പൊതുവായ ക്ഷേമത്തേയും മികച്ച ആരോഗ്യത്തേയും കുറിച്ചു നമുക്കെല്ലാം ഉണ്ടായിരുന്ന ധാരണകള്‍ ആകെ മാറിപ്പോയൊരു വര്‍ഷമായിരുന്നു 2020. വിശാലമായൊരു ലോകത്തു നിന്ന് അടച്ചു പൂട്ടപ്പെട്ടൊരു ജീവിതത്തിലേക്ക് മാറിയപ്പോള്‍ ഈ ധാരണകളും അതേ രീതിയില്‍ തന്നെ മാറുകയായിരുന്നു. ഇതിനിടയില്‍ ക്ഷേമം എന്നത് കൂടുതല്‍ അര്‍ത്ഥവത്തായതും ആഴത്തില്‍ പ്രസക്തവുമായ ഒന്നായും മാറിയിരിക്കുകയാണ്.
ജീവിതശൈലി, ജോലിയും ജീവിതവും തമ്മിലുള്ള സംയോജനം, ഭക്ഷണ ശീലങ്ങള്‍, വ്യായാമം, മാനസികാരോഗ്യം തുടങ്ങിയവയുടെ എല്ലാം അടിസ്ഥാനത്തിലാണ് ഈ ക്ഷേമം നിര്‍വചിക്കപ്പെടുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലും ഇതിന്റെ പ്രസക്തി വര്‍ധിച്ചു വരികയാണ്. മഹാമാരി ബാധിക്കുന്നതിലുള്ള വന്‍ വര്‍ധനവും ആശുപത്രിയിലേത് അടക്കം ഉയര്‍ന്നു വരുന്ന ചെലവുകളും ഇതോടൊപ്പം ഉപഭോക്താക്കളുടെ ആശങ്കയും വര്‍ധിപ്പിക്കും.
ക്ഷേമം കൂടി മുന്നില്‍ കണ്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സിനു പ്രാധാന്യമേറുന്നത് ഈ പശ്ചാത്തലത്തിലാണ്. പ്രതിരോധ മാര്‍ഗങ്ങള്‍ മുതല്‍ രോഗത്തില്‍ നിന്നു ക്ഷേമത്തിലേക്കുള്ള യാത്ര വരെയുള്ള ഘട്ടങ്ങളിലെല്ലാം ഉപഭോക്താവിനോടൊപ്പം പരിചരണവുമായി നില്ക്കുന്നൊരു പങ്കാളിയുടെ റോളാണ് ഇന്ന് ആരോഗ്യ ഇന്‍ഷുറന്‍സിനുള്ളത്.
കോവിഡ് തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല വന്‍ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ്. സാമൂഹിക അകലം പാലിക്കാനാവും വിധം വെര്‍ച്വല്‍ മെഡിസിന്, ടെലിഹെല്‍ത്ത് തുടങ്ങിയ ഡിജിറ്റല്‍ സൗകര്യങ്ങളെയാണ് അത് ആശ്രയിക്കുന്നത്. ടെലിമെഡിസിനും ഇ-കെവൈസിയും അടക്കമുള്ള പുരോഗമനപരമായ നീക്കങ്ങളെ റെഗുലേറ്ററും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
മൊത്തത്തിലുള്ള ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഉപയോക്താവിന്റെ ജീവിതത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനത്തെ പുനര്‍നിര്‍ണയിച്ചു കൊണ്ടിരിക്കുകയാണ്.
അധിക ചെലവില്ലാതെ നല്കുന്ന മൂല്യ വര്‍ധിത സേവനങ്ങളായാണ് ആരോഗ്യ ഇന്ഷുറന്സുകളോടൊപ്പം ഇന്ന് ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കുന്നത്. നിര്‍ദ്ദിഷ്ട ലക്ഷ്യം നേടാന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ഈ ക്ഷേമ പദ്ധതികളില്‍ പലതും. ഇവ നേടുന്നതിന് അനുസരിച്ച് ഇന്‍ഷ്വര്‍ ചെയ്തവര്‍ക്ക് വിവിധ നേട്ടങ്ങളും പോയിന്റുകളും ലഭ്യമാക്കുകയും ചെയ്യും.
വിവിധ ഡയഗ്നോസിസ് കേന്ദ്രങ്ങളിലും ആശുപത്രി ശൃംഖലകളിലും ലഭിക്കുന്ന വിവിധ ഡിസ്കൗണ്ടുകള്‍, ഇളവുകള്‍, ഫാര്‍മസി ബില്ലുകളിലും ഒപിഡി ബില്ലുകളിലും നല്കുന്ന ഡിസ്കൗണ്ടുകള്‍ തുടങ്ങിയ രീതികളിലാവും ഈ ആനുകൂല്യങ്ങള്‍ നല്‍കുക. വെറുമൊരു ഇന്‍ഷുറന്‍സ് പങ്കാളി എന്നതില്‍ നിന്ന് ഒരു ക്ഷേമ പങ്കാളിയായി അവര്‍ മാറുകയാണ്. ഇതിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും രീതികളും സ്വീകരിക്കാന്‍ മുഴുവന്‍ കുടുംബത്തിലും ക്രിയാത്മക സ്വാധീനവും ചെലുത്താനാവും.
ഉപയോക്താവിനെ ആരോഗ്യകരമായ ജീവിതത്തിലേക്കു നയിക്കാനാവും വിധം ഡിജിറ്റല്‍ സംവിധാനങ്ങളും ഇതിനു പുറമെ പ്രയോജനപ്പെടുത്തുന്നുണ്ട്. ശാരീരിക, മാനസിക ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുന്നതും നേരിട്ടും ഓണ്‍ലൈനായും തുടര്‍ച്ചയായ പരിപാടികള്‍ സംഘടിപ്പിക്കുന്നതും സാങ്കേതികവിദ്യാ പിന്തുണയോടെ ആപ്പുകള്‍ ലഭ്യമാക്കുന്നതും വെല്‍നെസ് കോച്ചുകളെ ലഭ്യമാക്കുന്നതും അടക്കമുള്ളവയിലൂടെ ഉപഭോക്താക്കളെ ഓരോ ഘട്ടത്തിലും മുന്നോട്ടു നയിക്കും. സാങ്കേതികവിദ്യാ പിന്തുണയോടെയുള്ള നിരവധി നീക്കങ്ങളാവും വരും നാളുകളില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുക.
സഞ്ജീവ് മന്ത്രി
എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഐസിഐസിഐ ലോംബാര്ഡ്
ക്ഷേമത്തെ മുന്‍നിരയിലേക്കു കൊണ്ടുവരാന്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് എങ്ങനെയാണു സാധിക്കുക?
09:56 AM Oct 09, 2021 | Deepika.com