പൊവേലിയ ദ്വീപ് അറിയപ്പെടുന്നത് പ്രേത ദ്വീപ് എന്നാണ്. വടക്കൻ ഇറ്റലിയിൽ വെനീസിനും ലിഡോയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് പൊവേലിയ. പ്രേതങ്ങളില്ല, എന്നു വിശ്വസിക്കുന്നവർ പോലും ഈ ദ്വീപിലെത്താൻ ഒന്നു ഭയക്കും. ഇപ്പോൾ ഈ ദ്വീപിൽ ആൾത്താമസം ഇല്ല. പക്ഷേ പതിറ്റാണ്ടുകൾക്ക് അപ്പുറം ഇവിടെ താമസക്കാരുണ്ടായിരുന്നു. ഒരു പാട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു ഇവിടം.
പ്ലേഗിൽ തുടങ്ങിയ കഷ്ടകാലം
വർഷങ്ങൾക്ക് മുന്പ് യൂറോപ്പിനെ പിടിച്ചുകുലുക്കിയ കറുത്ത മഹാമാരി എന്ന പ്ലേഗ് രോഗത്തോടെയാണ് ഈ ദ്വീപിന്റെ കഷ്ടകാലം തുടങ്ങിയത്. ഏതാണ്ട് 20കോടിയോളം ജനങ്ങൾ അക്കാലത്ത് പ്ലേഗ് രോഗം വന്നു മരിച്ചതായാണ് കണക്ക്.
ആളുകൾ കൂട്ടത്തോടെ ഇറ്റലിയുടെ പല ഭാഗങ്ങളിൽ മരിച്ചുകൊണ്ടേയിരുന്നു. മരിക്കുന്നവരെയെല്ലാം മറവു ചെയ്യാൻ സ്ഥലം തികയാതെ വന്നു. അങ്ങനെയാണ് പൊവേലിയ ദ്വീപ് അധികൃതരുടെ കണ്ണിൽപ്പെടുന്നത്. ദ്വീപിൽ അക്കാലത്ത് താമസക്കാർ കുറവായിരുന്നു.
വളരെപെട്ടെന്ന് പകരുന്ന രോഗമായതിനാൽ കൂടുതലൊന്നും ആലോചിക്കാൻ അധികൃതർ സമയം കളഞ്ഞില്ല. പ്ലേഗ് വന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഈ ദ്വീപിലേക്ക് കൊണ്ടുവന്നു. എന്നിട്ട് വലിയ കുഴിയെടുത്ത് കൂട്ടത്തോടെ സംസ്കരിച്ചു.
ചിന്തിക്കാൻ പോലും പേടി
രോഗാണുക്കളെ എത്രയും പെട്ടെന്ന് കുഴിച്ചുമൂടാനുള്ള വ്യഗ്രതയിൽ മറവു ചെയ്ത മൃതദേഹങ്ങൾക്ക് മാനുഷിക പരിഗണന പോലും ആരും കൊടുത്തിരുന്നില്ല. പരന്പരാഗത രീതിയിലുള്ള സംസ്കാരത്തിനു പോലും വിധിയുണ്ടായില്ല. അവർ മണ്ണിൽത്തന്നെ അഴുകിത്തീരുകയായിരുന്നു.
എന്നാൽ പ്ലേഗ് കൊണ്ടും തീർന്നില്ല ഈ പ്രേതദ്വീപിന്റെ ദുർവിധി. കറുത്ത മഹാമാരി ഇല്ലാതായെങ്കിലും പിന്നീട് ആർക്കെങ്കിലും മാറാരോഗങ്ങളോ പകർച്ചവ്യാധിയോ ബാധിച്ചാല് അവരെ കൊണ്ടുതള്ളാനുള്ള ഇടമായും മാറി പൊവേലിയ. ഇവിടെ കുഴിച്ചിട്ടവരിൽ മരിച്ചവർ മാത്രമല്ല, രോഗം വന്ന് പാതി ജീവനോടെ കഴിഞ്ഞവരും ഉണ്ടത്രേ. ഈ സംഭവത്തോടെ പൊവേലിയ ദ്വീപിലേക്ക് പോകാൻ ആളുകൾ ഭയപ്പെട്ടു. ഭയപ്പാടോടെ അല്ലാതെ ഈ ദ്വീപിനെക്കുറിച്ച് ചിന്തിക്കുക പോലും പ്രയാസമായി.
(തുടരും)
തയാറാക്കിയത്: നിയാസ് മുസ്തഫ
ആളുകൾ ഭയപ്പെടുന്ന "പൊവേലിയ' ദ്വീപ്
12:54 PM Sep 10, 2021 | Deepika.com