സ്വർഗത്തെയും നരകത്തെയും വേർതിരിക്കുന്ന മതിൽ കാലാന്തരത്തിൽ പൊളിഞ്ഞു തുടങ്ങുകയുംനരകത്തിൽ നിന്നു ചില ദുഷ്ടന്മാർ പൊളിഞ്ഞ മതിലിന്റെ വിടവിലൂടെ സ്വർഗത്തിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു.
മതിലിന്റെ അറ്റകുറ്റപ്പണികൾ ആര് നടത്തണം എന്നതിനെ സംബന്ധിച്ച് ദൈവവും സാത്താനും തമ്മിൽ തർക്കവും ആരംഭിച്ചു. മതിലിനുണ്ടാക്കിയ എല്ലാ നാശനഷ്ടങ്ങൾക്കും കാരണം "നരകവാസികൾ' ആയതിനാൽ സാത്താൻ തന്നെ മതിൽ പുതുക്കിപ്പണിയാനുള്ള ചെലവു വഹിക്കണമെന്ന് ദൈവം കട്ടായം പറഞ്ഞു.
എന്നാൽ തനിക്ക് ഇങ്ങനെയൊരു മതിൽ ആവശ്യമില്ലെന്നും നരകത്തിൽനിന്ന് ആളുകൾ സ്വർഗത്തിലേക്ക് നുഴഞ്ഞു കയറാതിരിക്കാൻ ആവശ്യമെങ്കിൽ ദൈവം മതിൽ നിർമിച്ചാൽ മതിയെന്നും പറഞ്ഞ് സാത്താൻ എതിർത്തു.
മതിൽ നിർമാണം തന്റെ ജോലിയല്ലെന്ന് ദൈവം മറുപടി പറഞ്ഞു.
തർക്കം പരിഹരിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടപ്പോൾ സാത്താൻ ഒരു നിർദേശം മുന്നോട്ടുവച്ചു.
ഈ തർക്കം പരിഹരിക്കുന്നതിനായി നമുക്ക് ഒരു ആർബിട്രേറ്റർ എന്ന മധ്യസ്ഥനെ വയ്ക്കാം. ഇരുവരുടെയും വാദങ്ങൾ അഭിഭാഷകർ മുഖേന മധ്യസ്ഥന്റെ മുമ്പിൽ അവതരിപ്പിക്കാം, അദ്ദേഹം തീരുമാനിക്കട്ടെ ചെലവ് ആര് വഹിക്കണമെന്ന്.
ഉദാരമതിയായ ദൈവം സാത്താന്റെ ഈ നിർദേശം സമ്മതിച്ചു.
ഇതിലെ അപകടം പിന്നീടാണ് ദൈവത്തിന് മനസിലായത്.
വക്കീലൻമാരെല്ലാം സാത്താന്റെ കൂടെയാണെന്നും ഒരാൾ പോലും തനിക്കുവേണ്ടി വാദിക്കാൻ സ്വർഗത്തിലില്ലെന്നും!
നർമ്മവിസ്താരം:- അഡ്വ. ഡി.ബി. ബിനു
"പരലോകത്ത് ഒരു നിയമപ്രശ്നം'
03:45 AM Nov 29, 2020 | Deepika.com