർഷമാണ് ഈ പൂക്കൾ വാഴത്തോപ്പിൽ വിസ്മയം തീർക്കുന്നത്.
രണ്ടു വർഷം മുന്പ് അടിമാലിക്കു സമീപമുള്ള ഒരു നഴ്സറിയിൽനിന്നാണ് ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം ജേഡ് വെയിനിന്റെ തൈ വാങ്ങിയത്. ഈ ചെടി രാജകുമാരി പള്ളിയിൽ നട്ടു. ഇവിടെനിന്നും വാഴത്തോപ്പ് കത്തീഡ്രലിലേക്കു സ്ഥലംമാറ്റം ലഭിച്ച ഫാ. ഫ്രാൻസിസ് കത്തീഡ്രൽ പള്ളിയുടെ സെമിത്തേരിയിലേക്കുള്ള വഴിയിൽ ചെടി നട്ടു. പിന്നീടു വലിയ നാലു കോണ്ക്രീറ്റ് തൂണുകളിൽ പന്തലൊരുക്കി ഇതിൽ പടർന്നു കയറി ജേഡ് ചെടി ചുവപ്പുപൂക്കളാൽ നിറഞ്ഞ പന്തലായി മാറുകയായിരുന്നു.
ദീർഘകാലം ചെടിയിൽ പൂക്കൾ വിരിഞ്ഞു നിൽക്കുമെന്നതും ഒരുമിച്ച് പൂക്കൾ വിരിയുമെന്നതുമാണ് ഈ ചെടിയുടെ പ്രധാന ആകർഷണം. ജേഡ് വെയിനിന്റെ നീല പൂക്കളുള്ള ചെടിയും നട്ടുവളർത്തിയിട്ടുണ്ട്. ഇത് അടുത്ത വർഷം പൂക്കും.
വിവാഹ പാർട്ടികളുടെയും വിശ്വാസികളുടെയും മറ്റു സന്ദർശകരുടെയും ഫോട്ടോ ഷൂട്ട് കേന്ദ്രമായി മാറിയിരിക്കയാണ് പള്ളിയങ്കണത്തിലെ ഈ പൂപ്പന്തൽ. പൂപ്പന്തലിന്റെ കോണ്ക്രീറ്റ് കാലിൽ ബ്രൈഡൽ ബൊക്കയും പൂത്തുനിൽക്കുന്നു.
പള്ളിയങ്കണത്തെ മനോഹരമാക്കുന്ന ജറുസെലേം ക്രിസ്മസ് ട്രീ, ചെയ്ഞ്ചിംഗ് റോസ്, മെലാസ്ട്രോമ, വിവിധ നിറത്തിലുള്ള കൊങ്ങിണി, വെസ്റ്റിന്റെൻ ലാന്റന, വ്യത്യസ്തങ്ങളായ ഹൈഡ്രാഞ്ചിയ, ഓർക്കിഡ്, പെൻസിൽ പൈൻ തുടങ്ങി വ്യത്യസ്തമായതും അപൂർവങ്ങളുമായ നിരവധി പൂച്ചെടികളും ഇലച്ചെടികളും ഫാ. ഫ്രാൻസിസ് ഇടവക്കണ്ടത്തിന്റെ പൂന്തോട്ടത്തിന്റെ ഭംഗി വർധിപ്പിരിക്കുകയാണ്.
കൺനിറയെ വിസ്മയമൊരുക്കി ഒരു പൂപ്പന്തൽ
07:33 PM May 18, 2022 | Deepika.com