ശബരിമല: ഭക്തസഹസ്രങ്ങളുടെ കാത്തിരിപ്പിന്റെ പുണ്യദിനം ഇന്ന്. എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ ഭഗവാന് ശബരിമല ശ്രീകോവിലില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും മാനത്തു കാണുന്ന സംക്രമനക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം കൂടി ഭക്തരുടെ മനനസിനെ പുണ്യത്തിന്റെ കുളിര്‍മയിലേക്കു കൊണ്ടുവരുന്ന ദിനമാണിന്ന്.
മകരസംക്രമപൂജ
പുണ്യദിനത്തിന്റെ സുകൃതം നേടാനായി അയ്യപ്പഭക്തരുടെ കാത്തിരിപ്പാണ് എവിടെയും. ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്കാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമ പൂജ നടക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചോടെ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുള്ള തയാറെടുപ്പ് തുടങ്ങും.
ശബരിപീഠത്തിലെത്തുന്ന ഘോഷയാത്രയെ അവിടെനിന്ന് ആനയിച്ച് ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം അധികൃതര്‍ ആചാരപരമായി വരവേറ്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടി കയറി സന്നിധാനത്തെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരണം.
മകരജ്യോതി
ശ്രീകോവിലിലേക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങും. ഒപ്പമുള്ള പെട്ടികള്‍ മാളികപ്പുറത്തേക്കു കൊണ്ടുപോകും. തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി നട അടയ്ക്കും. പിന്നീട് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കായി നട തുറക്കും. ഇതേസമയമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.
മകരവിളക്കിന് ഒരുങ്ങി ശബരിമല
02:15 PM Jan 14, 2022 | Deepika.com