പ്രാചീനകാലത്ത് മലമുകളിൽ ഇരുവശവുംനിന്ന് "ഹേ..." എന്നു വിളിച്ച് ആശയവിനിമയം നടത്തിയ മനുഷ്യനിന്ന് "ഹലോ..." എന്നുവിളിച്ച് ഭൂമിക്ക് ഇരുവശവുംനിന്ന് പരസ്പരം ഹൃദയങ്ങൾ കൈമാറുന്നു. ആശയവിനിമയരംഗത്ത് എത്ര വിസ്മയാവഹമായ വികാസമാണ് ലോകത്ത് നടക്കുന്നത്! മൊബൈൽ ഫോണിന്റെ വളർച്ച ഇന്ത്യയിൽ കാൽനൂറ്റാണ്ട് പിന്നിട്ടു.
1995 ജൂലൈ 31ന് കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം ഡൽഹിയിൽ നിന്നും പശ്ചിമബംഗാളിലെ മുഖ്യമന്ത്രി ജ്യോതിബസുവിനെ കൽക്കട്ടയിലേക്ക് വിളിച്ചാണ് ആദ്യമൊബൈൽകോളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഇന്ന്, ഏറ്റവുമധികം ഫോൺ ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇതിനെല്ലാം വളരെ മുൻപ്, "കറക്കുന്ന ടെലിഫോൺ" പ്രചാരത്തിൽ വന്ന ഒരുകാലം നമുക്കോർക്കാം.
ലാൻഡ് ഫോൺ എല്ലാവരുടെയും സ്വപ്നമായിരുന്നു അന്ന്.
ടെലിഫോൺ എന്നത് പൊങ്ങച്ചത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതിരൂപമായിരുന്ന കാലത്തുനടന്ന സംഭവത്തിലെ നായകൻ ഒരു വക്കീലാണ്.
പിന്നീട് ഏറെ പ്രശസ്തനായ അദ്ദേഹത്തിന്റെ അഭിഭാഷകവൃത്തിയുടെ ആദ്യകാലമായിരുന്നു അത്.
ധാരാളം കേസുകളുള്ള തിരക്കേറിയ വക്കീലാണ് താനെന്ന് മാലോകരെ ബോധ്യപ്പെടുത്താനായി കേസുകെട്ടുകൾ അലമാരിയിൽ ധാരാളമായി അടുക്കി വച്ചിട്ടുണ്ട്.
ആ പ്രദേശത്ത് അന്ന് അപൂർവ വസ്തുവായ ഒരു ലാൻഡ് ഫോൺ ആ വക്കീലോഫീസിൽ കിട്ടിയ സന്തോഷത്തിലുമാണ്.
അങ്ങനെ കക്ഷികൾക്കായി ഓഫീസിൽ കാത്തിരിക്കുന്ന സമയത്താണ് , പ്രതീക്ഷിച്ചതു പോലെ തന്നെ ഒരാൾ വക്കീലോഫീസിലേക്ക് വരുന്നത് ഡോറിന്റെ ഗ്ലാസിലൂടെ അദ്ദേഹം കണ്ടത്.
പുതിയ ഫോണിന്റെ മനോഹരവും തിളക്കമുള്ളതുമായ റിസീവർ പിടിച്ച് സാങ്കൽപ്പികമായ ഒരു സംഭാഷണവും അദ്ദേഹം ആരംഭിച്ചു.
ഡോറിന്റെ അടുത്തെത്തിയ അപരിചിതനോട് അകത്തേക്ക് വരാൻ ആഗ്യംകാണിച്ച് ഫോണിലെ സംഭാഷണം അദ്ദേഹം തുടർന്നു...
"മിസ്റ്റർ റോബർട്ട് ...താങ്കളുടെ കമ്പനിയുടെ കേസിൽ ഇന്ന് ഞാൻ കോടതിയിൽ ഹാജരാകും...
മിസ്റ്റർ രാമകൃഷ്ണൻ ഇന്ന് രാവിലെ എന്നെ ഫോണിൽ വിളിച്ചിരുന്നു. രണ്ട് കോടിയുടെ ആ നഷ്ടപരിഹാരക്കേസ് എങ്ങനെയെങ്കിലും ഒത്തുതീർപ്പാക്കണമെന്ന് പറയാൻ ... ഐ വാസ് റ്റൂ ബിസി വിത്ത് അതർ കേസസ്...പക്ഷേ നിങ്ങളെ അങ്ങനെ ഒഴിവാക്കാൻ എനിക്കാകില്ലല്ലോ...
(ഓഫീസിനകത്തു വന്നയാളോട്
ഇരിക്കാൻ ആഗ്യം കാണിച്ചുകൊണ്ട് ഫോണിൽ സംഭാഷണം തുടരുന്നു.)
യെസ്... യെസ് .... ഞാൻ പിന്നെ വിളിക്കാം.. അല്പം തിരക്കിലാണു ഞാൻ..
ഓക്കേ.... ഗുഡ്ബൈ...’
റിസീവർ വച്ചതിനുശേഷം
വക്കീൽ ആഗതനെനോക്കി
വക്കീൽ: "താങ്കൾ ഇരിക്കാത്തതെന്തേ?’
വന്നയാൾ: "സോറി സർ... ഞാൻ ടെലിഫോൺ എക്സേഞ്ചിൽ നിന്നുംവന്നതാണ്.., ഈ ഫോണിന് കണക്ഷൻ നൽകാൻ!"
നർമ്മവിസ്താരം: അഡ്വ. ഡി.ബി. ബിനു
വക്കീൽ തിരക്കിലാണ് !
04:19 AM Nov 22, 2020 | Deepika.com