മോൻസന്റെ തട്ടിപ്പിനു മറയായിരുന്നു ആഡംബര കാറുകള്‍. ഓരോ യാത്രയ്ക്കും ഒന്നും രണ്ടും ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു.വാഹനങ്ങളില്‍ പലതിന്റെയും വിശദാംശങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍ പോലുമില്ല.
ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര രജിസ്ട്രേഷനുകളിലുള്ളവാണ് ഏറിയ പങ്കും വാഹനങ്ങൾ. പണം നല്‍കുന്നവരെ വശീകരിക്കാന്‍ കോടിക്കണക്കിനു രൂപയുടെ വിദേശ ആഡംബര കാറുകളുടെയടക്കം നീണ്ടനിരയായിരുന്നു മോന്സന് കാണിച്ചിരുന്നത്. ലക്ഷങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്കു ഉപയോഗിക്കാനായി കാറുകളും നല്‍കും.
ആഡംബര കാറുകള്‍ മാറിമാറി ഉപയോഗിച്ചിരുന്ന മോന്സന് മാവുങ്കലിന്റെ ഉടമസ്ഥതയില്‍ ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസ് പരിധിയില്‍ ഒരു വാഹനം പോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. ഉപയോഗിച്ചതെല്ലാം മറ്റുള്ളവരുടെ പേരിലുള്ള വാഹനങ്ങള്‍.
മോന്‍സന്റെ ഭാര്യയുടെ പേരില്‍ ഒരു കാറുണ്ട്. മോന്‍സന്റെ ചേര്‍ത്തലയിലേയും കൊച്ചിയിലേയും വീടുകളിലുള്ളത് അരക്കോടിയില്‍പരം വിലയുള്ള ഇതരസംസ്ഥാന രജിസ്ട്രേഷനിലുള്ള ആഡംബര കാറുകളാണ്. പ്രളയത്തില്പെട്ടതും പഴയതുമായ വാഹനങ്ങളാണ് ഏറിയപങ്കും.
കരീനകപൂറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പോര്‍ഷെ കാറും ആഡംബര കാരവനും അടക്കം ഇരുപതോളം വാഹനങ്ങള്‍ കോടതി ഉത്തരവു പ്രകാരം ചേര്‍ത്തല പോലീസ് സ്റ്റേഷനിലുമുണ്ട്.
2020 ഒക്ടോബറിലാണ് ഇവ പിടിച്ചെടുത്തത്. ആലപ്പുഴയിലെ മറ്റൊരു ഗ്രൂപ്പുമായുള്ള കാര്‍ വാടകത്തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്.
ബന്ധങ്ങളില്ല
ചേര്‍ത്തലയില്‍ അധികം ബന്ധങ്ങളൊന്നും മോന്സനുണ്ടായിരുന്നില്ല, ഉണ്ടാക്കിയിരുന്നില്ലെന്നതാകും ശരി. മകളുടെ വിവാഹ നിശ്ചയ ചടങ്ങിനിടെയായിരുന്നു അറസ്റ്റ്. പരിപാടിക്കു അയല്‍ക്കാരെ പോലും ക്ഷണിച്ചിരുന്നില്ല.
വന്കാറുകളടക്കം വലിയ പുള്ളികള്‍ പലരും പക്ഷേ, ഇവിടേക്കെത്തിയിരുന്നു. നാട്ടിലടക്കം മോന്‍സനെതിരെ പോലീസില്‍ പരാതികള്‍ ചെന്നിരുന്നെങ്കിലും പലതും മുന്നോട്ടുപോയിരുന്നില്ല.
പോലീസിലെ പിടിപാടു തന്നെയായിരുന്നു കാരണം. അറസ്റ്റു ചെയ്യുന്ന ദിവസം മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പോലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെ ചടങ്ങിനെത്തിയിരുന്നുവെന്നുമടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ഇതിനോടു ചേര്‍ത്തു വായിക്കാം.
മോന്‍സന്റെ അറസ്റ്റു വിവരവും കഥകളും പുറത്തുവന്നതോടെ ബന്ധുക്കളും നാട്ടുകാരില്‍ ചിലരും തങ്ങളുടെ പണം നഷ്ടപ്പെട്ട വിവരവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ നിരവധി പേര്‍ക്കു സഹായങ്ങള്‍ ചെയ്തിട്ടുള്ള കഥകളും പ്രചരിക്കുന്നുണ്ട്.
(തുടരും)
തട്ടിപ്പിനു മറയിട്ടത് കാറുകൾ
12:17 PM Oct 07, 2021 | Deepika.com