ഒരു ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങാണ് വേദി. ഇവിടെ നാട മുറിക്കാനെത്തിയ അതിഥിയെ കണ്ട് ചടങ്ങിനെത്തിയവരെല്ലാം ആകെയൊന്നു അന്പരന്നു. രണ്ടു കണ്ണുകൾക്കും കാഴ്ച ശക്തിയില്ലാത്ത ഈ പെൺകുട്ടി ചടങ്ങിനെത്തിയവർക്ക് വേറിട്ട അനുഭവമായി.
കുടയത്തൂർ അന്ധവിദ്യാലയത്തിലെ അഞ്ചാം വിദ്യാർഥിനിയാണ് ആതിര. മൂവാറ്റുപുഴ പുതുപ്പാടി ബംഗ്ലാംതറയിൽ ഗണേശൻ - രജനി ദന്പതികളുടെ മകളാണ് . ആതിരയ്ക്ക് പൂർണമായും കാഴ്ചയില്ല.
ഇടുക്കി ഗോൾഡ് ഹോട്ടൽ എന്ന സ്ഥാപനത്തിന്റെ ഉടമയായ കുടയത്തൂർ കുഴിപ്പിള്ളിൽ ഇന്നസെന്റിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് അന്ധവിദ്യാർഥിനിയായ ആതിരയെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. ഉദ്ഘാടത്തിനുശേഷം പാരിതോഷികം നൽകിയാണ് ആതിരയെ പറഞ്ഞയച്ചത്. ആതിരയുടെ ഭാവി വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തതായി ഹോട്ടലിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ഇന്നസെന്റ് അറിയിച്ചു.
അന്ധവിദ്യാലയത്തിലെ പ്രിൻസിപ്പലും അധ്യാപകരും ചടങ്ങിനെത്തിയിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തിൽ അന്ധവിദ്യാർഥിനിയായ ആതിര ഹോട്ടൽ ഉദ്ഘാടനം ചെയ്തതോടെ മലങ്കര ജലാശയത്തോട് ചേർന്നുള്ള ഈ ഭക്ഷണശാല നന്മയുടെ പുതിയ പാതയാണ് തുറന്നത്.
അകകണ്ണിന്റെ വെളിച്ചത്തിലൊരു നാടമുറിക്കൽ
02:25 PM Dec 04, 2021 | Deepika.com