ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താരങ്ങൾ ശബരിമലയിലേക്ക്. ഇന്നലെ രാവിലെയാണ് സംഘം കൊല്ലം കളക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നും ശബരിമലയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്.
സ്പോർട്സിലൂടെ ആരോഗ്യം നേടൂ ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കൂ, ശുചിത്വകേരളം സുന്ദര കേരളം എന്നീ സന്ദേശവുമായിട്ടായിരുന്നു യാത്ര. കൊല്ലം, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര, അടൂർ വഴി പത്തനംതിട്ട ടൗണിലെത്തിയ യാത്ര വൈകുന്നേരത്തോടെ റാന്നി പെരുനാട്ടിലെത്തി. ഇന്നു രാവിലെ പെരുനാട്ടിൽ നിന്നാരംഭിക്കുന്ന യാത്ര ളാഹ വഴി പന്പയിൽ സമാപിക്കും. തുടർന്ന് കാൽനടയായി താരങ്ങൾ സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങും.
ജില്ലാ സംസ്ഥാന ദേശീയ സ്പീഡ്, ആർട്ടിസ്റ്റിക്, റോളർ ഹോക്കി താരങ്ങളും പരിശീലകരും അന്പയർമാരുമായ പി.ആർ. ബാലഗോപാൽ, എസ്. ബിജു, അനുരാജ് പൈങ്ങാവിൽ, ടി.എസ്. ആദർശ്, നിതിൻ രാജ്, പി.ബി. അബിൻ, ബി.ജി. ബാൽശ്രേയസ് തുടങ്ങിയവരാണ് സ്കേറ്റിംഗ് യാത്രയിൽ പങ്കെടുക്കുന്നത്.
ചക്രവീലുകളിൽ തെന്നി തുടർച്ചയായി നടത്തുന്ന 21-ാമത്തെ റോളർ സ്കേറ്റിംഗ് യാത്രയാണ് കൊല്ലത്ത് നിന്നും പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകുന്നതെന്ന് ജില്ലാ സംസ്ഥാന റോളർ സ്കേറ്റിംഗ് അസോസിയേഷൻ ഭാരവാഹികൾ കൂടിയായ സംഘാടകർ പറഞ്ഞു.
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
09:15 AM Jan 08, 2022 | Deepika.com